രചന : പത്മനാഭൻ കാവുമ്പായി✍

കവിത തിരഞ്ഞ്
നടക്കുകയായിരുന്നു ഞാൻ.
അപ്പോൾ
മലവെള്ളം കവിയുന്നപുഴയൊന്നു കണ്ടു.
പുഴയോരത്തൊരമ്മയിരുന്നു
കരയുന്നതു കണ്ടു.
അരികത്തു പോയി ഞാൻ നോക്കിയിരുന്നു.
അകലത്തും അരികത്തും കണ്ടതെല്ലാമോർത്തു.
പിടിയാന അലറുന്ന കാടു ഞാൻ കണ്ടു.
എലിയൊത്തും പുലിയൊത്തും
പുലരുന്ന കണ്ടു.
കുയിലൊത്തും മയിലൊത്തും
കരയുന്ന കണ്ടു
പുഴ നീന്തിയക്കരയുമിക്കരയും കണ്ടു.
ചിരിയൊത്തും കരച്ചിലൊത്തും
കണ്ണീരും കണ്ടു
“കരിമാനം പോലെ കരയുന്നൊരമ്മേ
കാര്യമെന്നോടും പറഞ്ഞൂടേ.. “
മുഖം മുട്ടിന്നിടയിൽ നിന്നും പറിച്ചവർ
മുന്നിൽ നിൽക്കുന്നോരെന്നെ
മുടിതൊട്ടു അടിവരെ നോക്കിയുഴിഞ്ഞു.
ചെടികൾ നനഞ്ഞു കുതിർന്ന തടം പോൽ
പുരികത്തിൽ നനവുണ്ട്,
പുകയുന്നുമുണ്ട്.
കണങ്കാലിലേക്കവർ കൈതാഴ്ത്തി വേഗം
ഉടുതുണിത്തലകൊണ്ടു കണ്ണീർ തുടച്ചു.
കഥയല്ല, കണ്ണീരിൽ കുതിരുന്നുണ്ടെന്തോ
കുമിളപോൽ പൊന്തുന്നോ,
പൊട്ടുന്നോ നെഞ്ചം?
“മകനെൻ്റ മകനേ, ഞാൻ നെകലത്തിരുത്തി
വെയിലത്തു നിന്നങ്ങനെ പണിയുന്നനേരം
ഒരു പച്ചപ്പുൽച്ചാടിയതു വഴി വന്നു
അവരുടൻ കൂട്ടായി കളിയാടി നിന്നു.
നേരമങ്ങുച്ചയായ് വൈന്നേരമായി
പണി കേറിപോവാൻ ഞാൻ തുനിയുന്ന നേരം
മകനില്ലാ പുൽച്ചാടീം നെകലുമവിടില്ല
അവിടെങ്ങും പുഴ കേറിപുന്മാടോം പോയി
ഇനിയെന്തിനു പോന്നു ഞാൻ
മകനില്ലാതമ്മ!
പുഴയെന്നേം കൊണ്ടങ്ങു പോട്ടെയെന്നോർത്തു.”
അയ്യോയെന്നമ്മേ നീ പെറ്റമ്മയല്ലേ
അറിയാത്തോനെങ്കിലുമിവനെ നീ കൂട്ടൂ.
നിന്നുണ്ണിക്കമ്മയില്ലാണ്ടായ പോലെ
എന്നമ്മക്കുണ്ണിയില്ലാണ്ടാകണ്ടല്ലോ.
അത് കേട്ട് മിഴിയൊപ്പി അവളൊപ്പം കൂട്ടി
അന്തിക്കരയൂടെ കുടിയെത്തും നേരം
അവിടെയുണ്ടായിരംപുൽച്ചാടിക്കിടയിൽ
ഒരു കുഞ്ഞു കളിക്കുന്നീം ചിരിക്കുന്നീം കണ്ടു.
അതു കണ്ടു ചിരി പൊട്ടി തിരിഞ്ഞു നോക്കുമ്പം
അരികത്തോ വരമ്പത്തോ കാണുന്നേയില്ല
പുഴ തന്ന കുഞ്ഞിനെ കാണുന്നേയില്ല
കുഞ്ഞേ വിളിച്ചു, തിരിച്ചവൾ വേഗം
മഴയത്തെൻമാടത്തിൽ കഴിയാമെന്നുണ്ണീ
വന്നേടം വരെ വീണ്ടും പോയൊന്നു നോക്കി.
പുഴയില്ല, മരമുണ്ട്, നിഴലുമുണ്ടപ്പോൾ ..
അവിടെയുണ്ടന്നേരമുണ്ണികളേറെ
അതിനിടയിലുണ്ടൊരാ പച്ചപുൽച്ചാടീം.
വെയിലപ്പോൾ കണ്ണിൽവീണിക്കിളിക്കൂട്ടി
ഉച്ചമയക്കമുണർന്നവളേറ്റു.
കൊത്തുന്നു, വാരുന്നു,തേകുന്നു വെള്ളം
വിത്തു വിതയ്ക്കാനൊരുക്കുന്നു പാടം.

പത്മനാഭൻ കാവുമ്പായി

By ivayana