അനിൽകുമാർ സി പി ✍

ഒരു കുടുംബത്തിലെ നാലു പേർ ഒന്നിച്ച് ആത്മഹത്യ ചെയ്തു എന്നു പറയുന്ന വാർത്ത മലയാളിക്കു പുത്തരിയല്ലാതായിട്ടു കാലങ്ങളായി. എന്നാൽ ആത്മഹത്യ ചെയ്യാൻ വ്യത്യസ്തമായ രീതി കണ്ടെത്തിക്കൊണ്ട് ഒരു കുടുംബം കൂടി മരണത്തിൻ്റെ തണുപ്പിനെ കൈയെത്തിപ്പിടിച്ചപ്പോൾ ഉള്ളുപിടഞ്ഞു, ഈശ്വരാ ഇത്തരം വാർത്തകൾ അവസാനിക്കുന്നില്ലല്ലോ എന്ന്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണു നാലു പേർ മരണത്തെ തൊട്ടത്. പാവം കുഞ്ഞുങ്ങൾ, ഏന്തെന്നോ ഏതെന്നോ അറിയാതെ അവരുടെ ജീവനും നഷ്ടമായി.

ഒക്കെ എന്തിൻ്റെ പേരിൽ?
കടബാധ്യത എന്നാണാ ഉത്തരം. എന്തിൻ്റെ പേരിൽ കടം എന്നു ചോദിച്ചാൽ ഉത്തരം പലതാണ്. അതിൽ ഒന്നാം സ്ഥാനം വീടും വിവാഹവും പങ്കിട്ടെടുക്കും. പിന്നെ ബാക്കി വീട്ടുകാർക്കു വേണ്ടിയുള്ള ത്യാഗങ്ങളും മക്കളുടെ വിദ്യാഭ്യാസവും അത്യാവശ്യം ആടുമാഞ്ചിയം ഇടപാടുകളിൽ തലവയ്ക്കുന്നതും, അറിയാത്ത ബിസിനസ്സ് ചെയ്യാനിറങ്ങി പണി കിട്ടി ബോധിക്കുന്നതുമാണ്. നാലു പേർ വിഷവാതകം ശ്വസിച്ചു മരണത്തെ പുൽകിയതിൽ വില്ലൻ വീടാണ്. ഒരു കോടി രൂപയുടെ വീടിൻ്റെ ബാധ്യത എന്ന ആ വാചകം അമേരിക്കൻ കമ്പിനിയിൽ ജോലി ചെയ്യുന്ന ഒരു ഐ ടി എഞ്ചിനീയർക്ക് അത്ര ബാധ്യതയുണ്ടാക്കുമോ എന്ന മറുചോദ്യം മാറ്റിവെച്ചാൽപ്പോലും, നാലുപേർക്കു ജീവിക്കാൻ ഇത്ര വലിയ വീടു വേണോ എന്ന ചിന്ത ബാക്കിയാണ്.

ഒരു ബാത്ത് റൂം കൂടുതൽ പണിതാൽ വീടിൻ്റെ ബജറ്റ് കുത്തനെ ഉയരുമെന്ന് അറിയാത്തവരല്ല മലയാളികൾ. പക്ഷേ നാലംഗത്തിന് അഞ്ചു ബഡ്റൂമും അഞ്ചു ബാത്ത് റൂമും പിന്നെ അകത്തും പുറത്തും കോമൺ ബാത്ത് റൂമും വേണം നമുക്ക്. വീടിൻ്റെ സ്ക്വയർ ഫീറ്റ് കൂടിക്കൂടി ബജറ്റ് തലകുത്തനെയാകും. തുടങ്ങാൻ ആഗ്രഹിച്ച വീടാവില്ല പണിതു വരുമ്പോൾ ബാക്കിയാവുക. ഇനി വയസ്സുകാലത്ത് നീരുവന്ന കാലും വച്ച് എല്ലാ മുറിയിലും ഒന്നു കയറിയിറങ്ങാൻ പോലും ആവതില്ലാതെ, ജീവിതം താഴെ നിലയിൽ ഏതെങ്കിലും ഒരു മുറിയിൽ തളയ്ക്കപ്പെടും. ചിലപ്പോഴെങ്കിലും, വല്ലപ്പോഴും ഒരിക്കൽ മാത്രം വന്നു കയറുന്ന ഭാർഗവീ നിലയങ്ങളായി മാറും വീടുകൾ.

വീട്ടുകള്ളന്മാർ മാന്തിക്കൊണ്ടു പോകാതിരിക്കാൻ സെക്യൂരിറ്റിക്കാരെ വേറെ നിയമിക്കണം എന്ന അവസ്ഥയും ഉണ്ട്. വലിയ മാളികകളിൽ പണ്ടവും പണവും ഒളിപ്പിച്ചിട്ടുണ്ടാകും എന്നു തെറ്റിദ്ധരിക്കുന്ന മണ്ടന്മാരായ കള്ളന്മാർ നേരം കൊല്ലാൻ കേറിപ്പറ്റിയാൽ കഴുത്തിലെ നൂലുമാല പിടിച്ചു പൊട്ടിക്കാൻ വീട്ടിലെ വൃദ്ധരെ തലയ്ക്കടിച്ചു കൊല്ലാൻ അവർ മടിക്കില്ല. അതും ഒരു പുതിയ രീതിയാണ്. പണ്ടു റിപ്പർ ചന്ദ്രൻ ഒരാൾ മാത്രമായിരുന്നെങ്കിൽ, ഇന്നു കള്ളന്മാർ എല്ലാം റിപ്പർ ചന്ദ്രന്മാരാകാൻ തരം പാർക്കുന്നവരാണ്.

എല്ലാ കള്ളന്മാരിലും ഒരു റിപ്പർ ചന്ദ്രൻ ഒളിഞ്ഞിരിക്കുന്നുവെന്നും പറയാം. അപ്പോൾ അങ്ങ് വിദേശത്തിരുന്ന് വീടു നിരീക്ഷിക്കാൻ സി സി ടി വി വയ്ക്കണം. നമ്മൾ ഒരുപടി മുന്നോട്ടു നീങ്ങുമ്പോൾ കള്ളന്മാർ രണ്ടു പടി മുന്നിലോടി കാര്യങ്ങൾ ചെയ്യുമെന്നു മാത്രം.

വലിയ വീട് വച്ചു കഴിഞ്ഞാൽ ഒരു ശരാശരി പ്രവാസി കടത്തിലാകും. മകളുടെ വിവാഹം കൂടിക്കഴിയുമ്പോൾ പൊട്ടിയ ചെരുപ്പ് മാറ്റി വാങ്ങാൻ നിവർത്തിയില്ലാത്തവരാകും. പണ്ട്, ഒരു പുടവ കൊടുത്തു കൈയ്യും പിടിച്ചു നടന്നുപോകാമായിരുന്ന വിവാഹം ഇപ്പോൾ സ്വീകരിക്കാൻ വരുന്ന കൊച്ചളിയനു കാശു കൊടുക്കുക, അമ്മായിയമ്മക്കു മാല, നാത്തൂനു വള, മെഹന്തി, ഹൽദി എന്നിങ്ങനെ പിടിച്ചാൽ കിട്ടാത്ത വിധം പൊളിച്ചെഴുതിയ പ്രവാസിയുടെ ആ കഴിവിനെ നമ്മൾ കാണാതെ പോകരുത്!

ഇടക്ക് എവിടെയോ വായിച്ചത് ഓർക്കുന്നു, 2011-ലെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ പണികഴിഞ്ഞു ആൾത്താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന പത്തുലക്ഷത്തിലേറെ വീടുകൾ ഉണ്ടത്രേ!
പറഞ്ഞു വന്നത് ഇതാണ്. കാശ് കടം വാങ്ങി നടത്തുന്ന ഏതൊന്നും അവനവനു താങ്ങാൻ പറ്റുന്നതിനു മുകളിലാണെങ്കിൽ, അരി വാങ്ങാൻ ഗതിയില്ലെങ്കിൽപോലും, എ പി എൽ കാർഡിൽ കിടന്നു കളിക്കേണ്ടി വരും. പല ഗവൺമെൻ്റ് സഹായങ്ങളും തട്ടിത്തെറിക്കുന്നതും ഈ വമ്പൻ വീടിൻ്റെ പേരിലാണ്. അതിനാൽ, വേദനാരഹിത മരണത്തെക്കുറിച്ചു റിസെർച്ചു ചെയ്യുന്ന അത്ര ശ്രമം വേണ്ട അവനവൻ്റെ ആവശ്യത്തിനു വേണ്ട ഒരു വീടു വയ്ക്കാൻ എന്നറിയുക. പിന്നെ, ഇടക്ക് ഒരു ആഡംബര മുറിയുടെ സുഖം വേണമെങ്കിൽ സ്റ്റാർ ഹോട്ടലിൽ ഒരു സൂട്ട് ബുക്ക് ചെയ്തു രണ്ടു ദിവസം അർമാദിക്കൂ. എന്നാലും വരില്ല ഈ ചെലവ്.

സോ, എൻ്റെ പ്രിയ പ്രവാസിയോംസ്, ആരെയെങ്കിലും ബോധിപ്പിക്കാൻ ജീവിക്കുന്നതു മതിയാക്കി അവനവനു വേണ്ടി ജീവിച്ചു തുടങ്ങുക ഇനിയെങ്കിലും…

By ivayana