രചന : കെ ജയനൻ ✍

കുംഭത്തിൽ കുലമഹിമക്കായ്
തെക്കതിൽ നിന്നമ്മ തുള്ളി…
കൊടുതിക്ക് കദളിക്കുലയും
നൈവേദ്യപാലും ചോറും
മുളപൊട്ടിയ മൺപുറ്റിൽ
കരിനാഗത്തിറയാട്ടം..
നട്ടുച്ചക്കെരിവെയിലിൽ
രക്തം കൊണ്ടുച്ചബലിയും…
ഉച്ചത്തിൽ ചെണ്ടമുഴങ്ങി
ശൂലത്തിൽ ചെന്തീകത്തി
വായ്ക്കുരവയ്ക്കാളുകൾവന്നൂ
നേർച്ചക്ക് കരിമ്പെടവെട്ടീ..
കുലമൂർത്തിക്കിനിയെന്തെല്ലാം
കുലമഹിമ കാത്തരുളേണേ…
കുംഭത്തിൽവയലുകളെല്ലാം
തൂമ്പക്കായ് നെഞ്ചുവിരിച്ചേ…
കുമ്പത്തിൽ ചീനി യിടാൻ
കുഴിവെട്ടാൻ അപ്പനിറങ്ങി
ചീനിക്ക് തണലുവിരിക്കാൻ
കുഴിചുറ്റും വെള്ളം തേവാൻ
കുടവുമെടുത്തമ്മേം പോയി..
അമ്മക്ക് കൂട്ടിനിരിക്കാൻ
പിന്നാലെ ഞാനുമിറങ്ങി…
അപ്പൻ്റെ ഒപ്പംനിന്നവർ
ഓരോന്നുപറഞ്ഞു കിളച്ചേ
കുറ്റങ്ങൾ കുറവുകൾചൂണ്ടി
ഓരോന്നുപറഞ്ഞു ചിരിച്ചേ..
പനപട്ട് പാട്ടമൊഴിഞ്ഞാൽ
കുലമഹിമക്കയ്യോദോഷം
കുംഭത്തിൽകുലമഹിമക്കായ്
തെക്കതിൽനിന്നമ്മ തുള്ളീ
വായ്ക്കുരവയ്ക്കാളുകൾവന്നൂ
നേർച്ചക്ക് കരിമ്പെടവെട്ടീ…
തൊടിനിറയെ കാക്കകൾവന്നൂ
പടിപറ്റാൻകാവതിവന്നൂ..
കുംഭത്തിൽ കൊയ്ത്തിനിറങ്ങാൻ
നിൻ്റപ്പൻ കേമന്നാണേ..
മേടത്തിൽവിത്തുവിതക്കാൻ
നിൻ്റപ്പൻ കേമന്നാണേ..
ചാമുണ്ഡിയെവാഴ്ത്തിപ്പാടാൻ
നിൻ്റപ്പൻകേമന്നാണേ..
തരിശായൊരുപാടംകണ്ടാൽ
അപ്പൻ്റെനെഞ്ചുകലങ്ങും..
പടിപറ്റിയ കാവതികൾ
വഴി നീളെ അപ്പനെ വാഴ്ത്തി..
കുംഭത്തിൽ കുലമഹിമക്കായ്
തെക്കതിൽനിന്നമ്മതുള്ളി
നിൻ്റപ്പൻനാട്ടാർക്കെല്ലാം
കുളിർമണ്ണിൻ പുതുമണമാണേ..
നിൻ്റപ്പൻ നാട്ടാർക്കെല്ലാം
നിറവിൻ്റെ നിറകതിരാണേ..
നിൻ്റപ്പൻവയലിൽവന്നാൽ
കിളിയെല്ലാം കാവിലൊളിക്കും
നിൻ്റപ്പൻതൊടിയിൽനിന്നാൽ
പൂവാലിപ്പശുവിനു കേവ്…
നിൻ്റപ്പൻ അരികിൽനിന്നാൽ
ചുട്ടിപ്പശു അകിടുചുരത്തും…
നിൻ്റപ്പൻതൂമ്പയെടുത്താൽ
മഴപെയ്യും സത്യം സത്യം..
പടിപറ്റിയ കാവതികൾ
വഴി നീളെ അപ്പനെ വാഴ്ത്തി..
കുംഭത്തിൽ കുലമഹിമക്കായ്
തെക്കതിൽനിന്നമ്മതുള്ളി
വായ്ക്കുരവയ്ക്കാളുകൾ വന്നു
നേർച്ചയ്ക്ക് കരിമ്പെടവെട്ടി…

By ivayana