രചന : ജയൻ മണ്ണൂർകോഡ് ✍

അന്നവരെയെഴുതുമ്പോൾ..
രണ്ടു ശരീരങ്ങൾ പരിചയത്തിന്റെ
പൂമുഖപ്പടിയിലിരുന്നു
വർത്തമാനങ്ങൾ ചേർച്ചകളുടെ കോണി കയറി
ഇഷ്ടാകാശങ്ങളിൽ നേരം മറന്നു
രണ്ടെതിർദൂരങ്ങൾ അനിവാര്യമായിട്ടും
വിടുവാൻ വിരലുകൾ മടിച്ചു നിന്നു
ഒരു മഴപ്പകൽ പെൺകടലിൽ ഉരുകിവീണു
ഉദയങ്ങൾക്കെന്നും സന്ദേശച്ചോപ്പുനിറം
ഉണർവുകളിൽ കാത്തിരിപ്പിന്റെ വിളിക്കൊഞ്ചൽ..
ഇളമയുടെ അതിദാഹത്തൊണ്ടകൾ
കഠിനപ്പശിയുടെ വെയിൽമനങ്ങൾ
ഒന്നിച്ചൊരുനാളാ രാവിൻ നിലാച്ചെരിവിൽ
സ്വയം മറക്കുന്ന സുതാര്യസ്പർശങ്ങൾ
കാമി,കാമിനീ സ്വകാര്യസ്പർശങ്ങൾ
സമൂഹക്കണ്ണുകളുടെ വിധിനോട്ടങ്ങൾ
തീർപ്പാളുകളുടെ വീണ്ടുമതേ തുടരുടമ്പടികൾ..
ഇന്നവരെയെഴുതുമ്പോൾ..
“നൻപനേ, സൗഖ്യമാ”?
ഹാസ്യരസത്തിന്റെ സുഖസ്ഥിതിച്ചോദ്യം
പ്രാക്കിന്റെ കെട്ടങ്ങഴിച്ചയൽക്കാരി
“ശല്യപ്പെണ്ണേ, മോങ്ങാണ്ടിരുന്നോ
നിന്റെ ചെറുവാശിക്കു ചെവികൊടുക്കാൻ
നിന്റച്ചനൊന്നും അംബാനിയല്ല
അഞ്ചുരൂപക്കു പൊട്ടുവാങ്ങാൻ പറഞ്ഞിട്ടഞ്ചാഴ്ചയായി ഞാൻ, മിണ്ടാതിരുന്നോ
ഇറച്ചി വാങ്ങാനിന്നലേം പറഞ്ഞു ഞാൻ
ഇറച്ചിക്കടയെന്നും ലീവാണു പോലും
നല്ലൊരു സാരി, നിനക്കൊരുടുപ്പ്
പറഞ്ഞുമതിയായി,യപ്പണി നിർത്തി ഞാൻ
തേച്ചുമിനുക്കീട്ടു പോകുന്ന കണ്ടാൽ
ഏതു കലക്ടറാണെന്നു തോന്നും മാത്രം
കടം വാങ്ങുന്ന കളക്ടറാണെന്ന്
ഊരുമൊത്തം പറയുന്നു, സത്യം
വീണ്ടും ചിണുങ്ങുന്നാ കുഞ്ഞഴക്
കലികൊണ്ടു നിൽക്കയാണാ അയൽക്കാരി..
പ്രണയങ്ങൾ, വിരഹങ്ങൾ,നാസ്തികം
തത്വങ്ങൾ, മനസ്സിൽ തുളക്കും ചിന്തകൾ
കൊണ്ടെന്നെയെന്നും ഭ്രമിപ്പിച്ച മിത്രമേ
“നൻപനേ,നാമിനി കവിത മറക്കുക
നൻപനേ നാമിനി കവിതയിൽ മരിക്കുക!

ജയൻ മണ്ണൂർകോഡ്

By ivayana