രചന : ഹാരിസ് ഖാൻ ✍

കൊറോണ ഇച്ചിരി കുറഞ്ഞതിൻെറ ലക്ഷണം കാണാനുണ്ട്. മനുഷ്യർക്ക് വീണ്ടും കൃമികടി തുടങ്ങിയിട്ടുണ്ട്. ആയുധങ്ങൾ പൊടി തട്ടി എടുത്തു തുടങ്ങിയിരിക്കുന്നു..
ഇജ്ജാതി മഞ്ഞിൽ, തണുപ്പിൽ മൂടി പുതച്ച് ഉറങ്ങേണ്ട സമയത്താ ജുദ്ധം..!!
എന്താണ് ഈ യുദ്ധത്തിൻെറ മന:ശാസ്ത്രം എന്നൊന്നും അറിയില്ല. ജനമായാലും നേതാവായാലും തോൽക്കുമെന്നും മരിക്കുമെന്നുമുറപ്പുണ്ടേലും ഈ
മണ്ടരെ മുഴുവൻ വിവേകമല്ല, ദേശീയതപോലുള്ള എന്തോ ഒന്നാണ് ചലിപ്പിക്കുന്നത്…
ഇനി ആ ദേശീയത എന്താണെന്ന് നോക്കാം.

കുറച്ച് വർഷങ്ങൾക്ക് മുന്നെ റഷ്യയെ അമേരിക്ക ആക്രമിച്ചാൽ ഉക്രൈൻ പ്രസിഡണ്ട് വ്ലാഡിമർ സെലിൻസികിയുടെ രക്തം റഷ്യക്കായി തിളക്കുമായിരുന്നു കാരണം അന്ന് അയാളുടെ ദേശീയത സോവിയറ്റ് റഷ്യയുടേതായിരുന്നു.
വർഷങ്ങൾക്കിപ്പുറം ഇന്ന് റഷ്യ ഉക്രൈൻ ആക്രമിക്കുമ്പോൾ ഉക്രൈൻ ദേശീയത പറഞ്ഞാണ് അദ്ദേഹത്തിന് പിത്തം തിളക്കുന്നത്.

ജനനം, രാജ്യം, മതം, ദേശീയത, ഇവയൊന്നും പൗരൻെറ തിരഞ്ഞെടുപ്പല്ലയെന്ന് പൊന്നപ്പൻ പണ്ടേ ഒരു കവിതയിൽ പറഞ്ഞ് വെച്ചിട്ടുണ്ട്…
മാക്സിമം കേടുപാടുകൾ ഉണ്ടാക്കുക മരണസംഖ്യ വർദ്ധിപ്പിക്കുക എന്നതാണ് യുദ്ധത്തിൽ വിജയമായി എണ്ണുന്നത്..

തൻെറ ഫ്ലാറ്റിൻെറ 36ാം നിലയിൽ സുരക്ഷിതനെന്ന ചിന്തയിൽ ദൂരെ പ്രവിശ്യകളിലെ ബോംബിംഗ് ടിവിയിൽ കണ്ട് കാപ്പിയിടുന്നവനാവും അടുത്തക്ഷണത്തിൽ ഒരു ഷെല്ലാക്രമണത്തിൽ തീർന്ന് പോവുന്നത്. തലേന്ന് അയയിൽ ഉണക്കാനിട്ട അടിവസ്ത്രമെടുക്കാൻ പുറത്തിറങ്ങിയവൾ, തൻെറ പൂച്ചക്കുഞ്ഞിനെ തിരഞ്ഞ് പോയൊരു കുട്ടി, അവനെ തേടിയിറങ്ങി യൊരഛൻ അങ്ങിനെയാരുമാവാം. അതിൻെറയിര. അതിനങ്ങിനെ വലിപ്പ ചെറപ്പമില്ല. മരണത്തിൻെറ എണ്ണം മാത്രമെ ഞങ്ങളെടുക്കൂ…

സത്യയുദ്ധം എന്ന ഒന്നില്ല..
കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് ശ്രീ കൃഷ്ണൻ പാണ്ഢവരോട് പറയുന്നുണ്ട്.
“മയാനേകൈ രൂപായൈസ്തു
മായാ യോഗേന ചാസകൃത്
ഹതാസ്തേ സർവ്വ ഏവാജൗ
ഭവതാാം ഹിതമിച്ഛതാ “
ഞാൻ ഒന്നിലധികം തവണ നാനാതരം ഉപായങ്ങൾ കൊണ്ടും കള്ളപ്പണികൾ കൊണ്ടും നിങ്ങൾക്ക് ഹിതം വരുത്താൻ വേണ്ടി അവരെ യുദ്ധത്തിൽ കൊല്ലുകയാണ് ചെയ്തത്. സത്യയുദ്ധത്തിൽ നിങ്ങൾ വിജയിക്കില്ലായിരുന്നു…
ദൈവം തേരാളിയായ യുദ്ധത്തിൽപ്പോലും ഇതാണവസ്ഥ. പിന്നെയാ പുട്ടിനും വ്ലാഡിമർ സെലൻസ്കിയും…

ലോക ക്ലാസിക്കുകളെല്ലാം യുദ്ധത്തെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്.
നമ്മുടെ ഇതിഹാസങ്ങളും യുദ്ധത്തെ ആസ്പദമാക്കിയിട്ടുള്ളവ തന്നെ. ജയിച്ചിട്ടും അവസാനം തോറ്റുപോവുന്നവരെ കുറിച്ചാണത് പറയുന്നത്…
ജയിച്ചിട്ടും നേടിയിട്ടും ഒന്നും നേടിയില്ല എന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യയിലേക്ക് പോവുന്നരാമനും, പഞ്ചപാണ്ഡവരുമാണല്ലോ അതിലെ കഥാപാത്രങ്ങൾ… (ആത്മഹത്യയെ സ്വർഗ്ഗാരോഹണമായി മോഡിഫൈ ചെയ്ത് വലിയൊരു ഗുണപാഠ കഥയെയാണ് വാൽമീകിയും വ്യാസനും തുമ്പില്ലാതാക്കികളഞ്ഞത്)
യുദ്ധം, അതിൻെറ കെടുതികൾ ,പാലായനം ഇവയൊന്നും നമ്മുടെ തലമുറ അനുഭവിച്ചിട്ടില്ല.

അതിനാൽ തന്നെ അവനവൻ ദു:ഖം, വീട് വിട്ടിറങ്ങി പോണവൻ, പോവുമ്പോൾ “അമ്മേ മുടി നാര് കൊണ്ടെൻറെ കഴല് കെട്ടാതെയെന്ന് ” കരയുന്നവൻ, അസ്തിത്വദു:ഖം പേറുന്നവൻ, രാമായണത്തിലെ, മഹാഭാരത്തിലെ ഗ്യാപ്പുകളെ, സൈലൻസുകളെ പൂരിപ്പിക്കുന്ന ചിന്താവിഷ്ടയായ സീത, രണ്ടാമൂഴക്കാരൻ ഭീമൻ, വെണ്ണ കക്കുന്ന കൃഷ്ണൻെറ ചെമ്മെ, ചെഞ്ചമ്മേ കൊഞ്ചലുകൾ തുടങ്ങിയവയെല്ലാണ് നമുക്ക് മഹാകാവ്യങ്ങൾ. അവക്ക് ക്ലാസിക്കുകൾ ആവാനാവത്തത് അത് പകർത്തിയെഴുത്തായിട്ടാണ്, അതിൽ മനുഷ്യരുടെ അനുഭവങ്ങളില്ലാഞ്ഞിട്ടാണ്..
പറഞ്ഞ് വന്നപ്പോൾ യുദ്ധം വരട്ടെ ക്ലാസിക്കുകൾ ഉണ്ടാവട്ടെ എന്ന ഒരു ലൈനിലായി പോയി അല്ലേ…?

ഈയൊരൊറ്റ കാരണം കൊണ്ടാണ് ഞാനീ തത്വശാസ്ത്രത്തിലും യുദ്ധശാസ്ത്രത്തിലും കൈ വെക്കാത്തത്.എന്നാലും
എഫ് ബിഎഴുത്തുകാർ ആകാശത്തിന് കീഴിലുള്ള സകലനെ കുറിച്ചും എഴുതേണ്ടതുണ്ട്.അത് പാമ്പ്പിടുത്തമോ, യുദ്ധമോ, ചിക്കൻ പെരട്ടോ എന്തുമാവട്ടെ…

By ivayana