രചന : സാബു കൃഷ്ണൻ ✍
ഇരുളിൽ മുങ്ങി മയങ്ങീ പ്രകൃതി
പടഹധ്വനി,പോലിടിവെട്ടീ
രജത വരഞ്ഞ രേഖകൾ പോൽ
മാനത്താഴകിൻ പൂത്തിരി കത്തീ
മഴയാണയ്യോ കരിമഴ തൂകി
കർക്കിടകത്തിൽത്തൂകും പെരുമഴ
തോരാതിങ്ങനെ പെയ്തു തുടങ്ങീട്ടാ-
ഴ്ചകൾ പിന്നിട്ടെന്തൊരു ദുരിതം.
ഇവിടൊരു മാളിക മുകളിൽ
പുതുമഴ തൂകുംലഹരിയിൽ ഞാൻ
ജാലക വാതിൽ തുറന്നൂ പശ്ചിമ-
കാളിമ തൂകിയ മാനം കണ്ടു.
മുതുമഴ വീണു തുളുമ്പി ,നദി-
യൊരു സുസ്മിതമഴകിൽ മുങ്ങീ.
വഞ്ചികളനവധി തെക്കു വടക്കാ-
ഞ്ഞു തുഴഞ്ഞു കര പറ്റാനായ്.
മെല്ലെ,യഴകാം മുത്തുകൾ ചിതറി
മഴയുടെ താള ലയത്തിൽ മുങ്ങീ
ഞാന,ന്നെന്നുടെ കൈയിലെടുത്തൊരു
സുന്ദര കാവ്യ ലഹരിയിൽ മുങ്ങീ.
കവിയുടെ കാതര ഹൃദയത്തിൽ
തോരാമഴയുടെ കണ്ണീർ മുത്തുകൾ
മഴയുടെ ബിംബം മനസ്സിൽ വന്നൂ
മഴയൊരു പെണ്ണിൻ കണ്ണീരായി.
ജീവിത നാടകമാടിയരങ്ങിൽ
സ്തീയുടെ ബഹു വിധ രൂപങ്ങൾ
വഞ്ചന വാങ്ങിയ കാമുകിയായ്,
തെരുവിൽ തെണ്ടും ഭ്രാന്തിയുമായ്.
ഭവ മേഘത്തിൻ ഭവി,നാഭാവം
നെഞ്ചിൽത്തൂകിയ മിഴിനീർ ദുഃഖം
രാത്രി മഴയൊരു നാരീ മുഖ-
ഭ്രമ ,ചിത്തത്തിൻ ഭാവ ശബളം.
കാവ്യകലയുടെയേടു മടക്കീ
ഓർമ്മയിലോളം, തല്ലിയ സുദിനം.
പണ്ടൊരു നാളൊരു തുലാവർഷം
അഞ്ജനമെഴുതിയ കണ്പീലി.
പ്രേമക്കടലിൽമുങ്ങിത്താണു
തമ്മിലലിഞ്ഞു നിർവൃതിനിമിഷം
നിത്യതയെന്നതു ജീവിത സത്യം
ഓർമ്മയിലെന്നും ലഹരിൽ മുങ്ങും.