രചന : മനോജ്‌ കാലടി✍

നാടിന്റെവിരിമാറിൽ നൃത്തം ചവിട്ടുന്നു
അവ്യക്തരൂപങ്ങൾ നിഴലുകളായ്.
മതമെന്നവൻമതിൽ തീർക്കുമീനിഴലുകൾ
ഇരുളാർന്നനാളെകൾ നാടിനേകും.

അക്ഷരമുത്തുകൾ സമ്പന്നമാക്കേണ്ട
വിദ്യാലയത്തിന്നകത്തളങ്ങൾ
മതചിന്തകൾമെല്ലെ മുളപൊട്ടിടുമ്പോൾ
ശിലായുഗം പോലും തോറ്റിടുന്നു.

കളങ്കങ്ങളേശാത്ത ഹൃദയങ്ങൾക്കുള്ളിൽ
വിഷവിത്ത് പാകുന്നു പലരുമിന്ന്.
നാളെ വിരിയേണ്ട പൂമൊട്ടിനരികിലായ്‌
വർഗ്ഗീയഭ്രമരങ്ങൾ മൂളിടുന്നു.

അറിവിന്റെ അത്ഭുതലോകം വരക്കേണ്ട
വിദ്യാലയങ്ങൾ സ്വതന്ത്രമാക്കാം
മതവും രാഷ്ട്രീയമിഴപിരിഞ്ഞീടുന്ന
രണഭൂമിയല്ല വിദ്യാലയങ്ങൾ.

വിടരട്ടെ മുകുളങ്ങൾ പലവർണ്ണംപ്പേറി
നാടിന്റെ സംസ്കാര ഭൂമികയിൽ
വിഷവിത്ത് പാകാതെ പരിപാലിച്ചീടണം
വിദ്യാലയങ്ങളീ നാടിനായി.

By ivayana