അഫ്സൽ ബഷീർ തൃക്കോമല✍

“യുദ്ധം” എന്ന വാക്കിനു മനുഷ്യ രാശിയോളം പഴക്കമുണ്ട് .കീഴടക്കുക ,അവകാശങ്ങൾ നേടിയെടുക്കുക ,ഭയപ്പെടുത്തുക ,ഉന്മൂലനം ചെയ്യുക എന്നതൊക്കെയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ആത്യന്തികമായി നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും കണക്കുകളാണ് യുദ്ധം
സമ്മാനിക്കുക.

           രണ്ടോ അതിലധികമോ രാജ്യങ്ങളോ  ഒന്നിലലധികം വിഭാഗങ്ങൾ  രാജ്യങ്ങൾക്കുള്ളിലോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയ സേനയെഉപയോഗിച്ച്ചു  നടത്തുന്ന പോരാട്ടമാണ് പൊതുവെ യുദ്ധമായി മാറുന്നത് . പൗരാണിക കാലങ്ങളിൽ  യുദ്ധം  തുടർച്ചയായ ഒരൊറ്റ സംഘട്ടനത്തിൽ  അവസാനിക്കുമായിരുന്നു. എന്നാൽ   ആധുനിക കാലത്തു സൈന്യങ്ങളുടെ വളർച്ചയും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും യുദ്ധത്തിൽ കര നാവിക വ്യോമ വിഭാഗങ്ങൾ ഒറ്റക്കോ ഒരുമിച്ചോ യുദ്ധം  നിയന്ത്രിക്കുക വഴി യുദ്ധത്തിന്റെ രൂപവും ഭാവവും മാറി പല സംഘട്ടന ങ്ങളും പല വിഭാഗങ്ങളുമായി മാറി. യുദ്ധത്തിനു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം മുതൽ ആയുധ കച്ചവട താല്പര്യങ്ങളും വ്യക്തി താല്പര്യങ്ങൾ വരെ കാരണമാകാം. കാൾ വോൺ ക്ലോസെവിറ്റ്സ് "ഓൺ വാർ" എന്ന പ്രബന്ധത്തിൽ "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം." എന്ന നിരീക്ഷണമാണ് വർത്തമാന കാലത് ഏറെ പ്രസക്തം .

                 രണ്ടാം ലോകമഹായുദ്ധത്തിൽ  ഇരുപത്തി  നാല് ദശലക്ഷം സൈനികരുൾപ്പടെ  എട്ടു കോടിയോളം മനുഷ്യർ മരിച്ചു വീണതും ലോകത്തു മൊത്തം അശാന്തിയും അക്രമവും പടർന്നതും ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ലോകം തിരിച്ചുവരവിന്റെ പാതയിൽ നീങ്ങുമ്പോൾ അവിടെയും ഇവിടെയുമായി പിന്നെയും യുദ്ധ സന്നാഹങ്ങളൊരുക്കി രാജ്യ വിസ്തൃതി കൂട്ടാനോ ലോകത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കാനോ  മഹാവ്യാധിയുടെ ദുർഘട നാളുകളിൽ നടത്തുന്ന നീക്കങ്ങളെ ചെറുത് തോൽപ്പിക്കാൻ ലോക രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയും മുൻപോട്ടു വന്നില്ലെങ്കിൽ ഇനിയും ലക്ഷ കണക്കിന് മനുഷ്യരുടെ ജീവൻ പൊലിയുകയും ജീവിതോപാധിയും  സമ്പത്തും നഷ്ടപ്പെട്ട് പുത്തൻ അഭയാർത്ഥികളെ സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ .
                
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധ സമാനമായ സാഹചര്യങ്ങളെ വിലയിരുത്തി ചർച്ചകൾ സംഘടിപ്പിക്കുന്ന കേരളത്തിലെ ഉൾപ്പടെയുള്ള വാർത്താ ചാനലുകൾ കാട്ടികൂട്ടുന്ന കോപ്രായങ്ങളും ഗ്രാഫ് വരക്കലും മുൻപ് നടന്ന യുദ്ധങ്ങളുടെ പടങ്ങൾ എഡിറ്റ് ചെയ്തു ജനങ്ങളെ കാണിച്ചു കൈയടി നേടാൻ ശ്രമിക്കുന്നതും .സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ട്രോളുകൾ എന്ന ഓമന പേരിലറിയപ്പെടുന്ന "വേദനിപ്പിക്കുന്ന തമാശകൾ "കൂടി കാണുമ്പോൾ കേരള ജനതയ്ക്ക് സമ്പൂർണ്ണ സാക്ഷരതയുണ്ടെ ങ്കിലും വകതിരിവോ മാനസിക വളർച്ചയെ നഷ്ടമായി കൊണ്ടിരിക്കുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു .
               ജോൺ കീഗൻ "ഹിസ്റ്ററി ഓഫ് വാർഫെയർ" എന്ന ഗ്രന്ഥത്തിൽ  "ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം" അങ്ങനെ 

നോക്കുമ്പോൾ വലിയ ദുരന്തമായി മാറേണ്ടിയിരുന്ന ഒരുപാട് യുദ്ധങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ട് .ഏതായാലും ഭൂരിപക്ഷം വരുന്ന സമാധാന കാംഷികളുടെ സ്വപ്നങ്ങൾക്കൊപ്പം നമുക്ക് സഞ്ചരിക്കാം.

അഫ്സൽ ബഷീർ

By ivayana