രചന : പള്ളിയിൽ മണികണ്ഠൻ✍

കാറ്റിലുലഞ്ഞുകൊഴിഞ്ഞോരരയാ-
ലിലകളിലൊന്നതെടുക്കാൻ
വെമ്പലുണർന്നെന്നുൾക്കോണിൽ ഞാ-
നാലിലമെല്ലെയെടുക്കേ,
അരുതരുതാലിലയവളുടെയണിവയ-
റാണെന്നൊരുസ്വരമെന്റെ
അകമേനിന്നശരീരികണക്കെ-
യുയർന്നെൻ ത്വരയെ വിലക്കി.
ചന്ദനലേപനമുടലുമുഴുക്കെ-
യണിഞ്ഞതുപോലെൻ തൊടിയിൽ മഞ്ജിമയോടൊരു ചെമ്പകമങ്ങനെ
പൂത്തുനിറഞ്ഞുചിരിക്കേ,
അവയിൽനിന്നൊരുപൂനുള്ളാൻ ഞാ-
നൊരുനാൾ കൈ നീട്ടുമ്പോൾ
“അവളുടെയുടലിൻ നിറമാണീപൂ –
‘വ്വരുതെ”ന്നുള്ളു വിലക്കി.
ഇടവഴിയോരത്തഴകോടൊരുചെ-
ന്തെങ്ങിളനീർകുല കാൺകേ
ഉള്ളിലെനിയ്ക്കൊരു കൊതിയായതിനുടെ
കവിളുകളൊന്നുതൊടാൻ.
കയ്യെത്തുന്നൊരു ദൂരത്തെചെറു-
തെങ്ങിളനീരുതൊടുംനേരം
“അവളുടെ സ്തനമാണരുതെ”ന്നെന്നുടെ
ഉള്ള് വിലക്കീ വീണ്ടും.
എത്രമനോഹരമാണീഭൂവിലെ-
യോരോ വസ്തുവുമെന്നാൽ
കൊതിയോടവകളിലൊന്നുതൊടാൻ ഞാൻ
പതിയെ ചെല്ലുംനേരം,
“അവളുടെ കണ്ണാണവളുടെ ചുണ്ടാ-
ണവളുടെ കവിളെ”ന്നൊക്കെ
എന്നെവിലക്കുകയാണാവേളയി-
ലെന്നകമേനിന്നാരോ.
എന്തിതുകാരണമീവിധമിങ്ങനെ
ചിന്തകളെന്നെ തടയാ-
നെന്നൊരസ്വസ്വസ്ഥതയെന്നിൽനിറ-
ഞ്ഞതിചിന്താഭാരത്തോടെ,
ഞാനൊരുസന്ധ്യാനേരത്തലസത-
യോടെ ചുരുണ്ടുകിടക്കേ,
ഉത്തരമാകിയ സത്യമതാരോ
എന്നോടുള്ളിൽ മൊഴിഞ്ഞു.
“പരമേശ്വരനരമാത്രം, പൂർണ്ണത-
യരശ്രീപാർവ്വതിചേർന്നാൽ.
അഖിലം സ്ത്രീമയമവളില്ലെങ്കിൽ
ഉലകിൽ പിറവിയുമില്ല.”
എന്തിലുമുണ്ടരനാരിയതെന്നൊരു സത്യമറിഞ്ഞതിനാൽ ഞാൻ
അന്നുമുതൽക്കെൻ മുമ്പിൽനിൽപ്പതി-
ലൊക്കെ കാൺമൂ സ്ത്രീയെ.

പള്ളിയിൽ മണികണ്ഠൻ

By ivayana