രചന : ടി.എം. നവാസ് വളാഞ്ചേരി ✍

പ്രവാസി വാക്കു കേൾക്കാൻ രസം.പറയാൻ രസം . വറ്റാത്ത കറവ പശുവായി പ്രവാസിയെ കാണുന്നവർ അറിയുന്നില്ല പ്രവാസ ലോകത്തെ ആടുജീവിതങ്ങളെ. ഉള്ളിൽ നോവുപേറി കരിഞ്ഞുണങ്ങിയ സ്വപ്ന
ങ്ങളുമായി എരിഞ്ഞടങ്ങുന്ന ഒട്ടേറെ പേരുണ്ട് പ്രവാസ ലോകത്ത്. സ്വപ്നങ്ങൾ നെയ്ത് കാത്തിരിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യർ.
സ്വപ്ന തുരുത്ത് (കവിത)

ഒരു പച്ചതുരുത്തതിൽ ഒരു കൊട്ട കിനാവുമായി
ഒരു പക്ഷി അകലേക്ക് പറന്നകന്നു.
ഉള്ളിൽ ഒരു സ്വപ്നരഥമേറി പറന്നകന്നു.
വ്യഥയാലെ മൊഴിഞ്ഞവൻ ഇണയോടായ്
ക്ഷമിച്ചിടാൻ ഉടനെത്തും കരളേ നിൻ അരികിലായി.
നിന്റെമണിമാരൻ പറന്നെത്തും രഥമതേറി.
കിനാ കണ്ട പുഴയിതിൽ തുഴ വേണം തുഴഞ്ഞിടാൻ
ചെരിയാതെ മറിയാതെ തുഴഞ്ഞിടണം ലക്ഷ്യം
കര കാണാൻ കടലേഴും കടന്നീടേണം.
അനന്തമാം മരുഭൂവിൽ വെയിലേറ്റ് ഉരുകുമ്പോൾ
മറപ്പിക്കും വെയിലിനെ തണൽ മരങ്ങൾ അങ്ങ്
അകലെയായ് വളർത്തിടും തണൽ മരങ്ങൾ .
ഒരു കൊച്ചു മുറിയതിൽ ഒരു കൂട്ടം മനുഷ്യരും
ഒരു കൊട്ടകിനാക്കളും വസിച്ചിടുന്നു.
ഒന്നായ് ഒരുമയായ് ഒരു കൂട്ടിൽ കഴിഞ്ഞിടുന്നു.
അറിഞ്ഞതോ അറിഞ്ഞപ്പോൾ കരയിതിൽ അണഞ്ഞപ്പോൾ
കര കാണാൻ കര കേറി തുരുത്തു തേടി.
നെയ്ത കിനാക്കൾ തൻ വല നെയ്യാൻ ഒരുമിച്ചപ്പോൾ.
പകർന്നാടി പരസ്പരം വിരിഞ്ഞപ്പോൾ
കിനാക്കളും തുഴഞ്ഞവർ പതിയെയാ പുഴയിലൂടെ
ഒന്നായ് കരകേറാൻ തുഴഞ്ഞവർ
കരുതലോടെഅണഞ്ഞെത്തി കര തന്നിൽ
തണൽ മരമതിൻ ചോട്ടിൽ തണലേകാൻതലോടാനായ് പലരുമെത്തി.
കണ്ണിൽ പല തര വികാരങ്ങൾ കനൽ പടർത്തി.
കരം കവർന്നവരൊക്കെ കരം ചൂട് പകർന്നപ്പോൾ
കരമോതികരുതലിൻ കരമേതെന്ന്
നമ്മെകര കേറ്റാൻ കൊതിച്ചിടും കരമേതെന്ന് .
വെയിലതിൽ കുരുത്തിട്ട് കരുത്തേകാൻ പഠിപ്പിച്ച
പ്രവാസത്തിൻ പരീക്ഷകൾ ജയിച്ചു വന്നാൽ
പിന്നെ കയറിടാം മലയേതും മടികൂടാതെ
ത്യജിച്ചൊരാ ജീവിതത്തെ പലർക്കായി പൊലിവേകാൻ
സ്വയം കത്തിയെരിഞ്ഞിടും തിരിയായ് മാറിഅവൻ
കനിവിന്റെ നിനവിന്റെ മഴപ്പെയ്ത്തായ്.

ടി.എം. നവാസ് വളാഞ്ചേരി

By ivayana