എത്രദൂരം ഓടിയെന്നറിയില്ല..
ഇറക്കം കുറഞ്ഞ വസ്ത്രം ഏതോ മുള്ളിൽ കുരുങ്ങി പാതിയും കീറിപറിഞ്ഞു പോയിരുന്നു..
കാൽപ്പാദങ്ങൾ എവിടെയൊക്കെയോ തട്ടി
രക്തമൊഴുകുന്നുണ്ടായിരുന്നു..
ദൂരെ ആളുന്ന വെളിച്ചത്തിലേക്കാണ് ഓടിക്കയറിയത്..അതൊരു ശ്മശാനമായിരുന്നു..ശവം കത്തിയെരിയുന്ന രൂക്ഷഗന്ധം ആയിരുന്നു ചുറ്റിലും..
ഒരു ചിത കത്തിത്തീർന്നിരിക്കുന്നു..
തൊട്ടടുത്തായി പാതിയായ മറ്റൊരു ചിത ആളിക്കത്തുന്നു..തളർന്ന കണ്ണുകൾ വലിച്ചുതുറന്നു ഞാൻ ചുറ്റിലും നോക്കി..
കർപ്പൂരത്തിന്റെയും സാമ്പ്രണിയുടെയും
ഗന്ധം ഇടകലർന്ന ചൂടുള്ള കാറ്റ് എന്റെ മുഖത്തടിച്ചു..കോരിച്ചൊരിയുന്ന മഴയത്തും അഗ്നിനാളങ്ങൾ ആളിക്കത്തിക്കൊണ്ടിരുന്നു
എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ ഇളക്കിക്കൊണ്ട് ചിതയിൽ നിന്ന് ശവം ഒന്ന് നിവർന്നു..അലറിക്കരഞ്ഞുകൊണ്ടു ഞാൻ
താഴേക്ക് കുഴഞ്ഞുവീണു..
ബോധം മറയും മുൻപ് അടയുന്ന കൺപോളകൾക്കിടയിലൂടെ ചിതയിൽ
നിന്നെന്ന പോലെ ഒരാൾ നീളമുള്ളൊരു വടിയുമായി എന്നിലേക്കടുക്കുന്നത് കണ്ടു..
നല്ല വെളിച്ചമായിരുന്നു ഉണരുമ്പോൾ..
ചാണകം മെഴുകിയ തറയിൽ ആയിരുന്നു ഞാൻ..
തലേ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി എന്റെ ഹൃദയത്തിലേക്കു തിരമാല പോലെ തള്ളിക്കയറി വന്നുകൊണ്ടേയിരുന്നു..
ചിന്തയുടെ അവസാനം ഞാൻ ഞെട്ടിയെണീറ്റു..ഇന്നലത്തെ ശവം..?
അതൊരു കാടായിരുന്നു..വീഴാറായ ഒരു കുടിലും..കുടിലിന്റെ ഇടതുവശത്താണ് ശ്‌മശാനം..തലേന്നത്തെ ചിതകൾ രണ്ടും കെട്ടടങ്ങിയിരിക്കുന്നു..
മഴവെള്ളം അവിടിവിടെയായി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു..
വലതുവശം കാടിനപ്പുറെ ശവംനാറിയും
മഞ്ഞക്കോളാമ്പിയും നിറഞ്ഞ വേലിക്കെട്ടു..
കാലിനരികിലായ് ആരോ എന്തോ
വച്ചതുപോലെ തോന്നി..
ഒരു മൺകുടത്തിൽ വെള്ളമാണത്
അതിനുപുറകിലായി വൃത്തികെട്ട രണ്ടു പാദങ്ങളാണ് ആദ്യം കണ്ടത്..
നീണ്ടുകറുത്ത നഖങ്ങളുള്ള ചെളിയും
ചാരവും ഉണങ്ങിപിടിച്ച രണ്ടു കാലുകൾ.
ഞെട്ടലോടെ പിന്നിലേക്ക് മാറിപ്പോയി അറിയാതെ..
കറുപ്പ് കലർന്ന ചെളിപിടിച്ച ഒരു തുണി
അരയിൽ ചുറ്റിയ ബലിഷ്ഠമായ ശരീരമുള്ള ഒരാളായിരുന്നു അയാൾ..
പക്ഷെ നിർജീവങ്ങളായ കണ്ണുകൾ..
പതറിയുള്ള നോട്ടം എവിടേക്കോ ആണ്..
വളർന്നിറങ്ങിയ താടിയും മുടിയും..
വെള്ളം എന്റരികിലേക്ക് നീക്കിവച്ചു
അയാൾ ചിതയ്ക്കരികിലേക്കു ഇറങ്ങിപ്പോയി..അണഞ്ഞു തുടങ്ങിയ
കനലുകൾ കൈകൊണ്ട് ഇളക്കിമാറ്റി
അതിൽനിന്നും ചാരം വാരിയെടുത്തു
അയാൾ എന്റെ കാൽക്കൽ വന്നിരുന്നു.
ചൂടുള്ള ചാരം എന്റെ പാദത്തിലെ
മുറിവിലേക്കു അമർത്തി അയാൾ..
പുകയുന്ന കാലുകൾ അറപ്പോടെ
ഞാൻ വലിച്ചെടുത്തു.,
നിശ്ശബ്ദനായിത്തന്നെ അയാൾ ചിതയുടെ
അടുത്തേക്ക് നടന്നുപോയി..
എന്റെ മുഖത്തേക്ക് ഒരിക്കൽപോലും
അയാൾ നോക്കിയതേയില്ല..
ആ വെള്ളം പോലും എന്നിൽ ഭയം ജനിപ്പിച്ചു..
ഒരു രക്ഷാമാർഗത്തിനായി ഞാൻ നാലു
ചുറ്റും നോക്കി..പിന്നെ ഇറങ്ങിയോടി..എങ്ങനെയെങ്കിലും
അവിടെനിന്നും എത്രയും ദൂരെ
എത്തിയാൽ മതിയായിരുന്നു എനിക്കപ്പോൾ..അയാളതും നോക്കി നിസ്സംഗനായിരിക്കുന്നതു കൺകോണിലൂടെ എനിക്ക് കാണാമായിരുന്നു…
“ഇതല്ലേ മാഡം വീട്?”
ഓട്ടോ ഡ്രൈവറുടെ സ്വരമാണെന്നെ ഉണർത്തിയത്..അയാളുടെ ആർത്തിപിടിച്ച കണ്ണുകൾ എന്റെ തുടകളിൽ ആയിരുന്നു അപ്പോൾ..ജീവനുള്ള… ആർത്തിയും ആസക്തിയും തുടിക്കുന്ന കണ്ണുകൾ..
തളർന്ന കാലുകൾ പെറുക്കിവച്ചു ഞാൻ പുറത്തിറങ്ങി..പണം കൊടുക്കാൻ വാച്ച്മാൻ ഇറങ്ങിവരുന്നുണ്ടായിരുന്നു..അയാളെന്റെ കീറിയ വസ്ത്രങ്ങളെയും അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിനെയും കണ്ണുകൾ കൊണ്ട്
അളന്നു ഒതുങ്ങിനിന്നു..ആയിരം
ചോദ്യങ്ങളുടെ ജീവൻ തുടിക്കുന്ന കണ്ണുകൾ..
ശ്രാവൺ ഒരുങ്ങുക ആയിരുന്നു ബെഡ്‌റൂമിൽ..പോളിഷ് ചെയ്ത ഷൂ ഇടുവിച്ച സാറയുടെ കവിളിൽ തട്ടി അയാളെന്തോ പറഞ്ഞു..അവൾ ഇളകിച്ചിരിച്ചുകൊണ്ട് മുഖം ഉയർത്തി നോക്കിയത് എന്റെ കണ്ണുകളിലേക്കായിരുന്നു.
ജീവനുള്ള കണ്ണുകൾ…
ലജ്ജയും കാമവും തിളങ്ങുന്ന കണ്ണുകൾ..യജമാന പത്നിയെക്കണ്ട
കപട ബഹുമാനത്തോടെ മുഖം
ഒരുവശത്തേക്കു കോട്ടി,.അവൾ ഇറങ്ങിപോകുന്നതും നോക്കി ഞാൻ നിന്നു..
“താൻ കുറച്ചു റെസ്റ്റെടുക്കൂ..
ഞാനിന്നു നേരത്തെ വരാം”
ഒന്നും സംഭവിക്കാത്തതുപോലെ എന്റെ
കവിളിൽ വിരൽ കൊണ്ട് തട്ടുന്ന ശ്രാവണിന്റെ കണ്ണുകളിലേക്കു ഞാൻ സൂക്ഷിച്ചു നോക്കി..ജീവനുള്ള കണ്ണുകൾ..
ആരോരുമില്ലാത്ത നവവധുവിനോടുള്ള പുച്ഛവും കുറുക്കന്റെ കൗശലവും തുടിക്കുന്ന കണ്ണുകൾ..
അതൊരു സ്വപ്നമായിരുന്നു..ഏറെ നാളുകൾക്കു ശേഷം വീണ്ടും എന്റെ കണ്ണുകൾ ഞാൻ കണ്ടു..
അനാഥയായ നയനയുടെ നിഷ്കളങ്കമായ വിടർന്ന മിഴികൾ..ഒരുപാട് പ്രതീക്ഷകൾ
നിറഞ്ഞ പ്രാർത്ഥനാനിർഭരമായ മിഴികൾ..
തന്റെ നൃത്തം കണ്ടിഷ്ടപ്പെട്ടു നേരിട്ട് വന്നു വിവാഹം ആലോചിച്ച കോടീശ്വരനായ
യുവാവിന് തന്നെ വിവാഹം ചെയ്തുകൊടുക്കാൻ മദർ സമ്മതിക്കണമേ എന്ന പ്രാർത്ഥനയും..
ഇതുവരെ അറിയാത്ത സമ്പന്നതയുടെയും സമൃദ്ധിയുടെയും സുഖലോലുപതയിൽ മുങ്ങികുളിക്കുവാനുള്ള പ്രതീക്ഷയും
നിറഞ്ഞു നിന്ന കണ്ണുകൾ..
“നയനാ..എഴുന്നേൽക്കൂ…ക്ലബിൽ 7മണിക്ക് പാർട്ടി ഉണ്ട്..മസ്റ്റ് ആൻഡ് ഷുഡ് നമ്മൾ അറ്റൻഡ് ചെയ്യണം..പെട്ടന്നു റെഡി ആവാൻ നോക്കൂ”..
ഗാഢനിദ്രയുടെ ഏതോ തലത്തിൽ നിന്നും ബോധത്തിലേക്കെന്നെ തള്ളിയിട്ട വാക്കുകൾ..ഞെട്ടിയുണർന്ന എന്റെ മുന്നിൽ പുഞ്ചിരിക്കുന്ന ജീവനുള്ള രണ്ടു കണ്ണുകൾ..
അവസാനം ഇരയെ കൈകളിൽ കിട്ടിയ വേട്ടക്കാരന്റെ ഭാവമാണിപ്പോൾ ആ കണ്ണുകൾക്ക്..
ഇന്നലത്തെ രാത്രി ആവർത്തിക്കപ്പെടുകയാണ്..
ഹൃദയം വിറച്ചു തുള്ളുന്നു..പാർട്ടി തുടങ്ങിക്കഴിഞ്ഞു…എങ്ങും പാട്ടും ബഹളവും..കുപ്പി കൂട്ടിമുട്ടുന്ന…
ഗ്ലാസുകൾ നുരയുന്ന ശബ്ദങ്ങളും..
എല്ലാ കണ്ണുകളിലും ജീവനുണ്ട്…
ആലസ്യവും ആർത്തിയും തിളങ്ങുന്ന കണ്ണുകൾ..നഗ്നതയിലേക്കു മാത്രം
നീളുന്ന കണ്ണുകൾ..
വീണ്ടും സ്ഫടികപ്പാത്രം കൊണ്ടുവരുന്നു…
എല്ലാവരും വണ്ടിയുടെ താക്കോലുകൾ അതിലിടാൻ മത്സരിക്കുന്നു..
ഓരോരുത്തരായി വരുന്നു ഓരോ താക്കോൽ എടുക്കുന്നു ഉയർത്തിപ്പിടിക്കുന്നു..
ആ കാറിന്റെ ഉടമസ്ഥന്റെ ഭാര്യ ഇന്ന്
അയാൾക്കു സ്വന്തം..
ആർത്തിപിടിച്ച ജീവനുള്ള കണ്ണുകൾ
കൊണ്ട് അവർ ഓരോരുത്തരും പരസ്പരം കോരിക്കുടിക്കുന്നു..മദ്യലഹരിയിൽ അവിടെവച്ചുതന്നെ ചിലർ രതിവൈകൃതങ്ങളിലേക്കു തിരിയുന്നു..
ജീവനില്ലാത്ത എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു..
ചുമലിൽ ഒരു കരസ്പർശം..അത്
താഴേക്കു ഒഴുകുന്നു..മാറിടങ്ങൾ കശക്കിഞെരിച്ചുകൊണ്ടു..
ചെവിയിലേക്ക് മുഖം ചേർത്ത്
വേട്ടക്കാരൻ ഇരയോട് പറയുന്നു..
“കം ഓൺ ബേബി..ലെറ്റസ് ഗോ”..
അയാളുടെ കരവലയത്തിൽ ഞെരിഞ്ഞമർന്നു വലിച്ചിഴയ്ക്കപ്പെടുമ്പോൾ ഒഴുകിപ്പരക്കുന്ന കണ്ണീരിനിടയിലൂടെ കണ്ടു മറ്റൊരു സ്ത്രീയുടെ മാദക ശരീരവും ചേർത്തുപിടിച്ചു പരസ്പരം പുണർന്നുകൊണ്ട് അവരുടെ
കാറിലേക്ക് നീങ്ങുന്ന ശ്രാവണിനെ…
കാമവും ആസക്തിയും തിളങ്ങുന്ന ജീവനുള്ള കണ്ണുകൾ..അവയുടെ തിളക്കം ആ ഇരുണ്ട വെളിച്ചത്തിലും ജ്വലിച്ചു..
കോട്ടേജിന്റെ പുറത്തായി കാറുകൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു..
ഓരോ കോട്ടേജിലും ഓരോ ജോഡികൾ..
ചിലർ കാറിൽത്തന്നെ മദ്യലഹരിയിൽ കാമപ്പേക്കൂത്തുകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു….
നഗരാതിർത്തിയിൽ വിജനമായ
പ്രദേശത്താണ് കോട്ടേജ്..
അതുകഴിഞ്ഞാൽ ചതുപ്പു പ്രദേശമാണ്
അതിനുമപ്പുറെയാണ് ആ ശ്മശാനം..
ഇന്നലത്തെ എന്റെ വേട്ടക്കാരന് കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല..
അതുകൊണ്ട് തന്നെ ഇറങ്ങിയോടുമ്പോൾ ഉറപ്പുണ്ടായിരുന്നു..പിന്നാലെവരാനുള്ള ബോധം അയാൾക്കില്ലെന്നു..പക്ഷെ ഇന്ന്..
വേട്ടക്കാരൻ ശക്തനാണ്..ബോധം മറയും വരെ മദ്യപിച്ചിട്ടില്ല അയാൾ..ദേഹം മുഴുവൻ പുഴുക്കളെ പോൽ അയാളുടെ ആർത്തിപിടിച്ച വിരലുകൾ ഒഴുകിനടക്കുക ആയിരുന്നു ഇവിടെത്തുവോളം..
ബെഡിൽ വലിച്ചെറിയപ്പെടുമ്പോൾ തല എവിടെയോ ശക്തിയായി ഇടിച്ചു..
മരവിച്ചുപോയ കുറച്ചുനിമിഷങ്ങൾ..
ബോധത്തിലേക്ക് വരുമ്പോൾ തിളങ്ങുന്ന അയാളുടെ കണ്ണുകൾ ആണ് കണ്ടത്..
ആർത്തിപിടിച്ച കണ്ണുകൾ..മുഖത്തേക്ക് താഴ്ന്നുവരുന്ന ചുണ്ടുകൾ..ശരീരം മുഴുവനും ശ്വാസം കിട്ടാതെ അയാൾക്കു കീഴിൽ ഞെരിഞ്ഞമർന്നു കൊണ്ടിരിക്കുകയായിരുന്നു..
കണ്ണുകൾ.. ജീവനുള്ള ആർത്തിപിടിച്ച കണ്ണുകൾ…ശ്വാസം മുട്ടുന്നു..
പിടിവിടുവിക്കാൻ ശ്രമിച്ചു..കഴിയുന്നില്ല..
വീണ്ടും ശ്രമിച്ചു ഇടതുകൈ സ്വതന്ത്രമായി.
അടുത്തെത്തിക്കഴിഞ്ഞു..
ആസക്തി നിറഞ്ഞ കണ്ണുകൾ..
ആർത്തിയും പുച്ഛവും തിളങ്ങുന്നു..
അറിയാതെ ഇടം കൈ ഉയർന്നു..
ചെത്തിമിനുക്കി ഒരുക്കിയ നഖങ്ങൾ ആഴ്ന്നിറങ്ങി…അലർച്ച കേട്ടു..
ഇല്ല തിളങ്ങുന്നില്ല..ഇപ്പോൾ കണ്ണുകൾ തിളങ്ങുന്നില്ല..ഇരുട്ടാണ്..
വിരലുകളിൽ ചോരപ്പശ ഇഴുകുന്നുണ്ട്…
എത്രനേരമായി ഓടുന്നുവെന്നറിയില്ല..
ഇനിയെത്ര ദൂരമുണ്ടെന്നറിയില്ല..
പക്ഷെ ജീവനില്ലാത്ത കണ്ണുകൾ..
അവിടേക്കാണെന്റെ യാത്ര…
ഞാനറിയാതെ തന്നെ കാലുകൾ
വേഗം കൂട്ടിത്തുടങ്ങി..
രചന
വിനീത അനിൽ