രചന : വാസുദേവൻ.കെ.വി.✍
നീളമുള്ള ചുരുണ്ട കാർകൂന്തൽ മരിയയുടെ സ്വകാര്യ അഹങ്കാരം.
പേറ്റുനോവറിയാത്ത മരിയ കുഞ്ഞിനെ തലോടും പോലെ ഇടയ്ക്ക് തലോടാറുണ്ട് അവളുടെ തിങ്ങി നിറഞ്ഞ കാർകൂന്തൽ.
ആല വേലിക്കൽ മരിയ.
പണ്ടെന്നോ കരുവാൻ കുടുംബം താമസിച്ചത്തിനോട് ചേർന്നുള്ള പറമ്പാണ് മലബാർ കുടിയേറ്റത്തിൽ ചുളു വിലയ്ക്ക് അവർ വാങ്ങി വീട് വെച്ചത്. അവിടുത്തുകാർക്ക് പിന്നെ അവർ ആല വേലിക്കൽ കുടുംബമായി. ടൗണിൽ മലഞ്ചരക്ക് കടയുമായി മരിയയുടെ കേട്യോൻ ഒതുങ്ങിക്കൂടി. കുഞ്ഞുമൊഴികൾ ഉയരാത്ത അകത്തള ദുഃഖം മരിയ പകൽവേളകളിൽ ദൈവകീർത്തനങ്ങൾ മൂളി തീർത്തു.
പണിഷെഡ്ഡ് പ്രളയനാളുകൾ കവർന്നെടുത്തപ്പോഴാണ് കരുവാൻ കേശു ഇടം മാറ്റിയത്. പൂർവ്വികരോട് ഐക്യദാർഢ്യപ്പെട്ട് കേശു മരിയയുടെ വീടിനു പിൻവശപ്പറമ്പിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ആലയാക്കി.
പകൽ മരിയ മൂളും കീർത്തനങ്ങൾ കേട്ടുകൊണ്ട് അവന്റെ ആല, പാട്ടും, പണിയുമായി സജീവമായി.
ജാലക പാളിക്കപ്പുറത്തേക്ക് കണ്ണു നട്ട് ഷെഡിൽ കരവിരുതാൽ കേശു തുരുമ്പെടുത്ത ലോഹങ്ങൾക്ക് വെള്ളി തിളക്കമേകുന്നത് നോക്കി മരിയ കൗതുകംകൂറി.
തകരഷെഡ്ഡിലെ കൊടും ചൂടിൽ നിന്നും രക്ഷയ്ക്ക് കേശു ദാഹജലത്തിനായി മരിയയുമായി സൗഹൃദം തേടി. ദൈവകീർത്തനങ്ങൾക്ക് മറുപാട്ട് മൂളി കേശുവും മുറിഗായകനായി.
അത് വളർന്നപ്പോൾ അവർ നാട്ടുവർത്തമാനം പങ്കിട്ടു.
മക്കളെ ലാളിക്കാനേറെ കൊതിയുള്ളവൾ
കുട്ടികൾക്ക് നൽകേണ്ട പലഹാരങ്ങളുണ്ടാക്കി അവനെ വിരുന്നൂട്ടി. അവർക്കിടയിലെ പകലുകൾ മതമൈത്രി പൂത്തുലഞ്ഞു രാഗവസന്തമേകി. കേശു അവളുടെ മുന്നിൽ നാടൻ ശീലുകൾ നീട്ടി മൂളി.
ഒരു പെസഹ ദിനത്തിൽ കേശു അവൾക്ക് വെള്ളിയിൽ തീർത്ത ദൈവപുത്രന്റെ രൂപം സമ്മാനമേകി.
ബോധി വൃക്ഷത്തണലിൽ മിന്നിയ ബോധോദയം പോലെ മരിയ നേർവഴി തിരിച്ചറിഞ്ഞു. അകന്ന് മാറി. പിന്നീട് മരിയയുടെ കീർത്തനങ്ങൾ പതിഞ്ഞ ശബ്ദത്തിലായി. വെള്ളിലോഹരൂപം അവൾ വെളിച്ചം കാണാതെ മാറ്റിവെച്ചു. ‘പെണ്ണുടൽ കമ്പം പുരുഷനെ ചൂഷകനാക്കു’മെന്ന് അവൾ വേദപുസ്തകത്താളിൽ കുറിച്ചിട്ടു.കുരിശടിയിൽ മുട്ടുകുത്തി വിതുമ്പി അവൾ പ്രായശ്ചിത്തം തേടി.
സെമിനാരി പഠനം പൂർത്തിയാക്കിയെത്തിയ അച്ചൻ ഇടവകക്കാർക്ക് പ്രിയങ്കരനായി. ശബ്ദം നിലച്ച ക്വയർസംഘത്തിന് പുനർജ്ജന്മം. കുഞ്ഞാടുകളുടെ കാതിനും, മനസ്സിനും കുളിരേകി അച്ചൻ നാദധാര തീർത്തു. മരിയ ഗായകസംഘത്തിൽ അംഗമായി.
അവൾ കുറിച്ചിട്ട വരികൾക്ക് അച്ചൻ ആലാപനമാധുര്യം കൂട്ടിച്ചേർത്തു.
സങ്കീർത്തനങ്ങൾക്കൊപ്പം മരിയ ആ ഗാനങ്ങളും മൂളിതുടങ്ങിയ
നാളോന്നിൽ അവളുടെ പ്രാർത്ഥന അച്ചന് കൗതുകമായി. അന്ന് കുമ്പസാരക്കൂട്ടിൽ മരിയ ഭാരങ്ങൾ ഇറക്കി വെച്ച് ആശ്വാസം കൊണ്ടു. ദൈവനാമത്തിൽ ശപഥവും.
കറ തീർന്ന മനസ്സിൽ അവളന്നു ഉറങ്ങാൻ കിടന്നു. അവളുടെ കിനാവിൽ ദൈവപുത്രൻ അണഞ്ഞു തലോടി.
കിനാവിൽ എന്ന പോലെ പിറ്റേന്ന് പകൽ ദൈവപുത്ര രൂപത്തിലൊരാൾ അവളെ തേടിയെത്തി. ളോഹയണിഞ്ഞെത്തിയ രൂപത്തെ അവൾ അകത്തേക്ക് ക്ഷണിച്ചു. ദൈവപുത്രന്റെ വിരലുകൾ ചുരുണ്ട മുടിയിൽ സ്നേഹലാളനയാൽ തലോടപ്പെടുന്നതായി അവളറിഞ്ഞു . ളോഹയ്ക്ക് മുകളിലൂടെ മരിയയുടെ വിരലുകൾ പരിപാവന ഹൃദയം തിരഞ്ഞു. ഹൃദയരക്തം ഒഴുകിയ വരണ്ട നെഞ്ചിലൂടെ അവളുടെ കൈകൾ ഇഴഞ്ഞു.
‘നീ എന്റെ രക്ഷകൻ. ‘ അവൾ പുലമ്പി. കീർത്തനം പൊഴിച്ച അവളുടെ ചുണ്ടുകൾ മറ്റെന്തൊക്കെയോ തേടിയലഞ്ഞു. ഏറെ നാൾക്ക് ശേഷം മരിയയുടെ ശിഖിരങ്ങൾ തളിർത്തു. പൂത്തുലഞ്ഞു.
വേദപുസ്തകം തുറന്ന മരിയ തന്റെ കുറിച്ചിടൽ കണ്ടു.
ഷവറിനടിയിൽ ഏറെ നേരം നിന്നിട്ടും തന്റെ ദേഹത്തെ ആൺഗന്ധത്താലവൾ അസ്വസ്ഥയായി. മറന്നുപോയ കേശുവിന്റെ ഗന്ധം അതിലൂടെ അവൾ തിരിച്ചറിഞ്ഞു. കണ്ണാടിയിൽ കാലം അവൾക്ക് നൽകിയ നിമ്നോന്നതങ്ങൾ നോക്കി നെടുവീർപ്പിടുമ്പോൾ അവൾ ഞെട്ടി. ഉണ്ണിയേശുവിന്റെ ലോക്കറ്റ് കോർത്ത അവളുടെ സ്വർണ്ണമാലയും അവൾക്ക് നഷ്ട മായിരിക്കുന്നു. അഴിച്ചുവെച്ച വളകളും കാണുന്നില്ല. മാതാവിന്റെ ചിത്രത്തിന് മുമ്പിൽ തിരി തെളിച്ച് അവൾ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു
” നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി.. മാതാവേ തുണയേകണേ .. ” സ്വയം ശുദ്ധീകരിക്കാൻ മരിയയുടെ മനസ്സുവെമ്പി. അവൾ വേദപുസ്തകം തുറന്നു .
മത്താ 5:5-6.
‘വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.