തിരഞ്ഞെടുക്കുവാൻ എന്നുടെ മുമ്പിലായ്
രണ്ടുമാർഗം കറുപ്പും വെളുപ്പുമായ്;
ഒന്നു പട്ടണദൃശ്യങ്ങൾ കാട്ടുമ്പോൾ
ഒന്നു വീട്ടിൽ സുരക്ഷിതമായെത്താൻ.
ഈയവസ്ഥയിൽ വ്യാപനഘട്ടത്തിൽ
കോവിഡിന്റെ കലാശം നടക്കവേ;
ഏതുമാർഗം ഗമിക്കണമെന്നതീ
മാനസത്തിൽ തെളിയുന്നു നിശ്ചയം.
എങ്കിലുമെന്റെ ഭ്രാന്തമനസ്സിനെ
ആരുവേണം കടിഞ്ഞാൺ വലിക്കുവാൻ !
ഒന്നു ജീവിതലാഭേച്ഛയാൽ തോന്നും
ഒന്നുടൻ ഞാൻ ഞെട്ടിത്തിരികയും.
ഒന്നതെന്റെ വികസനലക്ഷ്യവും
ഒന്നിതെന്റെയീ ജീവൻ പിടയ്ക്കലും;
ഇന്ന് ഞാൻ ഗമിച്ചന്നം തിരയുകിൽ
നാളെ നമ്മുടെ പട്ടിണി മാറ്റിടാം.
രണ്ടുമാർഗമെനിക്കു തെളിയുന്നു
ഒന്നിലെത്തവെ കാൽകൾ വിറയ്ക്കുന്നു;
രണ്ടാമത്തെയീ മാർഗത്തിലെത്തവെ
മനസ്സിനേറെക്കുളിർമ്മ ലഭിക്കുന്നു.
എങ്കിലും നാളെയന്നം ലഭിക്കുവാൻ
ശ്രദ്ധയോടെ ഞാൻ പോകും വഴിയ്ക്കിതിൽ
ശ്രദ്ധ തെറ്റാതെ പോയിത്തിരിച്ചെത്തും
കരുതലൊക്കെയും കൃത്യമായ് പാലിക്കും.
സോപ്പെടുത്തെന്റെ കയ്യു കഴുകിടും
മാസ്ക്കുകൾ ധരിച്ചകലവും പാലിക്കും;
യാത്രചൊല്ലുവാൻ നില്ക്കാതെ ഞാനിതാ
യാത്രയാകുന്നു നാളെ ജീവിക്കുവാൻ.
… ഹരിഹരൻ