രചന : ശ്രീകുമാർ എം പി ✍

ചെത്തിപ്പൂമാലയിട്ട്
ചന്ദനഗോപി തൊട്ട്
“ചിൽചിലെ” കൊലുസിന്റെ
ചെറിയ സ്വനം ചിന്നി

ചെറിയ പുല്ലാങ്കുഴൽ
മെല്ലവെയൂതിക്കൊണ്ട്
ചേലൊത്ത ചോടുവച്ചു
താളത്തിൽ വന്നു കണ്ണൻ

ചേറല്പം പുരണ്ടുള്ള
ചേവടിയുയരുമ്പോൾ
ചെമ്മുകിൽ കാർമേഘത്തി-
ന്നിടയിൽപോലെ പാദം !

കാർമുകിൽവർണ്ണൻ തന്റെ
കള്ളനോട്ടത്തിൽ പോലും
കവിതയൊന്നുണ്ടെന്നു
ചൊല്ലിയതാരൊരിയ്ക്കൽ !

കാർത്തികവിളക്കു പോൽ
തെളിഞ്ഞ കണ്ണുകളിൽ
കവിതയ്ക്കൊപ്പം കാണാം
കനിവും കരുതലും !

കുറുനിരകൾ തിങ്ങും
കൂന്തലിൻ മേലെയായി
പിലികളാടീടുന്നു
ആലവട്ടങ്ങൾപോലെ !

വെണ്ണയുണ്ടിട്ടു വന്നാ
വെണ്ണിലാ ശോഭയോടെ
ചെഞ്ചൊടികളിൽ തഞ്ചി
പുഞ്ചിരി കൊഞ്ചിനിന്നു !

By ivayana