രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

നിർത്തുകയുദ്ധം നമ്മൾവെറുതെ
ചത്തുമലക്കും യുദ്ധം
നിർത്തുക,മർത്യൻ മർത്യനെയറിയാ-
തത്തൽപരത്തും യുദ്ധം!
ഒരു നൊടിയിടയിൽ വന്നേപോകും
നരനൊരു തെല്ലറിയേണം
പരിചൊടുനേടാനെന്തുണ്ടിവിടെ;
ചരിതങ്ങൾ പുനരോർക്കിൽ?
‘തന്നെപ്പോലേ,തന്നയൽവാസിയെ-
യെന്നും സ്നേഹിക്കേണം’
എന്നുമൊഴിഞ്ഞ മഹാത്മാവിനെനാം
കൊന്നൂ,നിഷ്ഠുരമായി!
നിത്യമഹിംസാ മന്ത്രവുമായ് നിജ-
സത്യത്തിൻ പൊരുളോതി,
ശക്തിപകർന്ന മഹാത്മാഗാന്ധിയെ;
രക്തസാക്ഷിയുമാക്കി!
യുദ്ധംവേണ്ടെന്നൊട്ടുച്ചത്തിൽ
ഹൃത്തു തുറന്നൊന്നോതാൻ,
എത്ര മഹാൻമാരുണ്ടിവരെപ്പോ-
ലിത്ഥമഹോയീമന്നിൽ?
കമ്യൂണിസംവന്നു മനുഷ്യരെ
നൻമയിലേക്കു നയിക്കാൻ
കൊന്നൂ,ജനകോടികളെനിരന്തര-
മന്നവരതി നിർലജ്ജം!
ആറ്റംബോംബുക,ളുണ്ടാക്കീനാ-
മൂറ്റംകാട്ടിമദിക്കാൻ
ഒരു നിമിഷംകൊണ്ടെല്ലാമെല്ലാ-
മിരുൾക്കയത്തിൽ മുക്കാൻ!
പലപല യുദ്ധക്കോപ്പുകളാലേ,
നലമെഴുമീ,യുലകത്തെ
കലഹത്തിൻ ചുടുചോരപ്പുഴയായ്,
പലകുറി മാറ്റുന്നേവം!
ഒരു കവിചൊല്ലീ,ഭൂമിക്കായൊരു
ചരമക്കവിതയൊരിക്കൽ!
പരമിന്നതു സത്യത്തിൻ വചസ്സായ്
തീരുകയെന്നോ മുന്നിൽ!
പണ്ടൊരു പാണ്ഡവ,കൗരവയുദ്ധം
കണ്ടവരല്ലീ,നമ്മൾ!
എന്തൊടുവിൽ നാം നേടീയെന്നതു
ചിന്തിച്ചീടുക നന്നായ്
ചീറിയടുക്കുംയുദ്ധവിമാനം
പേറും മിസൈലുകളാൽ
നീറിമരിക്കുംജനലക്ഷങ്ങൾ
വിറപൂണ്ടുഴലുകയല്ലോ!
നിർത്തുക യുദ്ധംനമ്മൾ വെറുതെ,
ചത്തുമലക്കും യുദ്ധം
മണ്ണിൻവിസ്തൃതികൂട്ടി മനുഷ്യരെ;
മണ്ണിലമർത്തുംയുദ്ധം.

By ivayana