രചന : സുമോദ് പരുമല ✍

മറയത്തുനിന്നുനിറമിഴികൾ തുടച്ചുകൊണ്ടരികത്തുവന്നു ചിരിയ്ക്കുമമ്മേ …
പഷ്ണിക്കലത്തിൻ്റെ തിളമാറ്റി വറ്റുകൾ മാത്രം ചൊരിഞ്ഞൂട്ടി
വിശപ്പിൻ താഴപ്പായ നീ നീർത്തിയെന്നും ചുരുണ്ടുറങ്ങി ..
വഴിക്കണ്ണുകൾ നീട്ടി .. ഓരോയിലയനക്കത്തിലും പേർ ചൊല്ലി
മുട്ടവിളക്കിൻ്റെ തിരിനീട്ടിയുമ്മറപ്പടിയിൽ നീ വാടിക്കുഴഞ്ഞ് ,പാതിമയങ്ങി …
ഒടുവിലെത്തും നേരമൊരുമുത്തം മൂർദ്ധാവിലേകി
കണ്ണീർച്ചിരിയോടെ കൈപിടിയ്ക്കും പഴം കാലമിന്നും
കരളിൻ്റെയൊരു തുണ്ടിലൊരു നേർത്തവിങ്ങലായ് രാവും പകലും പുകഞ്ഞുനീറീടവേ.
ഇന്നീ തറയോടുപാകിയ മണിമുറ്റമെന്തിനോ തേടുന്നു നിൻ്റെ കാലൊച്ചകൾ …
പനിച്ചൂരിൽ വിറകൊണ്ടരാത്രികളിലൊരു കൃഷ്ണതുളസിക്കതിരിൻ്റെ
നീരാൽ നനച്ചരികിൽ കണ്ണനെ പ്രാർത്ഥിച്ച്
മുണ്ടിൻ തലപ്പിനാൽ കണ്ണീർ തുടച്ച്
ഒരു മാത്രപോലും മിഴികൾ ചിമ്മാതെയരികത്തിരുന്നൊരാക്കാലം …
അമ്മേ …
ഇന്നില്ല കൃഷ്ണതുളസിയെൻ മുറ്റത്ത് ….
ഇന്നില്ല നീ വിരൽത്തുമ്പിനാൽദൂരെയാ മാറ്റത്തുകാട്ടിച്ചിരിപ്പിച്ച നിറചന്ദ്രൻ ..
ചൂൽപ്പാടുകൾ വീണ വെൺമുറ്റമോർമ്മയിൽ
ചെമ്പകച്ചില്ലകൾക്കിടയിലൂടാപഴയ പാൽചന്ദ്രൻ ..
ഒക്കത്തിരുന്ന ന്നുകേട്ടൊരാക്കഥകളിൽ
ലോകവും കാലവുമാകെച്ചുരുങ്ങവേ …
ചുടുരക്തമൊഴുകുന്ന സിരകളിൽ
പ്രാണൻ്റെ യവസാനവാക്കായി
നീയലിഞ്ഞൊഴുകവേ
മണ്ണറകൾക്കുള്ളിലെന്നും തുടിയ്ക്കുന്ന
ഹൃദയങ്ങൾ
അരുമയായി
വിറപൂണ്ട്
ഉൾക്കാതിലേക്കെന്നും
നിശ്വാസമന്ത്രങ്ങളായി ചൊരിയുന്നു .. ” മകനേ …. മകനേ … “

By ivayana