യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സ്യൈത്തിന്റെ ക്രൂരത. വിദ്യാർഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തിച്ചാർജ് നടത്തിയും തിരികെ പോകാൻ നിർബന്ധിക്കുകയാണ് യുക്രൈൻ സൈന്യം.
മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി വഴിയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കിലോമീറ്ററുകളോളം നടന്നാണ് ഇവർ അതിർത്തിയിൽ എത്തുന്നത്. ഇവിടെ നിന്നും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ സൈന്യം മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്ത് വിട്ടിരുന്നു.
കൂട്ടം കൂടി നിന്ന വിദ്യാർഥികൾക്ക് നേരെ വാഹനം കയറ്റാൻ ശ്രമിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തിയിൽ കഴിയുന്ന വിദ്യാർഥികളോടാണ് യുക്രൈൻ സൈന്യത്തിന്റെ ക്രൂരത. പാലായനം ചെയ്യുന്ന യുക്രൈൻ പൗരന്മാരെ അതിർത്തി കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
അതേസമയം, യുക്രൈനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കീവിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപത്തെ പ്രദേശമായ വാസിൽകീവിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി. ഇതേ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തം ഉണ്ടായി. യുക്രൈനെ നാല് ദിശയിൽ നിന്നും വളഞ്ഞ് ശക്തമായി ആക്രമിക്കാനാണ് റഷ്യ സൈനികർക്ക് നിർദേശം നൽകിയിരിക്കുന്നത്.യുക്രൈനുമായി ചർച്ചയ്ക്ക് തയാറെന്ന് റഷ്യ, ബെലാറൂസിലേക്ക് ഇല്ലെന്ന് യുക്രൈൻ.കീവ് കടുത്ത പ്രതിരോധത്തിലാണെന്ന് യുക്രൈൻ സേന അറിയിച്ചു. കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ ശ്രമം തങ്ങൾ തകർത്തുയെന്നും യുക്രൈൻ വ്യക്തമാക്കി. എന്നാൽ തങ്ങൾ ആയുധം താഴെവെച്ച് കീഴടങ്ങില്ലെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.