രചന : സതി സുധാകരൻ✍
കണിയാംപുഴയുടെ കടവത്തു നില്ക്കണ
ചെമ്പകം പൂത്തുലഞ്ഞു.
കുഞ്ഞോളങ്ങൾക്കു കണി കാണാൻ
കുഞ്ഞിക്കുരുവിയ്ക്കു കൂടൊരുക്കാൻ
ചന്ദന മണമുള്ള കാറ്റേ വാ,
ഇത്തിരി കുളിരും തന്നേ പോ…
ആകാശത്തിലെ പറവകളെ
ചെമ്പകം പുത്തതറിഞ്ഞില്ലേ
കുയിലമ്മ പാടണ കേട്ടില്ലേ
ഈ മരത്തണലിലിരുന്നീടാം
ഇതിലെ വരു പറവകളെ
ചെമ്പകപ്പൂവിനെ കണ്ടേ പോ…
മാനത്തു മുല്ല വിരിഞ്ഞ പോലെ
മിന്നിത്തെളിയുന്ന താരകമേ
ചെമ്പക മൊട്ടിനെ താലോലിക്കാൻ
താരാട്ടു പാട്ടായ് നീ വരുമോ
കളഭക്കുറിയിട്ട പൂനിലാവേ
തങ്കത്തേരേറി വന്നാട്ടേ
പരിമളം വീശുന്ന ചെമ്പകപ്പൂ
തൊഴു കൈയ്യാൽ നോക്കിയിരുപ്പാണേ.