രചന : എം ബി ശ്രീകുമാർ ✍
ഫെബ്രുവരി ഇരുപത്തിയാറ്
എന്‍റെ ഫ്ലാറ്റില്‍ പതിനഞ്ചാം നിലയില്‍
വെള്ളിനര വീണ രണ്ടുപേര്‍.
ഇരുപത്തിയാറു വര്‍ഷം മുന്‍പ് തമ്മില്‍ പിരിഞ്ഞ
രണ്ടു പെണ്‍കുട്ടികള്‍
ഉടല്‍ വേഗങ്ങള്‍ ആവേശമുണര്‍ത്തിയ
കത്തിപ്പടരുന്ന തീ പടര്‍പ്പുകളില്‍
മുഖങ്ങള്‍ പരസ്പ്പരം തിരയുന്ന ഗന്ധം
നെറ്റിയിലോ കണ്ണുകളിളോ കവിളുകളിലോ
കഴുത്തിലോ എവിടെ നിന്നാണ്
ചന്ദന മുട്ടികളുടെ ഗന്ധം?
അഴിഞ്ഞു താഴേക്ക് വീഴുന്ന സാരിതലപ്പുകളില്‍
മുലകണ്ണുകളുടെ കാവല്‍ പുരകൾ.
ഭടന്‍മാര്‍ നിഴല്‍ചിത്രങ്ങളുടെ
ആറാട്ട് തീര്‍ക്കുന്നു.
നാസികതുമ്പിലെ ഉപ്പളങ്ങളില്‍
ചന്ദന ലേപങ്ങള്‍ പുകച്ചുരുളുകള്‍ തീര്‍ക്കുന്നു
പിണഞ്ഞു പോയ നാഗങ്ങള്‍.
നാവുകളുടെ ചിത്ര രചന
ആവേശമുണര്‍ത്തിയ കാന്‍വാസുകള്‍.
കാറ്റത്ത് കൊടിക്കൂറകൾ പാറുന്ന ശബ്ദം.
കുതിരപ്പുറത്തു പാറി വരുന്ന രാജകുമാരന്‍.
നമ്മള്‍ രണ്ടു അവിവാഹിതകള്‍
പതിനഞ്ചാം നിലയില്‍നിന്ന്
താഴേക്ക്…
പ്രശാന്തതയുടെ മടിത്തട്ടിലേക്ക്….
ഇതിനായിരുന്നോ നമ്മുടെ നീണ്ട കാത്തിരിപ്പുകള്‍ ?
നിയോഗവും ചുമന്ന്
കടല്‍ കടന്നു ഇവിടെ എത്തിയത്?
ഫെബ്രുവരി ഇരുപത്തിയാറ്
എന്‍റെ ഫ്ലാറ്റില്‍
പതിനഞ്ചാം നിലയില്‍നിന്ന്
ഒഴുകി എത്തിയ കാറ്റില്‍
വെള്ളിനരകള്‍ വീണ
മഞ്ഞു കൊണ്ട നമ്മള്‍.
ഇരുപത്തിയാറു വര്‍ഷം മുന്‍പ് തമ്മില്‍ പിരിഞ്ഞ
രണ്ടു പെണ്‍കുട്ടികളുടെ മനസ്സും
രൂപവും
ഒരിക്കലും മറന്നുപോകാതെ…….
താഴേയ്ക്ക് …..