ഒരു ദിജീഷ് കെ.എസ് പുരം കവിത✍️

ജൂലിയൻ, സുഡോക്കുവിലാണ്,
ഫ്ലാറ്റിലെ കിടപ്പുമുറിയടച്ചിരുന്ന്
ഒന്നാം കള്ളിയിലെ ഇനിയും കിട്ടാത്ത
താക്കോൽസംഖ്യയെ
അസ്വസ്ഥനായി ധ്യാനിക്കുന്നു!
രണ്ടു വർഷങ്ങൾക്കുമുമ്പ്,
മുൻകാമുകി ആൻഡ്രിയ
അവന്റെ അന്തർമുഖത്വത്തിലേക്ക്
അധികമായിപ്പകർന്നിട്ട
കടുംമഞ്ഞവിഷാദത്തെയും
മരുഭൂമിനിറമുള്ള ഏകാന്തതയേയും
ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റാണ്
മസ്തിഷ്ക വ്യായാമത്തിനായി
അവനെ സുഡോക്കുവിലടച്ചത്!
വ്യാമോഹങ്ങളിലവന്റെ കൈപിടിച്ച് ആൻഡ്രിയയിപ്പോഴും കാറ്റാടിപ്പാടത്തെ
സായാഹ്നനടത്തയ്ക്കിറങ്ങും,
പതിവുപോലവൾ പ്രണയംപറയും.
“എന്നും നിൻ പ്രണയത്തളിർക്കാറ്റിൽ
അനന്തമായ്ക്കറങ്ങാൻ കൊതിക്കും
കാറ്റാടിയന്ത്രമാണിന്നു ഞാൻ”
ആരുടെ പ്രേമക്കൊടുങ്കാറ്റിലാവുമിപ്പോഴവൾ!
ജൂലിയന്റെ കണ്ണീരുവീണ്
സുഡോക്കുപേപ്പർ നനഞ്ഞുപടർന്നിടം
5 – എന്ന അക്കമെഴുതി,
ആ സുഡോക്കു നിർദ്ധാരണംചെയ്യപ്പെട്ടു!
ഏഴുമാസങ്ങൾക്കുമുമ്പാണവൻ
ആദ്യമായ് ജനാലതുറന്നത്,
മൂന്നുമീറ്ററകലെയായി
മറ്റൊരു ഫ്ലാറ്റിലെ കിടപ്പുമുറിയുടെ
ജന്നലപ്പോൾ അവനിലേക്കും തുറന്നു!
അന്നവൻ വളരെ കടുപ്പമേറിയയൊരു
സുഡോക്കുത്തടവിലായിരുന്നു.
മധ്യ റീജിയണിലെഴുതാനുള്ളവ നല്കാതെ
ഗിവൺസ് വല്ലാതെ കബളിപ്പിക്കുന്നു.
മുറിയിലലയുമ്പോൾ കണ്ണാടിയിൽ
അക്കങ്ങൾ പ്രതിഫലിക്കുന്നു, 6,9…
തിരിഞ്ഞുനോക്കുമ്പോൾ,
അപ്പുറജാലകത്തിലവൾ,
പൂർണ്ണമാക്കപ്പെട്ട അതേ സുഡോക്കുവുമായി!
ഇളംപച്ചക്കണ്ണുള്ളവൾ,
ജാപ്പനീസ് സുന്ദരി!
അന്നുമുതലവന്റെ മാൻഡലിൻ
തന്തികളെട്ടും അവൾക്കായിമാത്രം
‘എൽവിസ് പ്രെസ്‌ലി’യെ
പരിവർത്തനപ്പെടുത്തിക്കുഴഞ്ഞു!
ഇരുജനാലകളിലെയുമഴികൾ തമ്മിൽ
റിംഗായി ബന്ധിപ്പിച്ച ചരടിലൂടെ
അവർ പലതും വിനിമയംചെയ്തു,
ഇടയ്ക്ക് അവരെപ്പോലും..!
അവൾ ചരടിലൂടെ ആദ്യമായ് നല്കിയ
‘പർപ്പിൾ ഗ്ലാഡിയോലസ് ‘ പൂക്കളിൽ
വിടരാത്തയൊരു മൊട്ടുണ്ടായിരുന്നു.
അവളിലുമങ്ങനെയാണ്,
എത്ര മതിമറന്നുചിരിച്ചാലും
ആ വസന്തഋതുവിൽ
ഒരുചിരിമൊട്ടുമാത്രം വിരിയാതെ
ബാക്കിനില്ക്കും, ഇപ്പോൾ
വിടരുമെന്ന് തോന്നിപ്പിച്ചങ്ങനെ!
അതുകൂടി വിരിഞ്ഞെങ്കിലെന്നാശിച്ച്,
ആ ചിരിപ്പൂവിലഴകേറുമവളൊന്നിച്ച്
അവൻ ഇണസ്വപ്നങ്ങളിലലിയും.
ചന്ദ്രരശ്മിയിൽ, മരതകമഞ്ഞയണിഞ്ഞ
നഗര രാത്രിയിലേക്കവർ വിരുന്നുപോയി.
റാമ്പിൽ, പബ്ബിൽ, തെരുവിൽ…
കൈകൾകോർത്ത്, തോളുകളിൽ കൈയിട്ട്,
അരയ്ക്കുമേലന്യോന്യംചുറ്റിപ്പിടിച്ച്,
ഏറ്റവും റൊമാന്റിക്കായി
‘വാൾട്സ് ഡാൻസ് ‘ ചെയ്തവർ…
ടൂറിനിലെ, ‘കഫെ വെർഗ്നാനോ 1882’-ൽ
നീലക്കപ്പിൽ ‘കാപ്പുചീനോ’
രുചിച്ചിരിക്കുമ്പോൾ, അവളുടെ
മേൽച്ചുണ്ടിനുമേലേ തേൻതേടിയ
കാപ്പിപ്പതശലഭത്തെ, അവൻ
തെല്ലസൂയയോടെ കൗതുകപ്പെട്ടുനോക്കി.
ഏഴുമാസത്തെ ഒന്നിച്ചുവാസശേഷമുള്ള
അവരുടെ വിവാഹച്ചടങ്ങിലേക്ക്
അവന്റെ സൈക്യാട്രിസ്റ്റും
നാലാമത്തെയാളായി ക്ഷണിക്കപ്പെട്ടിരുന്നു.
വിവാഹമോതിരമണിയിച്ച് അവനവളെ
എല്ലാവർക്കും പരിചയപ്പെടുത്തി.
പക്ഷേ, അവനൊഴികെയാർക്കും
അവളെക്കാണാനായില്ല!
‘പാരനോയ്ഡ് സ്കീസോഫ്രീനിയ’
മരുന്നുകളിപ്പോൾ അവനിൽനിന്നവളെ
കുടിയൊഴിപ്പിക്കാൻ പൊരുതിക്കൊണ്ടിരിക്കുന്നു.
അവന്റെ ദേഹത്തിപ്പോഴുമവശേഷിക്കപ്പെടുന്നു
അവൾ വന്നുപോകും
‘ഗ്ലോസ്സിയർ പെർഫ്യൂം’ സുഗന്ധം.
‘ഫെറേരോ റോചർ’ ചോക്ലേറ്റിൻ
ചുംബന മധുരിമ.
മാൻഡിലിൻ മനോതന്ത്രികൾമീട്ടുന്നെപ്പോഴും
പ്രെസ്‌ലിയുടെ ഈ വരിമാത്രം,
‘Don’t be cruel I got a heart so true…’
ഇനിയും വാടിയിട്ടില്ലാത്ത
ഗ്ലാഡിയോലസ് പൂക്കൂടയിലെ
ഇളംമൊട്ടിപ്പോൾ ദുഃഖിതയായ്
വിരിയാൻതുടങ്ങുന്നു.
ജനാലയ്ക്ക് വെളിയിൽ,
ഉച്ചവെയിലിൽ മതിഭ്രമത്തിന്റെ
കാറ്റാടിപ്പാടങ്ങൾ തിളയ്ക്കുന്നു.
താഴേയ്ക്ക് നീണ്ടുകിടക്കുന്ന
മഞ്ഞവളയച്ചരടിലവൻ,
പൂരിപ്പിക്കപ്പെടാത്തയൊരു സുഡോക്കു.
മിഥ്യാനുഭവങ്ങൾ, ആഴമേറും സമസ്യകൾ,
ജീവിതം ക്രൂരമാണ്, അതിക്രൂരം…!

ദിജീഷ് കെ.എസ് പുരം

By ivayana