രാജശേഖരൻ ഗോപാലകൃഷ്ണൻ ✍
മാനത്തിടിവെട്ടും പോൽ
കേൾക്കുന്നിങ്ക്വിലാബ്,
മാനവ മോചന പോരാട്ടഘോഷങ്ങൾ.
മാനത്തു ചെങ്കതിർ വീശും പോൽ ചെങ്കൊടി
മാനവ മോചന സൂര്യനുദിച്ചല്ലൊ!
വിശപ്പിൻ ചൂളയിൽ വെന്തെരിയുന്നോരെ
വിയർപ്പിൻ ഗന്ധത്താൽ പൂവിരിയിപ്പോരെ
വയലിൽ അന്നവും, ഗ്രാമം നഗരവും
വേല ചെയ്തൊരുക്കും അദ്ധ്വാനവർഗ്ഗമെ
ഉടമകൾ നിങ്ങളീ ഭൂമിക്കിനിമേൽ
അടിമകളല്ലിനി ഭൂമിയിലാരും.
സമത്വസുന്ദരമീ സ്വതന്ത്ര ലോകം
മർത്ത്യരൊക്കെ സോദരർ കമ്മ്യൂണിസത്തിൽ.
പാട്ടക്കുടിയാന്മാർക്കു ചെമ്മണ്ണു നൽകി
നട്ടെല്ലു നീർത്തി നടക്കാൻ പഠിപ്പിച്ചു.
ദുഷ്ടഭൂപ്രഭു, ജാതിമതഭൂതത്തെ
ആട്ടിയോടിച്ചതീ ധീരമാം പ്രസ്ഥാനം.
പട്ടിണിക്കോലങ്ങൾക്കാത്മാഭിമാനവും
ചെറ്റപ്പുരകളിൽ പുത്തൻ വെളിച്ചവും
കത്തിച്ചു വെച്ചു കരുത്തുള്ളീ പ്രസ്ഥാനം
കമ്മ്യൂണിസത്തിൻ മനുഷ്യത്വഭാവങ്ങൾ.
തമ്പ്രാക്കൾക്കന്നമേകി പഷ്ണി കിടന്നോർ
തമ്പ്രാവിന്നടിയേൽക്കാൻ അടിയാളായോർ
തൻ്റേടത്തോടവരെ തടുത്തിടയാൻ
ത്രാണി തന്നു പ്രാണനായ കമ്മ്യൂണിസം.
കേൾക്കുക നിങ്ങളീ വിപ്ലവ തുടികൊട്ട്
നാളെകൾ പാടും നരവംശസ്തുതിപാട്ട്
രക്തതാരങ്ങൾ തൂക്കി വരവേൽക്കുന്നു
വ്യക്തമായി കാണുമീ ചുവന്ന പാത.