രചന : മാത്യു വർഗീസ്✍

വീടിന്റെ ചുമരിൽ
തൂക്കിയിട്ട (ചെറിയ..)
ഭൂപടത്തിൽ ചുമ്മാ
ചാരി നിൽക്കുമ്പോൾ
ഏത് രാജ്യത്തിന്റെ
ഏത് ഭാഗത്താണ്
ഞാനെന്നറിയാറുണ്ട്!

കൊടും തണുപ്പിൽ
അത് സൈബീരിയയും
അത്യുഗ്രമായ ചൂടിൽ
സഹാറയിലാണെന്നും
ഇരുണ്ട കാനനത്തിന്റെ
വന്യതയിൽ ആഫ്രിക്ക
ആണെന്നും……

ആകെ നനയുമ്പോൾ
അവിടം, പസഫിക് സമുദ്രം
ആണെന്ന്, എനിക്ക്
നല്ലപോലെ അറിയാം
മാത്രമല്ല, കുറുകിയ
മനുഷ്യർ, ലാവയുടെ
പുകച്ചൂരിൽ, നിശ്വാസം
ഊതി വിടുമ്പോൾ
പൗരസ്ത്യ, ഊരുകൾ
എന്നാണ് തിരിച്ചറിയുക

ഒന്നുകൂടി ചരിഞ്ഞു
മാറിനിൽക്കുമ്പോൾ
മദ്യം മണക്കുകയും
ഇടവിടാതെ മുതുകിൽ
അത് പതഞ്ഞൊഴുകി
രാജ്യം ഏതാണെന്നു
തിരിച്ചറിയാനാവും വിധം
ഒരു സ്ഥലമുണ്ടെന്ന്
ആർക്കും അറിയാം

ഇപ്പോൾ നിൽക്കുന്ന
അവിടെ, തീ പാറുകയും
വെടിമരുന്ന് മണക്കുകയും
നിലവിളികളുടെ ഒച്ച
പിന്നിൽ ഒട്ടിപ്പിടിക്കുകയും
നട്ടെല്ലിന്റെ വശങ്ങൾ
ഓട്ടവേഗത്തിന്റെ ചവിട്ട്
കൊള്ളുകയും ചെയ്യുമ്പോൾ
ഏത് രാജ്യം ആണെന്നാണ്
നിങ്ങളുടെ വിചാരം?!

മാത്യു വർഗീസ്

By ivayana