രചന : സെഹ്റാൻ ✍
ചുട്ടുപഴുത്ത തകരമേൽക്കൂരയുടെ വിടവിലൂടെയാണ് അവളെന്റെ മുറിയിലേക്ക് പറന്നുകയറിയത്.
ജൂലിയാന എന്നായിരുന്നു ആ വിധവയുടെ പേര്!
( ‘ജെ’ [J] എന്ന നഗരത്തിലെ ഏറ്റവും വൃത്തിഹീനമായ ചേരികളിലൊന്നായ ‘എക്സി’ [X] ലെ ഒരു വീട്ടിലായിരുന്നു അക്കാലത്ത് എന്റെ താമസം)
മുഖവുരകളൊന്നും കൂടാതെ അവൾ ആലിംഗനത്തിലേക്കും, പിന്നെയൊരു ഗാഢചുംബനത്തിലേക്കും പടരുകയായിരുന്നു.
ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകമവൾ മുറിയുടെ ഏതോ മൂലയിലേക്കെറിഞ്ഞു. (ഹുവാൻ റൂൾഫോയുടെ ‘പെദ്രോ പരാമോ’ എന്ന നോവലായിരുന്നു അത്.
ചുംബനലഹരിയിൽ ഉലഞ്ഞുണർന്ന എന്റെ ലിംഗാഗ്രത്തിലവൾ നാവിൻതുമ്പാൽ ശലഭച്ചിറകുകൾ വരഞ്ഞു. ഒരു ദീർഘ സമാധിയിലേക്കെന്നോണം ഞാൻ കണ്ണുകൾ പൂട്ടുമ്പോൾ ‘ജെ’ യുടെ തെരുവുകൾ ഉഷ്ണത്താൽ പുകയുകയായിരുന്നു…
●●●
പിന്നൊരിക്കലും അവളെന്റെ മുറിയിൽ വന്നില്ല. എന്റെ ചിന്തകളും, കവിതകളും പക്ഷേ അവൾ മാത്രമായി ചുരുങ്ങി.
“ജൂലിയാനാ,
ഞാനിപ്പോൾ നിന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. നിന്റെ കണ്ണുകൾ, അധരങ്ങൾ, മുലകൾ, പൊക്കിൾച്ചുഴി, സംഭോഗസമയത്ത് വിടരുന്ന യോനീപുഷ്പദലങ്ങൾ, തുടകൾ, നിതംബസമൃദ്ധികൾ, രതിമൂർച്ഛാനേരത്തെ കാതര ഞെരക്കങ്ങൾ…
ജൂലിയാനാ,
ഞാനിപ്പോൾ നിന്നെക്കുറിച്ച് മാത്രം…
●●●
മുറിയിലെ പുസ്തകങ്ങളിലെ അന്തേവാസിയായ വാലൻമൂട്ടയോട് ഞാൻ ജൂലിയാനയെ കുറിച്ച് തിരക്കുകയുണ്ടായി. അതെനിക്ക് മുറിയുടെ മൂലയിൽക്കിടന്ന ‘പെദ്രോ പരാമോ’ ചൂണ്ടിക്കാട്ടി. അത്ഭുതം!!
നോവലിൽ ജൂലിയാന ചുരുണ്ടുകിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഗാഢനിദ്ര!
അവളുടെ പേരിപ്പോൾ സൂസാനാ സാൻ ഹുവാൻ എന്നാണ്. അവളെയുണർത്താതെ ഞാൻ പുസ്തകം മടക്കിവെച്ചു.
●●●
വാലൻമൂട്ട പറഞ്ഞു;
‘പെദ്രോ പരാമോ’യിൽ മാന്ത്രികതയുടെ ലവണരസമുണ്ട്.
‘ക്രൈം ആന്റ് പണിഷ്മെന്റി’ൽ വൈകാരികതകളുടെ പ്രതിധ്വനികളുണ്ട്.
‘ഗുഡ് എർത്തി’ൽ ബന്ധങ്ങളുടെ വ്യർത്ഥതകളാണ്.
‘മെറ്റമോർഫസിസി’ലാകട്ടെ ആശയക്കുഴപ്പങ്ങളുടെ മകരമഞ്ഞും…
പക്ഷേ, എനിക്കിഷ്ടം ‘മൂലധന’മാണ്.
ദാസ് ക്യാപ്പിറ്റൽ!
അതിൽ മാറ്റത്തിന്റെ വിപ്ലവാത്മകമ മധുരമുണ്ട്. കയ്പ്പും…
പിന്നെ കനവും, വലിപ്പവും.
വയറുനന്നായി നിറഞ്ഞാലേ എന്നിലെ ബുദ്ധിജീവി ഉണരൂ…
●●●
അങ്ങനെയാണ് ഞാൻ ‘മൂലധനം’ വായിക്കാൻ തുടങ്ങിയത്. നാലാം വാള്യം പകുതിയായിട്ടും എന്നിലെ ബുദ്ധിജീവി ഉണർന്നിട്ടില്ല!
മേൽക്കൂരയ്ക്ക് മുകളിലൂടെ പറന്നുപോയ പരുന്തുകൾ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമെന്ന് പരിഹസിച്ചു.
ഞാൻ ഗൗനിച്ചില്ല!
തെരുവിൽ കൂട്ടംകൂടിയ നായ്ക്കൾ ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞെന്ന് കുരച്ചാർത്തു.
ഞാൻ കാതുകൊടുത്തില്ല!
ഇടയ്ക്ക് ഞാൻ ‘പെദ്രോ പരാമോ’ തുറക്കും. സൂസാനാ സാൻ ഹുവാൻ എന്ന ജൂലിയാനയുടെ ദേഹത്ത് തലോടും. ഉണർത്താതെ പുസ്തകം മടക്കും.
വീണ്ടും ദാസ് ക്യാപിറ്റലിലേക്ക്…
ഇതുവരെയും എന്നിലെ ബുദ്ധിജീവി ഉണർന്നിട്ടില്ല!!
⚫
[‘ജെ’ എന്ന നഗരത്തെ പലരും വിധവകളുടെ നഗരമെന്ന് വിളിച്ചിരുന്നു.
‘ജെ’ യിലെ ആണുങ്ങളെ അപ്രതീക്ഷിത മരണം വിഴുങ്ങുമ്പോൾ അവരുടെ വിധവകൾ നഗരം നിറഞ്ഞു. എന്നാൽ അവരാകട്ടെ പുതിയ സ്വാതന്ത്ര്യം നുകരുന്നവരായിരുന്നു. അവർ മേഘക്കെട്ടുകൾ പോലുള്ള വസ്ത്രങ്ങളണിഞ്ഞ്, പ്രാവുകളെപ്പോൽ
ആകാശത്ത് ചിറകടിച്ചു. ഇഷ്ടപ്പെട്ട പുരുഷൻമാരിലേക്കവർ യഥേഷ്ടം പറന്നുപറ്റി. ആരുമവരെ ചോദ്യം ചെയ്തില്ല.]
🔰🔰🔰
മാത്യൂസ് മാർസെലോ എന്ന ‘ജെ’ യിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈയെഴുത്ത്.