രചന : ഷൈലജ O.k✍

രു ചെമ്പനീർ പൂവുപോലെ മനോഹാരിത, ചെന്താമര നയനങ്ങൾ, വാർകൂന്തൽ… വശ്യമാർന്ന, ശാലീന വദനം ആരിലും ഇഷ്ടം തോന്നിച്ചിരുന്നു… പക്ഷേ ശ്യാമയുടെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു… അവൾ അതിനു പിറകെ തന്നെ പോയി കാലം കഴിച്ചില്ല… തനിക്കു താൻ മാത്രം എന്ന സത്യം ഉൾക്കൊണ്ടു തന്നെ…. പ്രതിസന്ധികളോട് പൊരുതി മുന്നേറികൊണ്ട് വന്നു…

ചിലപ്പോഴൊക്കെ അവളൊന്നു പിറകോട്ടു നോക്കും താൻ വന്ന വഴികൾ….
ഏതൊരാളുടെയും ജീവിതത്തിൽ അച്ഛനമ്മമാരിൽ നിന്നും കിട്ടുന്ന സ്നേഹവാത്സല്യവും കരുതലുമാണ്…. ആ സ്നേഹപ്രഭ ജീവിതത്തിലുടനീളം സ്വാധീനിക്കുന്നു. ഈ സൗഭാഗ്യം ലഭിക്കുന്നവർ അനുഗ്രഹീതാരാണ്.
അച്ഛൻ എന്ന മൂന്നക്ഷരം… അതിന്റെ അർത്ഥമോ, വ്യാപ്തിയോ, സ്നേഹസാഗരത്തിന്നാഴമോ അനുഭവിച്ചറിയാൻ ഒരു മാത്ര പോലും അവൾക്ക് ഭാഗ്യമുണ്ടായില്ല അതൊരു സമസ്യ ആയിരുന്നു.

വാക്കുകളിലൂടെ അച്ഛനെന്ന സത്യം മനസ്സിൽ പതിഞ്ഞുവെങ്കിലും… ആ പ്രതിബിംബം എങ്ങനെയെന്ന് പലവട്ടം പലതായി കണ്ടു ചിന്തയും സ്വപ്നങ്ങളുമായി കഴിഞ്ഞുപോയി ബാല്യ കൗമാരകാലം മുഴുവനും….
അമ്മ എന്ന നെയ്തിരി നാളത്തിൻ വെളിച്ചത്തിലായിരുന്നു ജീവിതയാത്ര… കഷ്ടപ്പാടിന്റെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും.. നിറക്കൂട്ടുകളിൽ സ്നേഹവും കരുതലും ചലിച്ചെടുത്തതൂവൽസ്പർശമായിരുന്നു മാതൃവാത്സല്യം.
മാതാവിന്റെ കണ്ണിലൂടെ മാത്രം സ്നേഹത്തിന്റെ ഭാഷയറിഞ്ഞു മുന്നോട്ട് പോകവേ… സൗഹൃദങ്ങൾ സാന്ത്വനമേകി. നിറങ്ങളും, വർണ്ണങ്ങളുമില്ലാതെ… ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു മുന്നോട്ട് നയിച്ചിരുന്നത്…

പക്ഷേ സ്നേഹഗായകനായി വന്നെത്തിയ പൂങ്കിയിലിന്റെ മാസ്മരികതയിൽ പാവം മാതൃഹൃദയം വീണുപോയി. സുരക്ഷിതമായ ജീവിതം മകൾക്കുണ്ടാകുമെന്ന ആൽമവിശ്വാസം അവരിലെ കർത്തവ്യം നിറവേറ്റി… സുമംഗലിയായ മകളെ കണ്ടു അമ്മ മനസ്സ് നിർവൃതി കൊണ്ടു.

പക്ഷേ ആ വിശ്വാസം തെറ്റായിരുന്നു എന്ന് ബോധ്യപെടുമ്പോഴേക്കും.. മകളുടെ ജീവിതം അസ്വാതന്ത്ര്യത്തിന്റെയും, ചൂഷണത്തിന്റെയും കരാളഹസ്തങ്ങളിൽ പ്പെട്ടു ഞെരിഞ്ഞമർന്നു പോയിരുന്നു… അതിൽ നിന്നും മോചനമില്ലാതെ ഉത്തരവാദിത്വങ്ങൾ അവളെ മുറുകെ പിടിച്ചു കൊണ്ടിരുന്നു… അതിന്റെയവസാനം അനാരോഗ്യം മാത്രം… ഇതിനിടയിൽ ഉന്തിയും തള്ളിയും, ഇഴഞ്ഞും കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു.
ത്യാഗിയായ മാതാവിന്റെ ഹൃദയശുദ്ധിയും, പ്രാർത്ഥനയും, മക്കളുടെ ഭാഗ്യവും കൊണ്ടു ശ്യാമ ഇന്നും അവർക്കു മുൻപിൽ മെഴുകിതിരി നാളമായി…. പ്രകാശമേകുന്നു..
ഒരു നിമിത്തം പോലെ അവൾക്ക് മുന്നിലെ പുകമറ യാദൃശ്ചികമായി നീങ്ങിപോകുന്നത് അവളറിഞ്ഞു.

മെല്ലെ മെല്ലെ ജനലഴിക്കുള്ളിലൂടെ അർക്കരസ്മികൾ അവളെ ഉമ്മ വെക്കുന്നത് അവളറിഞ്ഞു തുടങ്ങി… കിളികളും പൂക്കളും അവളോട്‌ കിന്നാരം പറഞ്ഞപ്പോൾ അവളുടെ നയനങ്ങളിലെ ജല കണികകൾ മാഞ്ഞു പോയി. അവളിൽ ചൈതന്യം ഉണർന്നു. രോഗലസ്യം വിട്ടവൾ മുറിക്കു പുറത്തിറങ്ങി.
മണ്ണിലവളുടെ പാദ സ്പർശമേറ്റപ്പോൾ ഇളം തെന്നൽ അവളെയാലിംഗനം ചെയ്തു. പ്രകൃതിയവളുടെ ഹൃദയതുടിപ്പറിഞ്ഞു…

അവളുടെ നോവുകളും, നൊമ്പരങ്ങളും, പ്രതിഷേധങ്ങളും, പ്രതികരണങ്ങളും…. വാക്കുകളും വരികളുമായി വാർന്നോഴുകി…
അവളിലെ സർഗ്ഗവാസന ഉണർന്നതോടെ നിസ്വാർത്ഥരായ സ്നേഹ സൗഹൃദം ചേർത്തു പിടിച്ചു.. വഴികാട്ടി… അവളും അവരിലൊരാളായി വീണ്ടും യാത്ര തുടങ്ങി….
ആ സ്നേഹാരാമത്തിൽ അക്ഷരമലരുകൾ പല വർണങ്ങളിൽ വിടർന്നു പരിമളം പരത്തി… നവകുസുമങ്ങളുടെ സൗന്ദര്യവും സൗരഭ്യവും പ്രകൃതി ഹൃദയത്തിലേറ്റ് വാങ്ങിയപ്പോൾ അവൾ ചാരിതാർഥ്യയായി… അവളുടെ മാതാവിൻ മനം… ജന്മസാഫല്യം നേടി….

തൻ പതിയുടെ തുണയില്ലാതെ വളർത്തിയ മകൾ യാത്രയിൽ തളർന്നു പോയെങ്കിലും… വീണ്ടും ഉയിർത്തെഴുന്നേറ്റുവല്ലോ…. നന്മയുടെ വെളിച്ചം അണഞ്ഞു പോകില്ല…..

By ivayana