രചന : ടി.എം നവാസ് വളാഞ്ചേരി✍
വേദമൊന്നു പമിച്ച കൃഷിയിടമായുള്ള
നാരിതൻ വൈശിഷ്ഠ്യമേറെയത്രെ
മണ്ണിൽ പണിയുമാ കർഷകൻ ക്ഷമയതു
നാരിതൻ മാരന് വേണമത്രെ
വിത്തിട്ട് വളമിട്ട് ക്ഷമയാലെ വിളവിനായ്
കാക്കുന്ന മനുജന്റെ മനമറിഞ്ഞോ
മണ്ണൊന്നൊരുക്കിടും പൊന്നുപോൽ നോക്കിടും
വിളയതിൻ കാവലായ് നിന്നിടുന്നോൻ
കാല വിപത്തതു ക്ഷമയോടെ നേരിടും
പതറുംമനസ്സ് പിടിച്ചു കെട്ടും
അറിയാനൊരു യുഗം വേണ്ടുള്ള പെണ്ണിൽ
അലിയാൻ നിമിഷങ്ങൾ മാത്രമത്രെ
വേദമന്നെ ചൊല്ലി നാരിയെ സൃഷ്ടിച്ചു
വാരിയെല്ലൊന്ന് വളഞ്ഞതിനാൽ
പുത്രിയായ് പെങ്ങളായ് നാരിയായ് അമ്മയായ്
മുത്തശ്ശിക്കഥ ചൊല്ലുമമ്മൂമ്മയായ്
വേഷമതൊട്ടേറെ കെട്ടിടും നാരിയെ
പൊന്നാക്കി മാറ്റിടാം കൂട്ടുകാരെ
ഇരു കൈകൾ കൊട്ടാതെ ഇരു കൈകൾ കോർത്തിട്ട്
ക്ഷമയാലെ ചേർത്ത് പിടിച്ചിടുകിൽ
ഒരുമെയ്യായ് മാറിടാം സ്നേഹപ്പൂ കോർത്തിടാം
പൂന്തേൻ നുകർന്നിടാം ജീവിതത്തിൽ.