രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം ✍
മുട്ടനുംകുട്ടനും നേർക്കുനേർ മുട്ടുമ്പോൾ
വട്ടംകറങ്ങുന്നതന്യരല്ലേ?
ഇഷ്ടംനേടാനവർ കഷ്ടത്തിലാക്കുന്നു,
ശിഷ്ടരെയെന്നവരോർക്കുന്നുണ്ടോ?
മുട്ടന്റെ കായബലത്തിന്റെ ഹുങ്കിനാൽ
കുട്ടനെ മുട്ടിവിറപ്പിക്കുമ്പോൾ,
പൊട്ടുന്നയങ്ക,ത്തട്ടിനോടൊപ്പമേ
ഞെട്ടുന്നു മാലോകരാകമാനം .
കുട്ടനാ,മുട്ടന്റെ ചോരയല്ലേ?
കുട്ടനാ, മുട്ടന്റെ ദേഹമല്ലേ?
വെട്ടത്തിലേയ്ക്കൊന്നിറങ്ങി വന്നാൽ
സംഘട്ടനങ്ങളൊ,ഴിയുകില്ലേ?
മുട്ടനിൽ മൊട്ടിട്ട മുട്ടാളത്തരം
പൊട്ടിത്തെറിയ്ക്കുക കുട്ടനെങ്കിൽ
പട്ടുകൾകൊണ്ട് പുതപ്പിച്ചിടും,നിന്റെ
ദുഷ്ടപ്രവൃത്തിയാൽ ലോകമാകെ !!