മായ അനൂപ് ✍

പൊതുവായി പറഞ്ഞാൽ, ആണിനും പെണ്ണിനും, അല്ലെങ്കിൽ പുരുഷനും സ്ത്രീയ്ക്കും സ്വന്തമായി ശരിയായ ഒരു നിലനിൽപ്പില്ലാത്തതിനാൽ തന്നെ, അവരെ വ്യത്യസ്തരായിട്ടല്ല, മറിച്ച് ഒന്നിന്റെ തന്നെ രണ്ട് ഭാഗങ്ങളായിട്ടാണ് കാണേണ്ടത്. എന്തെന്നാൽ, വൈകാരികമായോ ശാരീരികമായോ അവർ സ്വയം പൂർണ്ണരല്ല. പുരുഷനിൽ അപൂർണ്ണമായതെന്തോ അത് സ്ത്രീയിലുണ്ട്, സ്ത്രീയിൽ അപൂർണ്ണമായത് പുരുഷനിലും. സ്ത്രീ പുരുഷനിൽ നിന്നുമുള്ള താങ്ങും തണലും സുരക്ഷിതത്വവും ആഗ്രഹിക്കുമ്പോൾ, പുരുഷനോ സ്ത്രീയിൽ നിന്നും അവളുടെ സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നു. അതിനാൽ തന്നെ തങ്ങളിലെ ഈ അപൂർണ്ണതയെ പൂർണ്ണമാക്കാൻ പുരുഷന് സ്ത്രീയും സ്ത്രീയ്ക്ക് പുരുഷനും കൂടിയേ തീരൂ. അത് കൊണ്ട് തന്നെ, തങ്ങളുടെ തന്നെ പാതിയായ, അല്ലെങ്കിൽ ഭാഗമായിരിക്കുന്ന സ്ത്രീയേ അംഗീകരിച്ച് ഒപ്പം ചേർത്ത് നിർത്തുന്നില്ല എങ്കിൽ, അവനൊരിക്കലും ഒരു പൂർണ്ണനായ പുരുഷനായി മാറുന്നില്ല.

ഈ ഒരു മഹാതത്വം തന്നെയാണ്, പകുതി ശിവനും പകുതി പാർവ്വതിയും ഒന്ന് ചേർന്ന അർദ്ധനാരീശ്വര സങ്കല്പത്തിലൂടെ ജ്ഞാനികൾ നമ്മെ പഠിപ്പിക്കുന്നത്. അർദ്ധനാരീശ്വര സങ്കല്പത്തിലെ പാർവ്വതി ഭൗതികതയെ അല്ലെങ്കിൽ പ്രകൃതിയേ അല്ലെങ്കിൽ ശക്തിയേ പ്രതിനിധാനം ചെയ്യുമ്പോൾ, ശിവൻ ആത്മീയതയേ അല്ലെങ്കിൽ ബോധത്തെ അല്ലെങ്കിൽ പ്രജ്ഞയേ പ്രതിനിധീകരിക്കുന്നു. പ്രകൃതി ഈ പ്രജ്ഞയോട് കൂടി ചെരുമ്പോഴാണ് ജീവൻ ആവിർഭവിക്കുന്നത്. ഇത് തന്നെയാണ് പുരുഷനിലൂടെയും സ്ത്രീയിലൂടെയും കാണേണ്ടതും. അത് കൊണ്ട് തന്നെ, അവർ ഇരുവർക്കും തുല്യ പ്രാധാന്യമാണ് ഉള്ളതും. “ഓരോ പുരുഷന്റെയും ജീവിതവിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കും” എന്ന സത്യവും നമ്മൾ കേട്ടിട്ടുള്ളതാണല്ലോ അതിൽ നിന്നും, ഏതൊരു പുരുഷന്റെയും ജീവിതത്തിൽ സ്ത്രീയ്ക്കുള്ള പ്രാധാന്യം എത്ര മാത്രമാണ് എന്നത് അറിയുവാൻ കഴിയും. ഓരോ പുരുഷന്റെയും ജീവിതത്തിൽ, അവരെ സ്വാധീനിച്ച, അവർക്ക് മതിപ്പ് തോന്നിയ എത്രയെത്ര സ്ത്രീകൾ ഉണ്ടായിരിക്കാം.

എന്നാൽ ഇതൊന്നുമറിയാത്ത, അല്ലെങ്കിൽ അറിയാൻ ശ്രെമിക്കാത്ത, അതുമല്ലെങ്കിൽ അറിയാൻ താല്പര്യമില്ലാത്ത സ്വാർത്ഥമതികളായ പുരുഷൻമാരോ, സ്ത്രീകളെ തങ്ങളുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി മാത്രമുള്ള വെറും ഉപകരണങ്ങളായി കരുതുന്നു. പരസ്പരം താങ്ങും തണലുമായി, സ്നേഹവും അംഗീകാരവും പരസ്പരം കൈമാറി തങ്ങളുടെ ജീവിതവിജയം സാധ്യമാക്കേണ്ടതിന് പകരം, ഇന്നത്തെ തലമുറയിലെ പുരുഷൻമാർ താലി കെട്ടി സ്ത്രീകളെ അടിമകളാക്കാൻ, ഭരിക്കാൻ, അവളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ, അവളുടെ പേരിലുള്ള സ്വത്ത്‌ തട്ടിയെടുക്കാൻ ഒക്കെയുള്ള അധികാരം നേടുന്നു.

പണ്ടത്തെ കാലത്ത് പെൺകുട്ടികൾക്ക് പിതാവ് തന്റെയൊരു സന്തോഷത്തിനായി, ” വരദക്ഷിണ” എന്ന പേരിൽ കൊടുത്തിരുന്ന സമ്മാനത്തെ ഇന്ന് പുരുഷൻമാർ തങ്ങളുടെ അവകാശമാക്കി മാറ്റിയെടുത്തിരിക്കുന്നു. എന്നാലോ ഇതെല്ലാം കൊടുത്താൽ പോലും, അവളെ അവളായിത്തന്നെ കണ്ട് ഒന്ന് സ്നേഹിക്കാനോ, അംഗീകരിക്കാനോ, അവളുടെ ഇഷ്ടങ്ങൾ അറിയാനോ, അറിഞ്ഞാൽ തന്നെ അവയ്ക്ക് വില കൽപ്പിക്കാനോ പലരും താല്പര്യം കാണിക്കാറില്ല. അവരുടെ ന്യായമായ ആവശ്യങ്ങൾ പോലും അറിയാനോ അംഗീകരിക്കാനോ ശ്രെമിക്കുന്നില്ല. അങ്ങനെ എത്രയെത്ര സ്ത്രീകളാണ് വിവാഹജീവിതമെന്ന തടങ്കലിനുള്ളിൽ പെട്ട് തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പണയം വെച്ച് എരിഞ്ഞമരുന്നത്.

എന്നാൽ സ്ത്രീകളെ ഇങ്ങനെ അടിമകളാക്കുന്ന പുരുഷന്മാർ ഒന്ന് മനസ്സിലാക്കുന്നില്ല. അവളുടെ മേൽ നിങ്ങൾ എത്ര തന്നെ ആധിപത്യം സ്ഥാപിച്ചാലും അവളുടെ ” മനസ്സ് ” എന്നുള്ള ഒന്ന് നിങ്ങൾക്ക് നേടാനായില്ല എങ്കിൽ, അവളിൽ നിന്നും ഒന്നും തന്നെ നിങ്ങൾക്ക് നേടാനാകില്ല എന്ന്. കാരണം, അതിക്രമിച്ചോ പിടിച്ചു പറിച്ചോ നിങ്ങൾ അവളിൽ നിന്നും തട്ടിയെടുക്കുന്നതിനൊന്നിനും തന്നെ, യഥാർത്ഥത്തിൽ കിട്ടേണ്ടതിന്റെ പകുതി പോലും സന്തോഷമോ സുഖമോ ഉണ്ടാവില്ലഎന്നതാണ് വാസ്തവം. പിടിച്ചു വാങ്ങുന്നതിലല്ല, മറിച്ച് ചോദിക്കാതെ തന്നെ അവളിൽ നിന്നും ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിലാണ് ഒരു പുരുഷന്റെ വിജയം.

ഒരു സ്ത്രീയ്ക്ക് അവളുടെ മനസ്സിന്റെ സന്തോഷം, തൃപ്തി ആണ് ഏറ്റവും പ്രധാനം. മറ്റെന്തെല്ലാം ഭൗതിക വസ്തുക്കൾ നിങ്ങൾ അവൾക്ക് കൊടുത്താലും അവളുടെ മനസ്സിന് പൂർണ്ണമായും സന്തോഷം കിട്ടുന്നില്ല എങ്കിൽ, എന്ത് തന്നെ കൊടുത്തത് കൊണ്ടും ഒരു പ്രയോജനവും ഉണ്ടാകുന്നതല്ല. എന്നാൽ മനസ്സിന് സന്തോഷം കൊടുക്കാനോ, നിങ്ങൾ അധികമൊന്നും ചെയ്യേണ്ടതുമില്ല. അവൾക്ക് പറയാനുള്ള കാര്യങ്ങൾ ശ്രെദ്ധയോടെ കേൾക്കുവാനുള്ള ഒരു മനസ്സ് കാണിക്കുക, അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ചോദിച്ചു മനസിലാക്കുക. നിങ്ങളെക്കൊണ്ട് കഴിയുന്നതാണെങ്കിൽ സാധിച്ചു കൊടുക്കുക. അല്ലെങ്കിൽ സ്നേഹപൂർവ്വം പറഞ്ഞു മനസിലാക്കുക.

അവൾക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ അവളെയൊന്ന് അശ്വസിപ്പിക്കുക. അവളുടെ ഏത് പ്രശ്നങ്ങളും പരിഹരിക്കാൻ കൂടെയുണ്ടാവുക ഇത്രയുമൊക്കെ മതി ഒരു സാധാരണ പെണ്ണിന്റ മനസ്സിന് സന്തോഷം ഉണ്ടാകാൻ. ഈ രീതിയിൽ അവളോട്‌ പെരുമാറി അവളുടെ പൂർണ്ണമായ സ്നേഹവും ബഹുമാനവും നേടാനായെങ്കിൽ മാത്രമേ അവളെ പൂർണ്ണമായും നിങ്ങൾക്ക് ലഭിക്കൂ. അവൾ പൂർണ്ണമായും നിങ്ങളുടെ സ്വന്തമായി എന്ന് പറയുവാൻ കഴിയൂ. അവളിൽ നിന്നുമുള്ള പൂർണ്ണ സ്നേഹം നിങ്ങൾക്ക് ലഭിക്കൂ. ഇങ്ങനെയൊന്നും ചെയ്യാതെ സ്ത്രീകൾ തങ്ങളെ സ്നേഹിക്കുന്നില്ല ബഹുമാനിക്കുന്നില്ല എന്ന് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

കാരണം അവളോടുള്ള മാന്യമായ പെരുമാറ്റത്തിലൂടെ അവൾക്ക് സ്നേഹവും അംഗീകാരവും കൊടുത്തെങ്കിൽ മാത്രമേ നിങ്ങൾക്കത് തിരിച്ചും കിട്ടൂ. ഒരാളോട് നമുക്ക് ബഹുമാനം തോന്നണമെങ്കിൽ അത്, അവരുടെ നമ്മളോടുള്ള പെരുമാറ്റത്തിൽ നിന്നും നമുക്ക് സ്വയം തോന്നേണ്ടതാണ്, അല്ലാതെ അതൊരിക്കലും എത്ര അവകാശം ഉണ്ടെങ്കിൽ പോലും, ആരും പിടിച്ചു വാങ്ങാൻ നോക്കിയാൽ കിട്ടുന്ന ഒന്നല്ല.
ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോട് ഒരു പ്രണയിനിയോട് എന്നത് പോലെയല്ല, ഒരു സുഹൃത്തിനോട്, എന്നത് പോലെ വേണം പെരുമാറാൻ. കാരണം പ്രണയബന്ധത്തിൽ പലപ്പോഴും, തന്റെ പ്രണയിനി തന്റെ മാത്രം സ്വന്തമാണ്, മറ്റുള്ളവരോടാരോടും ഇടപഴകുന്നത് പോലും തെറ്റാണ്, എന്നുള്ള ഒരു സ്വാർത്ഥമനോഭാവം വരാം. എന്നാൽ, സൗഹൃദങ്ങളിൽ ഒരിക്കലും സുഹൃത്തുക്കളുടെ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ആരും പരസ്പരം ഇടപെടാറില്ല.

പരസ്പര ബഹുമാനം ഉണ്ടാവുകയും ചെയ്യും. അത് കൊണ്ട് തന്നെ, ഭാര്യാ ഭർത്താക്കന്മാർ തമ്മിലും പരസ്പരം അവരുടെ തെറ്റല്ലാത്ത, സ്വന്തം ഇഷ്ടങ്ങളേക്കൂടി അംഗീകരിച്ചു കൊണ്ടുള്ള, മാനിച്ചു കൊണ്ടുള്ള ഒരു സൗഹൃദബന്ധമാണ് എപ്പോഴും ഉണ്ടായിരിക്കേണ്ടത്.
സ്ത്രീകൾ തങ്ങൾക്ക് വേണ്ട മനഃസംതൃപ്തിയും പരിഗണനയും ഒന്നും, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള പേരുകളിൽ, തുല്യതയ്ക്കായി സമരം ചെയ്തോ മത്സരിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. (എന്റെ അഭിപ്രായം ) മറിച്ച് മാറ്റം മനസ്സുകളിൽ നിന്നുമാണ് തുടങ്ങേണ്ടത്. അതിന് ഓരോ സ്ത്രീകളും തങ്ങളുടെ ആൺമക്കളെ ഒരു പെണ്ണിനോട് എങ്ങനെ മാന്യമായി പെരുമാറണം എന്നുള്ളത് ചെറുപ്പം മുതൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. സ്വന്തം അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു പുരുഷനും സ്വന്തം ഭാര്യയോടെന്നല്ല, വഴിയിൽ ഒറ്റയ്ക്കാക്കപ്പെട്ട അപരിചിതയായ ഒരു പെണ്ണിനോട് പോലും അപമര്യാദയായി ഒരിക്കലും പെരുമാറില്ല, ഏതൊരു പെണ്ണിനോടും, അവൾക്ക് തന്നോട് പൂർണ്ണമായ താല്പര്യമുണ്ടെന്നുള്ള ഉറപ്പോടെയല്ലാതെ, അവളുടെ പൂർണ്ണസമ്മതത്തോടെയല്ലാതെ, ബലാത്കാരമായി ഒരു പെണ്ണിനോടും ഇടപഴകാനോ, ശല്യം ചെയ്യാനോ ഒരിക്കലും പോവില്ല. അങ്ങനെയുള്ള പെരുമാറ്റങ്ങളിൽ നിന്നുമൊക്കെയാണ് ഒരു പുരുഷന്റെ മാന്യത യഥാർത്ഥത്തിൽ സ്ത്രീകൾ തിരിച്ചറിയുന്നതും.

ഇരകൾക്ക് കിട്ടേണ്ട നീതി പോലും കിട്ടാത്ത ഇന്നത്തെ കാലത്ത് സത്യത്തിൽ എന്തിനായി ഒരു വനിതാ ദിനം തന്നെ ആചരിക്കണം. കന്യാസ്ത്രീകൾ, തിരുസഭ നൽകിയ വസ്ത്രം സ്വീകരിച്ച ക്രിസ്തുവിന്റെ മണവാട്ടിമാർ, ഒരിക്കലും ഒന്നിനും കള്ളം പറയില്ല, എന്നായിരുന്നു ഇത് വരെയുള്ള എന്റെ വിശ്വാസം. എന്നാൽ ഇന്ന്, നിഷ്‌ക്കളങ്കരായ ആ കന്യാസ്ത്രീകളെ വരെ കള്ളം പറയുന്നവരെന്ന് വരുത്തിത്തീർക്കുന്നു. മാന്യൻമാരെ അപകീർത്തിപ്പെടുത്താൻ പരാതി കൊടുക്കുന്നവരാക്കി മാറ്റുന്നു. ഒരു പെണ്ണിനെതിരെ പോലും, പീഡിപ്പിക്കാൻ വരെ കൊട്ടേഷൻ കൊടുത്തവർ പോലും ഇന്നും മാന്യന്മാരായി സമൂഹത്തിൽ കഴിയുന്നു. എന്നാൽ അങ്ങനെയുള്ളവരുടെ ഭാഗം ചേരാൻ പുരുഷന്മാർ എന്നല്ല, സ്ത്രീകൾ പോലും ഉണ്ട് എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.

സത്യത്തിൽ ഈ ഇരകളൊക്കെ എത്രയെത്ര ഭീഷണികളെയും മാനക്കേടുകളെയും അതിജീവിച്ചാവാം ആവോളം പണവും, എന്തിനുമുള്ള സ്വാധീനശക്തിയുമുമുള്ള കരുത്തരായ പ്രതികൾക്കെതിരെ പൊരുതാൻ തയ്യാറായി ഇറങ്ങിയിട്ടുണ്ടാവുക. എന്നാൽ, ഇന്നിപ്പോൾ ഇരകളാക്കപ്പെടുന്ന ബലഹീനർ, അവരുടെ ആ സമയത്തുണ്ടാകുന്ന ശാരീരിക, മാനസിക സംഘർഷങ്ങളോടൊപ്പം തന്നെ, ശക്തരായിട്ടുള്ള പ്രതികൾക്കെതിരെയുള്ള തെളിവ് ശേഖരിക്കുന്നതിലോ പണം മുടക്കുന്നതിലോ ലേശം പരാജയപ്പെട്ട് പോയെന്ന് വന്നാൽ, വീണ്ടും അവർ തന്നെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യരായി മാറുന്നു.

അതിനാൽ തന്നെ ഇന്നത്തെ സ്ത്രീകൾ കൂടുതൽ കൂടുതൽ അതിജീവനത്തിനുള്ള കരുത്ത് ആർജ്ജിക്കേണ്ടിയിരിക്കുന്നു. പണവും സ്വാധീനശക്തിയും ഉണ്ടെങ്കിൽ എന്ത് തെറ്റ് തന്നെ ചെയ്താലും പ്രതികൾക്ക് ശിക്ഷ കിട്ടില്ലെന്ന്‌ അത്രയ്ക്കുറപ്പുള്ളത് കൊണ്ട് മാത്രമാണ്, ഇന്നിപ്പോൾ ഇത്രയും കുറ്റകൃത്യങ്ങൾ സമൂഹത്തിൽ കൂടിക്കൂടി വരുന്നതും.
സ്ത്രീകളോടും പ്രകൃതിയോടും മാന്യമായി പെരുമാറിയാൽ, സ്നേഹിച്ചാൽ അവർ എന്തും സഹിക്കും. എന്തും തരും. അല്ലാത്ത സാഹചര്യങ്ങളിലാണ് ദുരന്തങ്ങൾ ഉണ്ടാകുന്നതും. അതിനാലാവാം
” യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ” (എവിടെ നാരികൾ പൂജിക്കപ്പെടുന്നുവോ അവിടെ ദേവകൾ പ്രസാദിക്കുന്നു ) എന്ന് മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്നത്. സ്ത്രീകൾ സന്തോഷമായിരിക്കുന്നിടത്ത് ഐശ്വര്യവും ഉണ്ടാകുന്നു. എന്നാൽ പൂജിച്ചില്ലെങ്കിലും അവളെ അവഗണിക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടെ. പൂജിക്കപ്പെടുവാനല്ല, മറിച്ച് അവൾ കൊതിക്കുന്ന, ആഗ്രഹിക്കുന്ന ഒരിത്തിരി സ്നേഹം കൊടുക്കുന്നത് ആര് തന്നെയായാലും, “അവനെ പൂജിക്കുവാനാണ് ” അവൾ ആഗ്രഹിക്കുന്നത്.

തുല്യത നേടുവാനല്ല, ” തനിക്ക് സ്നേഹം തരുന്നവന്റെ ദാസിയാകുവാനാണ് ഒരു സാധാരണ പെണ്ണ് എന്നും ആഗ്രഹിക്കുന്നത് “. എന്നാൽ, ഈ മേന്മകളെല്ലാം അവളിൽ നിന്നും ലഭിക്കുന്നതോ, അവളിൽ നിന്നും ഇതെല്ലാം സ്നേഹവും അംഗീകാരവും കൊടുത്ത് കൊണ്ട് നേടിയെടുക്കാനുള്ള കഴിവുള്ളവർക്ക് മാത്രവും.
ഇന്നത്തെ കാലത്തിന് യോജിച്ച രീതിയിൽ ഇന്നിപ്പോൾ പെണ്ണിന്റ മനസ്സ് കുറെയൊക്കെ മാറിയിട്ടുണ്ട് എന്നുള്ളതും ഒരു സത്യം തന്നെയാണ്. ഇന്നിപ്പോൾ, തന്നെ അംഗീകരിക്കാത്ത, അവഗണിക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ, അത് തന്നെ ഓർത്ത് മനസ്സ് വിഷമിച്ചിരിക്കാൻ നിൽക്കാതെ അവൾ, അവൾക്ക് മാനസിക സന്തോഷം കിട്ടുന്ന മറ്റു പല കാര്യങ്ങളിലേയ്ക്കും ശ്രെദ്ധ കേന്ദ്രീകരിക്കുന്നു എന്നുള്ളത് അഭിനന്ദനാർഹമായ ഒരു കാര്യം തന്നെയാണ്.
ഇന്ന് മാർച്ച്‌ 8,
അന്താരാഷ്ട്ര വനിതാ ദിനം….
എന്റെ അമ്മമാരും സഹോദരിമാരും സുഹൃത്തുക്കളും മക്കളുമായ എല്ലാ
മാന്യ വനിതാരത്നങ്ങൾക്കും….
ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ 🌹

മായ അനൂപ്

By ivayana