രചന : സന്തോഷ് പെല്ലിശ്ശേരി✍️
ഏകപക്ഷീയമായൊരു
പോര്…
നേര്
തീരെയില്ലാത്തൊരു
പോര്….
ഒരു വശത്ത് ,
മുന്നിൽ കിട്ടുന്നതെന്തും
കടിച്ചു ചവച്ചു തുപ്പുവാൻ
പുതിയ മേച്ചിൽപ്പുറങ്ങൾ തേടി
കുതിക്കുന്ന വന്യമൃഗത്തെപ്പോൽ
മുരളുന്നയൊരു വലിയവൻ…
മറുവശത്ത് ,
കയ്പേറിയതെങ്കിലും
വിശപ്പും ദാഹവും തീർക്കാൻ
സ്വന്തം കണ്ണുനീരെങ്കിലും
വറ്റാതിരിക്കട്ടെയെന്ന്
ദൈന്യതയോടെ
മാൻകിടാവിനെപ്പോൽ
കേഴുന്നയൊരു ചെറിയവൻ…
ആക്രോശങ്ങളുടേയും
അലമുറകളുടേയും
ദീന വിലാപങ്ങളുടേയും
പശ്ചാത്തല സംഗീതം…
അതും ശരി
ഇതും ശരിയെന്ന
നിസ്സംഗതയോടെ
എല്ലാറ്റിനും
സാക്ഷിയായി
നമ്മിൽ ചിലർ..
രൂപപ്പെട്ടുകൊണ്ടിരിക്കുന്ന
ഘനവന്യതയാർന്ന
വിജനതകൾ
അതിർവരമ്പുകളെ
കവച്ചു വയ്ക്കാൻ
ഇങ്ങിനെയെങ്കിൽ
കാലതാമസമെന്ത്…?
കാലത്തിൻ്റെ ചിറകിലേറി
തെല്ലും ഭാരമില്ലാതെ
ഇത്രടം സഞ്ചരിച്ച
സാഹിത്യശൃംഖലകൾ
തങ്ങളുടെ
അധോതലലോകത്തെ
സ്വതന്ത്ര ചിന്തകളെ
തുറന്ന ആകാശത്തിൻ്റെ ആഴത്തിലേയ്ക്കും
അനന്തതയിലേയ്ക്കും
ഒരു പട്ടമായി
ഇനിയും
പറത്താത്തതെന്ത്…?
അടർന്ന് തെറിക്കുന്ന
മാംസക്കഷണങ്ങളെ കടന്ന്
അല്പജീവനോടെ
മണ്ണിലിഴയുന്ന
ദീന വിലാപങ്ങളിലേയ്ക്ക്
കഴുകൻ കണ്ണുകൾ
വീണ്ടും
നീളുന്നുണ്ടോ…?