രചന :ചാക്കോ ഡി അന്തിക്കാട് ✍

പകൽസ്വപ്നങ്ങൾക്ക്
എങ്ങനെ
ചോരയുടെ നിറം
ലഭിച്ചെന്നോ?
ദൈവത്തിന്റെ
സ്വന്തം നാട്ടിലെ
കോൺക്രീറ്റ് തെരുവിൽ
വർഗ്ഗീയവാദികളാൽ
കൊല്ലപ്പെട്ട
യുവാവിന്റെ
ചോരത്തുള്ളികൾ
കാഷ്മീരെത്തി,
മഞ്ഞുപാളികൾക്കിടയിൽ
പീഡിപ്പിക്കപ്പെട്ട
മുസ്ലിംയുവതിയുടെ ചോരത്തുള്ളികളെയുംക്കൂട്ടി,
ഉക്രൈൻ താഴ്വരയിലെത്തി,
അപ്പോൾ ചിതറിത്തെറിച്ച
പിഞ്ചുകുഞ്ഞിന്റെ
ചോരയുമായി ലയിച്ച്,
ഒടുവിൽ,
നെറ്റിയിൽ
ബോംബിൻച്ചീള് കയറിയ
പട്ടാളക്കാരന്റ
ചോരയുമായി
ഐക്യദാർഢ്യം പ്രഖ്യാപിച്ചു!
യുദ്ധത്തിന്നിരയായ
പട്ടാളക്കാരൻ,
മേലുദ്യോഗസ്ഥനോട്,
അന്ത്യാഭിലാഷമായി
ചോദിച്ചൊരു
കുഞ്ഞുചോദ്യം:
“ഈ
മൂന്നുപേരുടെയും
ചോരയും,
എന്റെ ചോരയും
ഒന്നാണിപ്പോൾ…
ഒന്നു വേർത്തിരിച്ചെടുത്തു
കാണിച്ചാൽ,
സമാധാനമായി
കണ്ണടയ്ക്കാമായിരുന്നു…”
തോക്കെടുത്തു
മേലുദ്യോഗസ്ഥൻ
ഇരയുടെ നെഞ്ചിൽചൂണ്ടി
കാഞ്ചിവലിച്ചലറി:
“ഞാൻ നിങ്ങളെ കൊന്നതല്ല…
എല്ലാ ചോരത്തുള്ളികളെയും
വേർത്തിരിച്ചെടുക്കാൻ
ശ്രമിച്ചതാണ്…
വേദനിച്ചെങ്കിൽ,
ജീവൻ പോയെങ്കിൽ,
ക്ഷമിച്ചേര്…ബാസ്റ്റാർഡ്!”
അതിർത്തിയിൽനിന്നും
ഇതേ ചോദ്യവും ഉത്തരവുമായി
ശത്രുവിന്റെ വെടിയുണ്ട മേലുദ്യോഗസ്ഥന്റെ
നെഞ്ചിനുനേരെ
പാഞ്ഞു വരുന്നത്,
ചോരക്കളമായ
ചതുപ്പിൽ,
ശവക്കൂനകൾക്കിടയിൽ,
കിളിക്കൂടോടെ
മുങ്ങിമരിക്കുന്ന
പ്രാവിൻക്കുഞ്ഞുങ്ങൾ
മാത്രം കണ്ടു!
യുദ്ധം
തുടങ്ങിയാൽ
ചത്തമത്സ്യങ്ങളും
ശവങ്ങളും നിറയും
കിണറുകൾക്കുചുറ്റും,
പരുന്തുകൾ
കാക്കകളുമായി
കുശലം പറയുന്നത്,
പതിവുകാഴ്ച്ച!
കുളങ്ങളും, പുഴകളും,
കാത്തിരിപ്പ് തുടരും…
ജീവൻ നിലനിർത്താൻ
നീന്തുന്നവരെയല്ല…
ജീവനോടെ
കൊന്നുതീർത്തവരുടെ
ജഢങ്ങൾ
ഒഴുകിവരുന്നതു കാണാൻ…
അപ്പോൾ,
ലോകത്തെ
പിറന്നാൾസദ്യകളിൽ
വിളമ്പിയ
എല്ലാ കറികൾക്കും
ഒരേ നിറമായിരിക്കും…
ചോരയുടെ നിറം!
ഋതുക്കളുടെ
നിലവിളി
കേട്ടിട്ടുണ്ടോ നിങ്ങൾ?
വസന്തം പൊട്ടിവിടരുന്നത്
ചോരയുടെ നിറവുമായെന്ന്,
ഗ്രീഷ്മവും, ശരത്തും, ശൈത്യവും
പരസ്പ്പരം വിലപിക്കും!
കവികൾക്ക്
ഭാവന നഷ്ടപ്പെടുന്നത്,
ആ വിലാപത്തിൻ ഹേതു!
അപ്പോഴും
യുദ്ധവെറിയൻമാർ
വിലപിക്കില്ല!
അവർ
ആയുധങ്ങളുമായി
ഇണചേരുന്നത്,
എല്ലാ കുഞ്ഞുങ്ങളുടെയും
ദു:സ്വപ്നത്തിലെ
പതിവു കാഴ്ച്ചകളായിരിക്കും!
പകൽസ്വപ്നങ്ങൾക്ക്
ചോരയുടെനിറം
ലഭിച്ചതെങ്ങനെയെന്ന സംശയം
ഇനിയും ബാക്കിയാണോ?
💖

By ivayana