രചന : ശ്രീകുമാർ എം പി.✍
ഭൂമി തൻ മാറിൽ പുണ്യമായ് വന്നു
പൂവ്വുപോൽ വിടർന്നു നീ സഖീ
ഭൂമിതൻ ഭാവമേറ്റുവാങ്ങിയ
ഭൂമിപുത്രിയാണു നീ !
സൂര്യതേജസ്സ്
വെള്ളി വെയിൽ നാളങ്ങളാ-
യേറ്റു വാങ്ങുന്ന
ഭൂമിയെപ്പോലെ നീ.
തീഷ്ണമാം ചൂടും
ലാവാപ്രവാഹവും
അഗ്നി സ്പുലിംഗങ്ങളും
വമിക്കുന്ന
അഗ്നി മുഖമാർന്ന
ഭൂമിയെപ്പോലെ നീ.
പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾ
പ്രചണ്ഡ പ്രവാഹമായ്
വരുന്ന കാറ്റുകളെ
യേറ്റു വാങ്ങുന്ന
ഭൂമിയെപ്പോലെ നീ.
കനത്ത ദു:ഖങ്ങൾ
ഘനീഭവിച്ചു ശൈത്യമായി
ഹിമശൈലങ്ങളായി
ഹിമ മുഖമാർന്ന
ഭൂമിയെപ്പോലെ നീ.
അന്തരീക്ഷം കലുഷിതമായി
ആകാശത്തു നിന്നും
ആർത്തിരമ്പി പെയ്തിറങ്ങുന്ന
പേമാരികളെ
യേറ്റു വാങ്ങുന്ന
ഭൂമിയെപ്പോലെ നീ.
സൂര്യനും ഗ്രഹങ്ങൾക്കുമിടയിൽ
ജീവന്റെ മഞ്ചവുമായ്
പ്രേമസംഗീതമാലപിച്ചു നീങ്ങുന്ന
ഇളം നീല നിറമാർന്ന
ഭൂമിയെപ്പോലെ നീ.
എത്രമേൽ മാസ്മര ഭാവഭേദങ്ങളിൽ
എത്രമേൽ മാസ്മര റ്തു ഭേദങ്ങളിൽ
നിമ്നോന്നതവും നിരപ്പുമാർന്ന
നിഗൂഢപ്രകൃതി വിലസുന്ന
ഭൂമിയെപ്പോലെ നീ.
വർണ്ണവും സുഗന്ധവും
വാരി വിതറി
മധുനിറഞ്ഞു പൂത്തുലഞ്ഞ
വസന്തം പുൽകിടുന്ന
വസുന്ധരയാം
ഭൂമിയെപ്പോലെ നീ.
സ്നേഹാർദ്രമായ് കുളിർ പകർന്ന്
കുളിരലകളിളക്കി
നദികളാം കൈകൾ നീട്ടി
ത്തഴുകിടുന്ന
ഭൂമിയെപ്പോലെ നീ.
പൊള്ളുന്ന കുംഭച്ചുടുവെയിലേറ്റു
ചുടു വിയർപ്പൊഴുകുന്ന
മുഖവുമായ് നിൽക്കെ,
പൂത്തുലഞ്ഞ പുണ്യമായ്
നിറചിരിയുമായരികെ നിൽക്കും
കണിക്കൊന്നപ്പൂമരങ്ങളേകുന്ന
ഭൂമിയെപ്പോലെ നീ.
ഉഴറിയുലകാകവെ
ഉയിരറ്റു വീഴുമ്പോൾ
ഉതിരുന്ന കനിവോടെ
ഇടനെഞ്ചിലേറ്റുന്ന
ഭൂമിയെപ്പോലെ നീ.
ഭൂമി തൻ മാറിൽ പുണ്യമായ് വന്നു
പൂവ്വുപോൽ വിടർന്നു നീ സഖീ
ഭൂമിതൻ ഭാവമേറ്റു വാങ്ങിയ
ഭൂമി പുത്രിയാണു നീ !