രചന : ദിലീപ്✍
അതിർത്തികൾ
നിശ്ചയിക്കപ്പെടാത്ത
രണ്ടു രാജ്യങ്ങൾ
യുദ്ധാനന്തരം
സ്വയം മരുഭൂമികൾ
നട്ടുപിടിപ്പിക്കുന്നതാണ്…
ആയുധങ്ങൾ മൂർച്ചകൂട്ടി
അതിർത്തികളിൽ
പതുങ്ങിയിരുന്നു
പരസ്പരം വെട്ടിവീഴ്ത്തിയിട്ടും
ഒടുങ്ങാത്ത പകയുടെ
ചരിത്രം പറയാനുണ്ടാവും
ഓരോ രാജ്യത്തിനും,
പകയുടെ ആകാശം
ഇരുണ്ടതാണെന്ന്
വാക്കുകൾകൊണ്ട്
അവർ വരച്ചിട്ടിട്ടുണ്ടാവും,
രക്തം മണക്കുന്ന
പകലുകൾക്ക് ഇനിയും
അതിജീവനത്തിന്റെ
നിറമുണ്ടാവില്ല,
വെറുക്കപ്പെട്ടവരെന്ന്
പരസ്പരം മുദ്രചാർത്തി
ആദ്യം അതിർത്തികളിൽ
യുദ്ധത്തിന്റെ കൊടിനാട്ടും,
നിശബ്ദതകൾ ആയുധമാവും
രക്തം പൊടിയാത്ത
യുദ്ധത്തിൽ മനസ്സുകൾ
ഇടയ്ക്കിടെ മരിച്ചു വീഴും,
അതിർത്തികളിൽ
ഇരു രാജ്യങ്ങളും
സൈനിക ശക്തി
കൂട്ടികൊണ്ടിരിക്കും,
സൂചിപ്പഴുതുകളിൽപോലും
അതി വിദഗ്ധമായി
ആയുധങ്ങൾ കുത്തിയിറക്കും,
രാവുകളിൽ ഒറ്റമുറിയിൽ
ഒരേ അതിർത്തികൾ
പങ്കിടുന്ന
രണ്ടു രാജ്യങ്ങളാവും,
വാക്കുകളിൽ
പിന്നെയും വെടിമരുന്നുകൾ
ഒളിച്ചു കടത്തും,
വെട്ടി വീഴ്ത്തപ്പെടുന്ന
കാലാളുകളിൽ
സ്വന്തം രക്തം രുചിച്ചിട്ടും
വെടിനിർത്തൽ കരാറുകളിൽ
ഒപ്പിടാതിരിക്കും,
യുദ്ധാനന്തരം
വെട്ടിപ്പിടിച്ച മരുഭൂമിയിൽ
ഒറ്റയ്ക്ക്
വിജയക്കൊടി നാട്ടുമ്പോഴും
ഉള്ളിലെവിടെയോ
കട്ടപിടിച്ച രക്തം
സ്വയം പുകഞ്ഞുകൊണ്ടിരിക്കും,
ഒറ്റയാക്കപ്പെടാൻ
ഒരു യുദ്ധം നയിച്ചവരെന്ന്
കാലം ചിലപ്പോൾ
അടയാളപ്പെടുത്തിയേക്കാം…..