രചന : സജി കണ്ണമംഗലം ✍
മഹാഭാരതത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രം മത്സ്യഗന്ധി അഥവാ സത്യവതി.വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ സത്യവതിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കടത്തുകടക്കാൻ അതുവഴി വന്നു. അദ്ദേഹത്തെ തോണിയിൽ കയറ്റി അക്കരെ കടത്തിയത് സത്യവതിയായിരുന്നു.
സത്യവതിയുടെ സൗന്ദര്യത്തിൽ പരാശരന് അനുരാഗമുണ്ടാവുകയും, അദ്ദേഹം അവളോട് പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അവൾ പലതും പറഞ്ഞ് മുനിയെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും, പരാശരൻ കൃത്രിമമായ ഒരു മൂടൽമഞ്ഞ് സൃഷ്‌ടിച്ച് അതിനുള്ളിൽവച്ച് അവളെ പരിഗ്രഹിക്കുകയും, സത്യവതി ഗർഭിണിയായി ഉടൻതന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി രണ്ടു വരങ്ങൾ കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ലയെന്നും, അവളുടെ മത്സ്യഗന്ധം മാറി പകരം കസ്തൂരിഗന്ധമാവുകയും ചെയ്യും എന്നതായിരുന്നു അവ.
നാലുവശവും തുറസ്സായിക്കിടക്കുന്ന നദീമദ്ധ്യത്ത് കാമലീലയിലഭിരമിക്കാൻ മഞ്ഞുസൃഷ്ടിച്ചത് വേദവ്യാസകവിയുടെ മനോധർമ്മമെന്നതിൽ സംശയമില്ലാ. അതേ മനോധർമ്മം തന്നെയാണ് മത്സ്യഗന്ധത്തിൽ നിന്ന് കസ്തൂരിഗന്ധത്തിലേയ്ക്ക് സത്യവതിയെ സന്നിവേശിപ്പിച്ചതും.
ഇവിടെ ജയശ്രീ പള്ളിക്കൽ
”എന്തിനെന്നറിയാതെ” ഒരു മീൻകാരിയോട് അവളുടെ മുഴുവൻ മത്സ്യവും വാങ്ങുകയാണ്….
കസ്തൂരിഗന്ധമുള്ള മത്സ്യം…!
എന്തിനെന്നറിയാതെ….
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
തലയിൽ ചോടായേന്തും
കായൽ മീനുകൾ വിൽക്കാൻ
പതിവായ് പരിസര
ത്തലയുമപ്പെണ്ണിന്റെ
അരികിലയൽക്കാർതൻ
പേശലും കേട്ടങ്ങേവം
വെറുതെ നിൽക്കുമ്പോളാ
ഫോണിലായ് മണിയടി…!
ഒച്ചയങ്ങേറെത്താഴ്ത്തി
യൊട്ടു ദൂരത്തായ് മാറി
നിൽക്കിലുമക്കണ്ണൊളി
വെട്ടമൊന്നിരട്ടിച്ചൂ…!
വേർപ്പു ചിന്തിടും മുഖം,,,
വ്രീളയായ്ച്ചോക്കും ചിരി
നോക്കവേയരിപ്പൂക്ക
ളായതാ വിടരുന്നൂ….!
” വിറ്റുതീർന്നീലായിന്നു
കാത്തു നീ നിന്നാൽ കാണാ
നൊക്കുകി”ല്ലിതേ വിധം
മൊഴിഞ്ഞാളഴലോടെ…
കിട്ടിയ ലാക്കിൽ വില
കുറച്ചാലെടുക്കാനായ്
എത്തുകയായീ ചുറ്റും
വാസ്തവം മണത്തവർ…!
“എത്തുവാനാമെന്നൊട്ടും
കരുതേ”ണ്ടെന്നേ ചൊന്നു
അസ്തവീര്യയായ് വീണ്ടും
വിൽപനയ്ക്കൊരുങ്ങുമ്പോൾ…
ഇത്രമേലൊരിക്കലു
മാവശ്യമില്ലെന്നാലും
മൊത്തമായവൾ ചൊന്ന
വിലയ്ക്കേ വാങ്ങിച്ചു ഞാൻ…!!
എന്തിനിച്ചെയ്യേണ്ടുവെ
ന്നാകുലം നിൽക്കുന്നേരം
നന്ദിവാക്കോതും കണ്ണാ
ലെന്നെയൊന്നുഴിഞ്ഞവൾ…
മെല്ലവേ മൂളിപ്പാട്ടും
മൂളിയങ്ങകലുമ്പോൾ…
തലയിൽ ചൂടും കാലി
ക്കൊട്ടമേൽ താളം പിടി
ച്ചുടനേ പറയുന്നൂ…
ഫോണിലായ്….
“വരുന്നൂ ഞാൻ…! “
//ജയശ്രീ പള്ളിക്കൽ//
ജീവിതചുറ്റുപാടുകൾക്കിടയിൽ വന്നുഭവിച്ചൊരു സംഗതി എത്ര ലളിതമായാണ് കവി പ്രതഫലിപ്പിച്ചത്.
തന്റെ പ്രിയനെക്കാണാൻ ഇന്നുസാധിക്കില്ലാ,മീൻ വിറ്റുതീർന്നില്ലാ എന്നവനോട് ഫോണിൽപ്പറയുന്ന മീൻകാരിയെ അറിയാതെ സഹായിച്ചുപോവുകയാണ് കവി.
മീൻകാരിയുടെ സന്തോഷവും കണ്ണിലെ പൂത്തിരിയും കവിതപ്പെട്ടപ്പോൾ ആരുടെ മനസ്സാണ് ഈ വാങ്മയചിത്രത്തിൽ കോരിത്തരിച്ചുപോവാത്തത്…?