അന്നാണ് ,
സൂസിമോൾ അവസാനമായി
ദൈവത്തെ കണ്ടത്

അന്നെന്ന് വച്ചാൽ …
കൃത്യമായി പറഞ്ഞാൽ
സൂസിമോളുടെ മാമോദീസക്ക്

പള്ളി വഴക്ക് വല്ലാതെ മൂർച്ഛിച്ചിരുന്നു
എതിർകക്ഷിക്കാരുടെ
കുർബാന കഴിയാൻ
സൂസിമോളുടെ അപ്പനുമമ്മയും
പള്ളിമുറ്റത്ത്
കാത്തു നിന്നപ്പോൾ…
അപ്പോഴാണ്
ആളുകളുടെ ശബ്ദങ്ങൾ മറികടന്ന്
സൂസിമോളുടെ കണ്ണ്
അദ്ദേഹത്തിൽ പതിഞ്ഞത്
സെമിത്തേരി മതിൽ ചാരി
ബീഡി വലിച്ചു നിൽക്കുന്ന
ദൈവത്തെ
സൂസിമോൾ തൊണ്ണ് കാട്ടി ചിരിച്ചു
ബീഡി വലിച്ചെറിഞ്ഞ്
ദൈവം അടുത്തേക്ക് വന്നു

‘നിന്നെയൊന്ന് കാണണമെന്ന്
കരുതിയിരിക്കുകയായിരുന്നു ഞാൻ’
സൂസിമോൾ ദൈവത്തെ
തുറിച്ചു നോക്കി
‘പള്ളിക്കകത്ത് വച്ച്
കാണാമെന്നാ കരുതിയെ …
നീയെന്താ പുറത്ത് …?’
‘ ഞാനെത്ര കാലമായി പുറത്തിങ്ങനെ’
ദൈവത്തിൻ്റെ സ്വരത്തിൽ
നിരാശ …
‘നിനക്കെന്നാ ഒണ്ട് വിശേഷം ?
സുഖമോ?’
‘അതിപ്പോനീ കരുതുന്നത്ര
സുഖകരമല്ല ഇവിടെ
ആ നിൽക്കുന്ന
വെളുത്ത തടിയനെ കണ്ടോ ?
എൻ്റപ്പനാ…
കാണുന്ന മാന്യതയൊന്നും
സ്വഭാവത്തിലില്ല
ഇന്നലെ എന്നെക്കാണാൻ വന്ന
കരോട്ട് വീട്ടിലെ
ആനിയെ അമ്മ കാണാതെ
തോണ്ടിയതെവിടെയാണെന്നറിയാമോ ?
ഞാൻ ഒരു തിര്യക്കാണെന്ന
പോലെ
ആ പെണ്ണുമ്പിള്ള എൻ്റെ നോട്ടം കണ്ട്
ചിരിച്ചിളകി…’
സൂസിമോൾ അമർഷം കൊണ്ടു
‘അതെല്ലാം പോട്ടെ …
ഇത് നമ്മുടെ അവസാന കാഴ്ചയാ
അകത്ത് ചെന്ന്
നിൻ്റെ മേൽ മാമോദീസാ വെള്ളം
വീഴിക്കുമ്പോൾ
നിൻ്റെ കണ്ണിൽ നിന്നും,
ജീവിതത്തിൽ നിന്നും
ഞാൻ മറഞ്ഞു പോകും …’
‘എന്നാപ്പിന്നെ എന്നെ ഇപ്പഴേയങ്ങ്
കൊന്നു കൂടേ ‘
‘കൊല്ലും കൊലയുമുള്ള
തറവാട്ടിലെയൊന്നുമല്ല ഞാൻ’
ദൈവം തമാശ പറഞ്ഞു ചിരിച്ചു
‘നീ ജീവിക്കും …
അറുപത്തിമൂന്നു വയസു വരെ
നിൻ്റെ മകൻ തന്നെ നിന്നെ
കൊല്ലുകയും ചെയ്യും ;
സ്വത്തിനു വേണ്ടി …’
‘ഇതൊരുമാതിരി ചെയ്ത്തായിപ്പോയി’
* * *
ആർക്കും മനസ്സിലാവാത്ത
ഭാഷയിൽ
ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന
കുഞ്ഞിനെയുമായി
അവർ പളളിയിലേയ്ക്ക് കയറി
അമ്മയുടെ കക്ഷത്തിനിടയിലൂടെ
സൂസിമോൾ തിരിഞ്ഞു നോക്കി
അതേ മതിലിൽ ചാരി
ദൈവം നിന്നിരുന്നു;
മറ്റൊരു ബീഡി കത്തിച്ചു കൊണ്ട് .

അന്നായിരുന്നു ,
സൂസിമോൾ അവസാനമായി
ദൈവത്തെ കണ്ടത്

– വൈഗ

By ivayana