രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

പണ്ടൊരുപഹയൻ പള്ളീലച്ചൻ;
ഇണ്ടൽമുഴുത്തു പറഞ്ഞൊരുകാര്യം,
കണ്ടവർ കണ്ടവരെല്ലാമെല്ലാം
ചെണ്ടകൾകൊട്ടി മുഴക്കീ,നാട്ടിൽ!

ചങ്കുതകർന്നുപിടഞ്ഞൂ,പാതിരി,
പങ്കമതെന്നേ പറയാനാവൂ!
അങ്കണവാടിയിലുളെളാരു സിസ്റ്റർ,
നങ്കടീച്ചറുകേട്ടഥ ഞെട്ടി!

പള്ളിയിലായതു പാട്ടായ് മാറി,
ഭള്ളു മുഴുത്താലെന്തു ചികിൽസ!
പള്ളിയിൽനിന്നും മുങ്ങിനടന്നു,
പള്ളീലച്ചൻ പലകുറിയയ്യോ!

അങ്കണവാടിയിലുള്ളോരിൽ ചിലർ,
നങ്കയൊടോതീ,പരിഹാസങ്ങൾ
സങ്കടമെന്നേ പറയേണ്ടൂഹാ!
നങ്കപിടിച്ചതു പുലിവാലെന്നോ?

പള്ളീലൊരു കുർബാനദിവസം,
പള്ളീലച്ചനു പറ്റിയഗുലുമാൽ
പൊല്ലാപ്പായിടുമെന്നൊരു കാര്യം
ഇല്ലൊരുതെല്ലും ചിന്തിച്ചീല!

പുത്തൻളോഹ,യണിഞ്ഞുവരുമ്പോൾ
പത്തരമാറ്റാണവനുടെ മേനി!
അത്തറുകൂടിപ്പൂശീടുകിലോ,
ഇത്തിരിയല്ലവനുള്ളൊരുചേല്!

അച്ചൻപട്ടം കിട്ടിയനാൾമുതൽ,
മെച്ചംതാ,നവനവനീവാസം!
കൊച്ചരിമുല്ലകളെങ്ങാൻ കണ്ടാൽ,
ഇച്ഛയൊടരികെയണച്ചേ,പുൽകും!

തങ്കംപോലൊരു കുഞ്ഞുപിറന്നൂ,
നങ്കയ്ക്കങ്ങനെ നാളുകൾ ചെല്ലേ!
കെങ്കേമം പാതിരി,സുവിശേഷം!
ശൃംഗാരംതുടരൂ,പുനരെന്നും

കന്യാരത്നംപോലവളേവം,
ധന്യതയാർന്നൊരു കൂസലുമില്ലാ-
തങ്കണവാടിക്കധിപതിയായി,
ഹുങ്കാർന്നഹഹ വിലസ്സുകയല്ലീ!

പള്ളീക്കാര്യം പരമപവിത്രം!
പള്ളീക്കാര്യം പരമവിചിത്രം!
കൊള്ളാനാവില്ലെന്നൊരുകൂട്ടർ,
തള്ളാനാവി,ല്ലാർക്കുമതെന്നാൽ!

ക്രിസ്തുജനിച്ചതുപുൽക്കുടിൽതന്നിൽ
ക്രിസ്തുമരിച്ചതു മുൾക്കുരിശൊന്നിൽ!
ക്രിസ്ത്യാനിക്കതറിഞ്ഞീടാഞ്ഞാൽ
ക്രിസ്തുവതെങ്ങനെയൊട്ടു പൊറുക്കും!

എന്തിനുപറയുന്നേഷണി വെറുതേ,
സന്തതമങ്ങനെ ചിന്തുകൾ മൂളി?
വന്ധ്യവയോധികനൊരുവൻ ചൊല്ലേ,
ഹന്ത കവിക്കോ,പുഞ്ചിരിമാത്രം!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana