രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍

വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമ വാർഷീകം.

കരക്കാരില്ലാതെ കവികൾ അരങ്ങൊഴിയുന്നു …
സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു .
വാക്കുകൾ അഗ്നിയായി പടർത്തി
അവർ ചാരമായി മാറുമ്പോൾ ബാക്കി വച്ചതൊക്കെ നമുക്ക് വേണ്ടി ..
ഒറ്റവാക്കിലൊതുക്കാതെ
പരത്തി പറഞ്ഞും ഊറി ചിരിച്ചും
പൊട്ടി കരഞ്ഞും ചിതറി തെറിച്ചും അമ്മാനമാടി പദ സഞ്ചയങ്ങൾ .
ഞാനെന്ന ഭാവമില്ലാതെ സൗമ്യമായി
ജീവിച്ചു. മൂന്ന് തലമുറക്കപ്പുറം
കരുതി വെച്ച അക്കവിതകൾ ഇനിയും
വായിച്ചു കൊണ്ടേയിരിക്കും…
“അലി വിനു മീതെ ഒരു വേദമില്ല
അഴലിന് മീതെ ആചാര്യനുമില്ല “
അങ്ങനെ പറയാനാ നമ്പൂതിരി
ഇനിയില്ല, എന്നാലും മലയാള
മണ്ണ് അതേറ്റു ചൊല്ലും ….
ശാന്തിക്കാരനായിരിക്കെ കടല്‍ കടന്ന് പോയതിന്‍റെ പേരിലും കരിക്കുലത്തിൽ കവിതക്ക് മേൽ പഴി കേട്ടപ്പോഴും ശാന്തനായി നിൽക്കാൻ ഇക്കവിക്കായി ..അത്
കവിയായതു കൊണ്ട് മാത്രം ..
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതവും , പ്രണയഗീതങ്ങളും , ഭൂമിഗീതങ്ങളും , ഇന്ത്യയെന്ന വികാരവും , മുഖമെവിടെയും , അതിർത്തിയിലേക്ക് ഒരു യാത്രയും , ആരണ്യകവും അപരാജിതയും , ഉജ്ജയിനിയിലെ രാപകലുകളും , പരിക്രമവും , ശ്രീവല്ലിയും , ഉത്തരായനവും ,പിന്നെ തുളസീദളങ്ങളും , രസക്കുടുക്കയും , വൈഷ്ണവവും ഒക്കെയുമെഴുതിയെങ്കിലും
“അറിവിൽ കവിഞ്ഞൊരു സൂര്യനില്ല
അവനവനിലില്ലാത്ത ദൈവമില്ല “
ഇത് കൂടി പറയുമ്പോൾ മൊത്തം
പറഞ്ഞവസാനിപ്പിച്ചോ എന്നൊരു
തോന്നലും …
പ്രിയ വിഷ്ണു നാരായണൻ നമ്പൂതിരി
അങ്ങേക്കൊരായിരം പ്രണാമം …

By ivayana