ഡാർവിൻ പിറവം.✍
ഇന്ന്, ചാനലുകൾ തുറന്നാൽ യുദ്ധവാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിൽ കൂടുതലും യുദ്ധമുഖത്തെ വിദ്ധ്യാർത്ഥികളുടെ വീഡിയോകളാണ്. അതിൽ വിഷമവും, പരാതികളും, കുറ്റപ്പെടുത്തലുകളും, തന്തക്ക് വിളികളുമൊക്കെ കേൾക്കാം.
. ശബ്ദത്തിൽ വീഡിയോയിൽ സംസാരിക്കുന്ന ഒരു കുട്ടിയെ വിലക്കുന്ന യുക്രയിൻ പൗരൻ, വീഡിയോ എടുക്കാതിരിക്കാൻ ശരീരത്തിൽ കയറി പിടിച്ചപ്പോൾ അവൻ്റെ തന്തയുടെ വകയാണോയെന്ന് ചോദിക്കുന്ന കുട്ടി. ഇന്ത്യൻ ഗവൺമെൻ്റ് ഉറങ്ങുകയാണ് ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്ന കുട്ടികൾ. അങ്ങനെയങ്ങനെ പോകുന്നു യുക്രയിൻ വീഡിയോകൾ. ചാനലിന് നല്ല റേറ്റിങ്ങും കടന്നു വരുന്നുണ്ട് ഭാഗ്യവാന്മാർ.
എന്നാൽ ആ കുട്ടികളോടും, യുക്രയിനിൽ പെട്ടുകിടക്കുന്ന ഇന്ത്യക്കാരോടും ഈ ചാനലുകാർ റേറ്റിങ്ങ് കൂട്ടുവാൻ ചെയ്യുന്നത് ധാർമ്മികതയാണോ.?
. കുട്ടികൾ എന്നും കുട്ടികൾ തന്നെയാണ്. യുക്രയിനിൽ പെട്ടു കിടക്കുന്ന ആ കുട്ടികൾ ബംഗറിൽ അഭയം തേടിയിരിക്കുന്ന ആ കുട്ടികൾ സത്യത്തിൽ കിണറ്റിലെ തവളകളാണ്. അവർക്ക് അത് ഞാനായാൽ കൂടി പുറം ലോകത്ത് നടക്കുന്നതൊന്നും അറിയുവാൻ സാധിക്കില്ല. എന്തിനേറെ യുക്രയിനിനകത്ത് എന്ത് നടക്കുന്നുവെന്ന് ചാനലുകാർക്കു പോലും അറിയാൻ സാധിക്കില്ല. പിന്നെങ്ങനെ ആ കുട്ടികൾ ഇന്ത്യ ഉറങ്ങുന്നു എംബസി ഉറങ്ങുന്നുവെന്ന് മാധ്യമങ്ങളോട് വിളിച്ച് പറയുന്നു.?
ഈ ചാനലുകൾ കുട്ടികൾ നൽകുന്ന വീഡിയോകൾ കാണിക്കുമ്പോൾ എന്തുകൊണ്ട് കിണറ്റിലെ തവളയല്ലാത്ത ചാനലുകൾ ചിന്തിക്കുന്നില്ല അതിൻ്റെ ഭവിഷത്തുകളെക്കുറിച്ച്.? അവൻ്റെ തന്തയുടെ വകയാണോ യുക്രയിൻ എന്ന് ചോദിക്കുന്നത് മലയാളികൾ മാത്രമേ കാണുകയുള്ളുവെന്നാണോ ഇവർ കരുതുന്നത്.?
. എന്നാൽ ഒന്ന് മനസിലാക്കുക, ഈ വീഡിയോകൾ വൈറലാക്കുകയാണ്. മലയാളമറിയാത്ത യുക്രയിൻ ജനതയെ ആ വീഡിയോയുടെ വിശദാംശമെന്തെന്ന് യുക്രയിൻ കാർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ മലയാളം അറിയാവുന്നവരും മലയാളികളും ഉണ്ടാകും.
ദൈവ പുത്രനായ യേശുവിനെ പോലും ഒറ്റിക്കൊടുക്കാൻ യൂദയുണ്ടായിരുന്നുവെങ്കിൽ പിന്നെ ഇതും യുക്രയിൻ കാർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ പലരുമുണ്ടാകും. എന്തിനേറെ ചിലപ്പോൾ ആ വീഡിയോ യുക്രയിൻ ഭാഷയിൽ പരിഭാഷപ്പെടുത്തി വാട്സ് അപ്പ് മെസേജുകളായി യുക്രയിനിൽ പടർന്ന് പന്തലിച്ചിട്ടുമുണ്ടാകാം.
. ഇന്ത്യക്കാർക്ക് രക്ഷപെടാൻ അവരെ സഹായിക്കാൻ ഇന്ത്യയുണ്ട്. അമേരിക്കക്കാരോട് പോലും സ്വയം രക്ഷ കണ്ടെത്തിക്കോളാൻ പറയുമ്പോളാണ് 4 മന്ത്രിമാരെ ബോർഡറിൽ എത്തിച്ച് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമല്ല വേണ്ടിവന്നാൽ പാക്കിസ്ഥാൻകാരെയും രക്ഷിക്കാൻ ഇന്ത്യ ശ്രമിക്കുന്നതെന്നത് നമുക്ക് അഭിമാനിക്കാം.
എന്നാൽ വീട്ടിലുള്ള മാതാപിതാക്കളെയും, അംഗവൈകല്യമുള്ളവരെയും ഒക്കെ താങ്ങിയെടുത്ത് സ്വന്തം വീടും എന്നന്നേക്കുമായ് ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളുടെ കരുണകാത്ത് അഭയാർത്ഥികളായി അവിടെ ചെന്ന് സംരക്ഷണമില്ലാതെ പിച്ചച്ചട്ടിയെടുക്കണമോ എന്നു പോലുമറിയാത്ത യുക്രയിൻ ജനതയുടെ മുന്നിൽ പ്രഹസനവും, ഒച്ചയിൽ സംസാരവും, അവർക്കറിയാൻ പാടില്ലാത്ത ഭാഷകളിൽ അവരെ കുറ്റം പറയുകയാണോ എന്നുപോലുമറിയത്ത വീഡിയോകൾ എടുക്കുമ്പോൾ അവർക്കത് എങ്ങിനെ അസ്വസ്ഥമാകുമെന്ന് ബോർഡർ കടക്കാൻ, സ്വയം രക്ഷപെടാൻ നിൽക്കുന്ന അന്യ നാട്ടുകാർ ചിന്തിക്കുക തന്നെ വേണം.
യുക്രയിൻ കാരുടെ തന്തയുടെ വകയാണോ എന്നത് സെലൻസ്കിയുടെ വാക്കുകളിലൂടെ നമുക്ക് വിലയിരുത്താം. ആ നാട്ടുകാരോട് തോക്കെടുക്കാനും, യുദ്ധത്തിൽ അണിചേരാനും പ്രസിഡൻ്റ് പറയുന്നതിൽ നിന്നും അതവരുടെ തന്തയുടെ വകയാണെന്ന് മനസിലാക്കാം എന്ന് മാത്രമല്ല യുക്രയിൻ പൗരന്മാർ ഇപ്പോൾ പട്ടാളക്കാരല്ലെങ്കിൽ പോലും പട്ടാളക്കാരായി പരിഗണിച്ചിരിക്കുകയാണ്. അതിനാണല്ലോ ആയുധമെടുക്കാൻ പറഞ്ഞത്. എന്തിനേറെ തടവുപുള്ളികളെ വരെ ആയുധമെടുക്കാൻ പുറത്ത് വിടുമെന്ന് പറഞ്ഞിരിക്കുന്നു. ഈ തന്തക്ക് വിളിയൊക്കെ അവരുടെ ഭാഷയിൽ പരിഭാഷപ്പെടുത്തി യുക്രയിൻ ജനതയിൽ വാട്സ് അപ്പ് തരംഗങ്ങളാകുമ്പോൾ പ്രസിഡൻ്റിൻ്റെ ആഹ്വാന പ്രകാരം ജനതയും, തടവുപുള്ളികളും യുദ്ധമുഖത്ത് പട്ടാളമായ് മാറ്റപ്പെട്ടപ്പോൾ ഈ തന്തക്ക് വിളിച്ചവരെയും യുക്രയിൻ സർക്കാരിനെ പോലീസിനെ പട്ടാളത്തെ അപമാനിക്കുന്നവരെ തേടിപ്പിടിച്ചവർ ആക്രമിച്ചാൽ, കൂടാതെ ഈ അപമാനം ഇന്ത്യൻ ജനതയോടു മുഴുവൻ അവർ പ്രകടിപ്പിച്ചാൽ, ജനതയെ വെടിവച്ച് കൊന്നാൽ അതൊരു യുദ്ധത്തിൽ നടന്ന മരണമായി മാത്രമേ കാണുവാനാകു.
പോകുന്നത് അവിടുള്ള കുട്ടികൾക്കും ഇവിടുള്ള മാതാപിതാക്കൾക്കുമായിരിക്കും. ഇതിനൊക്കെ ഉത്തരവാദികൾ ആരാണ്?
. ആ കുട്ടികളല്ല, ആ കുട്ടികളെ ഈ വാർത്തകൾ നൽകാൻ പ്രേരിപ്പിച്ച അല്ലെങ്കിൽ ആ വീഡിയോകൾ വിവരമില്ലാതെ റേറ്റിങ്ങ് കൂട്ടാൻ അതിൽ കട്ടു ചെയ്യണ്ട ഭാഗങ്ങൾ കട്ടു ചെയ്യാതെ പ്രചരിപ്പിച്ച ചാനലുകാരാണ്.
അതിനാൽ യുദ്ധമുഖത്തുള്ള ഇന്ത്യൻസിനോട് ഒന്നു പറയട്ടെ. ഇത് യുദ്ധമുഖമാണ്, നിങ്ങൾ കാണിക്കുന്ന വീഡിയോകൾ, നിങ്ങൾ തൊടുത്തുവിടുന്ന വാക്കുകൾ നിങ്ങൾക്ക് മാത്രമല്ല അവിടുള്ള ഇന്ത്യൻസിന് മൊത്തം ദോഷമായ് ഭവിക്കും. നിങ്ങളുടെ രക്ഷ ചാനലിൽ കരയുമ്പോളോ ചീത്ത വിളിക്കുമ്പോളോ അല്ല സംജാതമാകുന്നത്, ഇന്ത്യൻ സർക്കാരിന് മാത്രമേ അതിന് സാധിക്കു. എന്നാൽ അവരെ പോലും നിങ്ങൾ കുറ്റപ്പെടുത്തുന്നതാണ് ഞങ്ങൾ കാണുന്നത്. നിങ്ങൾ ഒന്ന് മനസിലാക്കുക, ഒരു യുദ്ധക്കളത്തിലേക്ക് ഒരു രാജ്യത്തിനും വിമാനം ഇടിച്ചിറക്കി നിങ്ങളെ തിരികെ കൊണ്ടുവരാൻ സാധിക്കുകയില്ല. പല രാജ്യങ്ങളിലെ ബോർഡറിലും ചർച്ചകൾ നടത്തണം, യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളോടും ഞങ്ങളുടെ പൗരന്മാരെ ഒന്നും ചെയ്യാതിരിക്കാൻ സമാധാന ചർച്ചകൾ നടത്തണം.
ഇതൊക്കെ മറ്റൊരു രാജ്യവും ചെയ്യാത്തപ്പോളും ഇന്ത്യ ചെയ്യുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് ചെയ്യണ്ടത്. യുക്രയിൻ പൗരന്മാർ പട്ടാളക്കാർ നമ്മളെ പിടിച്ച് വച്ച് റഷ്യക്കെതിരെ മുന്നിൽ നിർത്തി ആയുധമാക്കാതിരിക്കുന്നതിൽ ആ നാടിനോട് നന്ദി പറയുക. അല്ലാതെ ചാനലിനു വേണ്ടി അവരുടെ റേറ്റിങ്ങിന് വേണ്ടി നിങ്ങൾ ബലിയാടാകാതിരിക്കുക.
. ഒരു യുദ്ധമുഖത്ത് യാതനകളും, പട്ടിണിയും, ഭയവും, വേദനകളുമായിരിക്കുമെന്ന് നിങ്ങൾ ചിന്തിക്കുക അല്ലാതെ ആർഭാടമല്ല അവിടെ ലഭിക്കുക. അതിനാൽ അതൊക്കെ സഹിച്ച് ഇന്ത്യൻ എംബസിയുടെ വാക്കുകൾ കേട്ട് ലക്ഷ്യത്തിലെത്താൻ നോക്കുക. വിമാനത്തിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോളും മലയാളി ആദ്യം ചാടിയെണീറ്റ് പെട്ടിയെടുത്ത് ഓടാൻ നിൽക്കുന്നത് കാണാം. അത് മലയാളിയുടെ സ്വഭാവമാണ്, ജാതിയാലുള്ളത് തൂത്താൽ പോകില്ല. എന്നാൽ യുദ്ധമുഖത്ത് സമീപനം പാലിക്കാൻ ശ്രമിക്കുക.
ഇത് പറയുമ്പോൾ താൻ ആരുവാ ഈ ഒരു സിറ്റുവേഷൻ തരണം ചെയ്യുമ്പോൾ അറിയാം നിനക്കതിൻ്റെ വിഷമം എന്നാണെങ്കിൽ ഞാൻ കുവൈറ്റിൽ വർഷങ്ങളായി ജീവിക്കുന്നു. യുദ്ധമുഖം നേരിൽ കണ്ടിട്ടുള്ളവനാണ് ഞാനും. ആദ്യത്തെ മിസൈൽ വരുന്ന സൈറൺ മുഴങ്ങിയപ്പോൾ എൻ്റെ അമ്മാവൻ്റെ കുട്ടികൾ തനിച്ചാണെന്ന് ചിന്തിച്ച് ആ ഫ്ലാറ്റിലേക്ക് ചെന്ന് ജനലുകൾ, വാതിൽ ഒക്കെയും പ്ലാസ്റ്ററുകൾ വച്ച് അടക്കുവാനാണ് ഞാൻ ശ്രമിച്ചത്, എന്നെക്കാൾ മക്കളുടെ രക്ഷക്കായ് സമീപനം പാലിച്ചിട്ടുമുണ്ട്. രാജ്യത്തു നിന്നും ഒളിച്ചോടാതെ ഞങ്ങൾ ആതുരസേവകരുടെ പ്രവർത്തനം അവിടെ ആവശ്യമെന്ന് മനസിലാക്കി ഹോസ്പിറ്റലിൽ മുടങ്ങാതെ ഞാൻ മാത്രമല്ല, എല്ലാ ആതുരസേവകരും സേവനം നൽകുകയാണ് അന്നുണ്ടായത്. എന്നാൽ നിങ്ങൾ കുട്ടികളാണ്, അത്രക്കൊന്നും കടന്നു ചിന്തിക്കാൻ നിങ്ങൾക്ക് പ്രായമായിട്ടില്ല. നിങ്ങളുടെ രക്ഷ മാത്രമേ നിങ്ങളുടെ മുന്നിലുള്ളു. അതിനാൽ പറയട്ടെ സമീപനം പാലിക്കുക ധാർമ്മികത കൈവിടാതിരിക്കുക…