രചന : ജസീന നാലകത്ത് ✍
ആദ്യ രാത്രിയിൽ അവൾ അയാളുടെ നെഞ്ചോടമർന്ന് കിടക്കുമ്പോൾ ചോദിച്ചു.
ഇക്കാ… ഇക്ക ആരേലും പ്രേമിച്ചിട്ടുണ്ടോ?
ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കാൻ വരുവായിരുന്നു സുമീ.. ഇനിയിപ്പോ നമുക്ക് നമ്മുടെ ലോകം.. ബാക്കിയുള്ളതൊന്നും നമ്മുടെ ജീവിതത്തെ ബാധിക്കില്ല.. അയാൾ മറുപടി പറഞ്ഞു…
ന്നാലും ഇക്കാ അറിയാനൊരു ആകാംക്ഷ…
ഇന്ന് നമ്മടെ ആദ്യ രാത്രിയാണ് ഓരോന്ന് ചോദിച്ച് മൂഡ് കളയണ്ട. ഇതൊക്കെ കല്യാണത്തിന് മുമ്പ് നമ്മൾ സംസാരിച്ചപ്പോൾ ചോദിച്ചൂടായിരുന്നോ?
അതറിയാഞ്ഞിട്ടല്ല… അന്നേരം ഇക്കാടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ എന്ന് ഇതുപോലെ അറിയാൻ കഴിയില്ലല്ലോ… അവൾ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തിക്കൊണ്ട് ചോദിച്ചു…
എന്റെ പൊന്നു പെണ്ണേ നിനക്കറിഞ്ഞേ തീരൂ എങ്കിൽ ഞാൻ പറയാം.. നമ്മൾ തമ്മിൽ ഒരു മറയുടെ ആവശ്യമില്ലല്ലോ… ഞാൻ പ്രേമിച്ച പെണ്ണിനെത്തന്നെയായിരുന്നു നിക്കാഹ് ചെയ്തതും. ഓട്ടോ ഡ്രൈവറായിരുന്ന ഞാൻ ഗൾഫിലേക്കൊരു ഓഫർ കിട്ടിയപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. നിക്കാഹ് കഴിഞ്ഞത് കൊണ്ട് ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ഞാൻ ഗൾഫിൽ പോകുന്ന തലേന്ന് ഞങ്ങൾ ഒത്തിരി കരഞ്ഞാണ് വേർപിരിഞ്ഞത്. രണ്ട് വർഷം കഴിഞ്ഞല്ലേയുണ്ടാകൂ ഇനിയൊരു കൂടിക്കാഴ്ച്ച. അതും പറഞ്ഞ് പിരിഞ്ഞ് ഞാൻ ഗൾഫിലേക്ക് പറന്നു…
അപ്പോൾ നിങ്ങൾ കടുത്ത പ്രണയമായിരുന്നല്ലേ? അവൾ ഇടയ്ക്ക് കയറി ചോദിച്ചു.
ഹ്മ്.. അന്ന് അങ്ങനെയൊക്കെയായിരുന്നു. വീട്ടിൽ ഒറ്റ മോനായത് കൊണ്ട് ഉമ്മിയും എതിർത്തില്ല.
ഇക്ക ബാക്കി പറ.. കേൾക്കട്ടെ..
ബാക്കിയെന്ത് പറയാൻ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അവളെന്നെ തേച്ചൊട്ടിച്ചു. അവൾക്ക് ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അവൾ പി എസ് സി കോച്ചിംഗിന് ഓൺലൈനായി ചേർന്നു. ആ ഗ്രൂപ്പിൽ നിന്നൊരുത്തൻ അവളേം കൊണ്ട് പോയി…
ഇക്ക എന്നെ കല്യാണലോചിച്ചു വന്നപ്പോൾ ആദ്യ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിയതാണെന്ന് മാത്രം ഞാൻ അറിഞ്ഞു. ഡീറ്റെയിൽസ് അന്വേഷിച്ചപ്പോൾ തെറ്റ് അവളുടേതാണെന്ന് വീട്ടുകാർ കണ്ടെത്തിയത്തോടെയാണ് വിവാഹം ഉറപ്പിച്ചത്.
ഇക്ക അവളിനി തിരിച്ചു വന്നാൽ സ്വീകരിക്കുമോ?
എന്റെ പട്ടി സ്വീകരിക്കും.. നമ്മെ വേണ്ടാതെ പോയവരെ എങ്ങനെയാ മോളെ തിരിച്ചു വന്നാലും വിശ്വസിക്കുക?
ആട്ടെ.. ഞാനിത്രേം പറഞ്ഞ സ്ഥിതിക്ക് നിന്റെ പ്രേമം കൂടി പുറത്ത് വരട്ടെ…
അത്.. അത് ഷറഫുക്കാ എന്നെയൊക്കെ ആര് പ്രേമിക്കാനാ..
അങ്ങനെയൊന്നും പറയല്ലേ.. നിനക്ക് ഞാനുണ്ടല്ലോ… ദാ എന്നും ഇങ്ങനെ ചേർത്തുപിടിക്കാൻ… അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…
ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു തുടങ്ങി…
എനിക്കും ഒരാളെ ഇഷ്ടമായിരുന്നു. ഇഷ്ടമെന്ന് വെച്ചാൽ വെറും ഇഷ്ടമല്ല എന്റെ ജീവനായിരുന്നു അയാൾ. എന്ത് കൊണ്ട് അങ്ങനെ അന്ന് തോന്നിയെന്ന് എനിക്കിപ്പോഴും അറിയില്ല. അയാൾ നല്ല സൗന്ദര്യവാനായത് കൊണ്ട് അയാളോട് പറയാനൊരു പേടി. പിന്നെ പെമ്പിള്ളേർ പ്രണയം തുറന്നു പറയുന്നത് എന്തോ ഒരു വലിയ അപരാധമാണെന്ന് ഞാനും പണ്ടൊക്കെ വിശ്വസിച്ചിരുന്നു. എന്റെ ഫ്രണ്ട്‌സൊക്കെ അയാളോട് പറയാൻ പുറപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല. കോളേജിനടുത്തുള്ള ബസ് സ്റ്റോപ്പിലെ ഓട്ടോ ഡ്രൈവർ. പഠനം കഴിഞ്ഞപ്പോൾ അയാളെ കാണാതെയായി. അയാളുടെ പേരോ നാടോ ഒന്നും എനിക്കറിയില്ല. എന്നിട്ടും അയാളോടൊപ്പമുള്ള ജീവിതം മാത്രം സ്വപ്നം കണ്ടു ഞാൻ…
നീ പഠിച്ച കോളേജിനടുത്തായിരുന്നല്ലോ ഞാനും ഓട്ടോ ഓടിച്ചിരുന്നത്. ഒരിക്കൽ പോലും നിന്നെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. നമ്മുടെ വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് നീ അവിടെയാണ് പഠിച്ചതെന്നു പോലും ഞാൻ അറിഞ്ഞത്. അപ്പൊ എന്റെ കൂട്ടുകാർ ആരെങ്കിലുമാകുമല്ലോ…
എന്നിട്ട്.. എന്നിട്ട്? അവസാനം അയാൾ അറിഞ്ഞോ? അയാളെ നീ കണ്ടെത്തിയോ? നീയന്ന് പറയാതിരുന്നത് നന്നായി അതുകൊണ്ടല്ലേ ഇത്രേം വലിയൊരു മനസ്സുള്ള നിന്നെ എനിക്ക് കിട്ടിയത്.
അത്… ഇക്കാ… അവൾ ദീർഘശ്വാസം വിട്ടു… വർഷങ്ങൾക്ക് ശേഷം ഞാൻ അറിഞ്ഞു അയാൾ നിക്കാഹ് ചെയ്ത ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ് ഗൾഫിലായിരുന്ന അയാൾ തിരിച്ചു വന്നെന്ന്…
അയാളുടെ പേരെന്താ? ഞാൻ അറിയുന്നവനാണോ നോക്കട്ടെ…
ഹോ… എന്റെ അതേ ഗതികേടാണല്ലോ അയാൾക്കും… ചതിയും വഞ്ചനയും മാത്രമേ നടക്കുന്നുള്ളോ ഈ ലോകത്ത്? എങ്ങനെയാ നീ ഈ കഥയറിഞ്ഞത്?
ഞാൻ എങ്ങനെ അറിയാതിരിക്കും? അയാളല്ലേ എന്നെ വിവാഹമാലോചിച്ചു വന്നതും ഇന്ന് ഞാൻ അയാളുടെ ഭാര്യയായി ആ നെഞ്ചോട് ചേർന്നു ദാ ഇങ്ങനെ കിടക്കുന്നതും… അവൾ അവനെ ഒന്നുകൂടി അടുപ്പിച്ചു കിടത്തിക്കൊണ്ട് പറഞ്ഞു…
ഒരു നെടുവീർപ്പോടെ അയാൾ അവളോട് ചോദിച്ചു. ങേ… ഞാനോ? അതും പറഞ്ഞുകൊണ്ട് അയാൾ ബെഡിൽ നിന്നെണീക്കാനൊരുങ്ങി..
അവൾ അയാളെ എണീക്കാൻ സമ്മതിച്ചില്ല..
അതെ, എന്റെ ഇക്കാനെ സ്വപ്നം കണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അന്ന് ഞാനത് തുറന്നു പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ പ്രണയമറിഞ്ഞു ഞാൻ തകരുമായിരുന്നു. ശരിയാണ്, അന്ന് ഞാനത് പറയാത്തത് നന്നായി. പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇക്കാനെ നഷ്ടപ്പെടുമായിരുന്നു.
ഇക്കാക്ക് വേറെ ബന്ധമുള്ളത് കൊണ്ട് എന്നെ ഒഴിവാക്കിയാൽ പിന്നെ എന്നെ വിവാഹമാലോചിച്ചു വരാൻ ഇക്കയുടെ മനസ്സ് വിസമ്മതിക്കില്ലേ? രണ്ടാം വിവാഹമാണെന്നറിഞ്ഞിട്ടും ഒന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചതും ഇക്കയായതുകൊണ്ട് മാത്രമാണ്. എത്രയോ പണക്കാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ആലോചന വന്നിട്ടുണ്ട്. അന്നൊക്കെ ജോലി ആയിട്ട് മതിയെന്ന് പറഞ്ഞു ഞാൻ ഒഴിവാക്കി. ഇതിന് സമ്മതിച്ചത് കണ്ട് വീട്ടുകാർക്കൊക്കെ അതിശയമായിരുന്നു. എന്റെ പ്രണയം ആത്മാർത്ഥമാണെന്ന് എനിക്കറിയാം. ഇനി ഇക്കയും അത് മനസ്സിലാക്കണം.
എന്ത് പറയണമെന്നറിയാതെ അയാളുടെ മിഴികൾ നിറഞ്ഞൊഴുകി… ഞാനെന്താ പറയാ മോളെ…
ഈ പ്രണയം എല്ലാവരുടെയും മനസ്സിലുണ്ടാകും. അത് ആർക്ക് ആരോട് എപ്പോൾ തോന്നുമെന്നൊന്നും അറിയില്ലല്ലോ. ഇതിന്റെ പേരിൽ ഇക്ക വിഷമിക്കണ്ട. പാസ്റ്റ് ഈസ് പാസ്റ്റ്… ഇക്ക.. ഇനി ഒന്നും പറയണ്ട.. കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി നമുക്ക് നമ്മുടെ ലോകം.. അവൾ അയാളെ സംസാരം തുടരാൻ അനുവദിക്കാതെ അയാളുടെ വാ പൊത്തി… അയാളുടെ നനഞ്ഞ മിഴികൾ കരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു. ആ മിഴികളിൽ അവൾ അയാൾക്ക് ആദ്യ ചുംബനമേകി…
തുറന്നു പറയാത്ത പ്രണയം സഫലീകരിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതി നിർവ്വചിക്കാനാവാത്തതാണ്. പ്രണയം അനശ്വരമാകുമ്പോൾ പടച്ചോൻ എന്തെങ്കിലുമൊരു വഴിത്തിരിവ് കൊണ്ടുവന്ന് അതിലേക്ക് എത്തിക്കുമായിരിക്കും അല്ലേ ഇക്കാ? അവൾ ഒരു ചെറുപുഞ്ചിരിയാലെ അയാളുടെ താടിയിൽ പിടിച്ചു കുലുക്കി…
പ്രണയകഥ കൊണ്ട് നേരം പോയതറിഞ്ഞില്ല സമയം പതിനൊന്നു കഴിഞ്ഞു.. ഇന്ന് നമ്മുടെ ആദ്യ രാത്രിയാ മറക്കണ്ട… ലൈറ്റ് ഓഫ് ചെയ്യ്… അവൻ അവളെ പുതപ്പിനുള്ളിലേക്ക് സ്നേഹത്തോടെ വലിച്ചടുപ്പിച്ചു…. പ്രേമവും കാമവും സംഗമിക്കുന്ന പുതിയൊരു മാസ്മരിക ലോകത്തേക്ക് അവർ പ്രയാണമാരംഭിച്ചു…