രചന : മുഹമ്മദ് ഹുസൈൻ,വാണിമേൽ✍️

ചേതനയറ്റ ജഡങ്ങൾ ചുറ്റും,
ചോരയിൽ മുങ്ങിയ ഭിത്തികൾ,നിലങ്ങൾ.
യന്ത്രപ്പക്ഷിതൻ ആരവം മേലെ.
താഴെ, ചോരയിൽ മുങ്ങിയ കുഞ്ഞു മുഖങ്ങൾ.
കുടിപ്പാൻ ചുടുചോരയും അഴുക്കുചാലും,
കഴിക്കാനോ ജഡകൂമ്പാരങ്ങളും പുല്നാമ്പുകളും.
കളിപ്പാവയെ തേടിയ കുഞ്ഞികൈകളില്ലാം
ചുടുചോരയിൽ മുങ്ങിയ കാഴ്ചകൾ ചുറ്റും.
മരിച്ചു മരവിച്ചൊരകിടിൻ ചോട്ടിൽ
മുലപ്പാൽ തേടും കുഞ്ഞിനെ കാണാം.
ചോരയിൽ മുങ്ങിയ തൻ കളിപ്പാവയെ
നെഞ്ചിലമർത്തി തേങ്ങുമൊരുമോളെക്കാണാം.
പൊട്ടിയമർന്നൊരു കുടിലിന്നുള്ളിൽ
പ്രിയരെ തേടിയലറുമൊരുമോനെ കാണാം.
ചുടു ചോരയിൽ മുങ്ങിയ കുഞ്ഞു മുഖങ്ങളെ
ചുടു ചുംബനമേകുമൊരച്ഛനെ കാണാം.
ചോരചുവപ്പിച്ചൊരു ചെറുമുഖമിങ്ങനെ
മാറോടമർത്തുമൊരമ്മയെ കാണാം
കുഞ്ഞു മുഖങ്ങൾ,
കുട്ടിത്തങ്ങൾ ചോരയിൽ മുങ്ങിയ കാഴ്ചകളെങ്ങും,
എല്ലാമെല്ലാം കാണാതിങ്ങനെ സുഖനിദ്രയിലാഴാം നാം.
മനുഷ്യർ മനുഷ്യർ മനുഷ്യർ നമ്മൾ
ചോരക്കൊതിയിതു തീരാജീവികൾ.
കാണാതിരിക്കാം, ചോരയിൽ മുങ്ങിയ തെരുവോരങ്ങളും
ചിന്നിച്ചിതറിയ കുട്ടിത്തങ്ങളും അലമുറയിടും മാതൃത്വത്തെയും….
വരൂ വരൂ ഒത്തുകൂടി, തുടരാം
വീണ്ടും അന്തിചർച്ചകളും മനുഷ്യാവകശ പ്രഖ്യാപനങ്ങളും .

By ivayana