വാസുദേവൻ കെ വി ✍

“ഞാനും സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. പെണ്ണ് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്.”
– അക്കൈ പദ്മശാലി

പുറത്തോട്ട് നോക്കേണ്ടതില്ല അകത്തളത്തിൽ കണ്ണൊടിക്കുക ആർക്കും കാണാനാവുന്ന വിശ്രമമില്ലാത്ത പെൺ ദിനരാത്രങ്ങൾ. കുറ്റപ്പെടുത്തലുകൾ, അംഗീകരിക്കാതിരിക്കൽ, ശാരീരിക അവശതകൾ മറന്ന് നമ്മുടെ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ, ഇണ. അവരെ ഓർക്കാൻ ആണ്ടിൽ ഒരു ദിനാചരണം മതിയാകുമോ?!!

പെണ്ണായിപിറന്നവർ പലരും പലപ്പോഴും കൊതിക്കുന്നത് ‘ആണായി പിറന്നിരുന്നെങ്കിൽ’!!
ആൺ അവയവങ്ങളുമായി പിറന്ന് പെണ്ണായി മാറാൻ കൊതിച്ച ജഗദീഷ്. ബാംഗ്ലൂർ ചമരാജ്പേട്ടിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ മകനായി പിറന്നു വളർന്നവൻ. സ്ത്രൈണ മോഹങ്ങളുമായി കൗമാരം. പെറ്റമ്മ പോലും ഉൾക്കൊള്ളാൻ ആവാതെ വീട്ടിൽ നിന്നും ഇറക്കി വിട്ടവൻ. തെരുവിൽ അവനെ കാത്ത് ലൈംഗിക ദാരിദ്യങ്ങൾ. വീട് തന്നെ ഭേദം എന്ന് തിരിച്ചറിഞ്ഞു മടങ്ങി വന്ന് പിന്നീട് ഉപരിപഠനം. ക്യാമ്പസ്സിൽ സഹപാഠികളാൽ ക്രൂര ലൈംഗിക പീഡനം. പരാജയപ്പെട്ട ആത്മഹത്യശ്രമങ്ങൾ.പഠനം മുടങ്ങി വീണ്ടും തെരുവിൽ. ഭിന്ന ലിംഗക്കാർക്കൊപ്പം തുടർ ജീവിതം.

മനുഷ്യത്വത്തിലേക്കുള്ള ലേക്കുള്ള പ്രയാണം, അക്കൈ പദ്മശാലി അവകാശപ്പെടുന്ന തീക്ഷ്ണജീവിതത്തിന്റെ അക്ഷര മുഖം. നീതിക്കായി അവളുടെ പോരാട്ടങ്ങൾ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ വിശാലമാനം കൈവരിച്ചു. അമ്മയാകാനുള്ള അദമ്യദാഹത്തിൽ ദത്തെടുത്ത മകനായുള്ള സമർപ്പണമാണ് അക്കൈ പദ്മശാലി എന്ന ട്രാൻസ്വുമണിന്റെ ജീവിതകഥ, “നെടുമ്പാതയിലെ ചെറുചുവട് “.

‘പ്രതിരോധമാണ് എന്റെ സ്വത്വം, അക്രമത്തിനും ലിംഗവിവേചനത്തിനും പുരുഷാധിപത്യ ചിന്തയ്‌ക്കും മുതലാളിത്ത മനോഭാവത്തിനും മൗലികവാദങ്ങൾക്കും വലതുപക്ഷ രാഷ്ട്രീയത്തിനുമെതിരായ പ്രതിരോധത്തിലാണെന്റെ നിലനിൽപ്പ് “
ലിംഗമാറ്റ ശസ്ത്രക്രിയയും സിലിക്കോൺ ഇംപ്ലാന്റും ലേസർ ചികിത്സയും പോരാ പരിഹാരമാകില്ല. സമൂഹ ചിന്താധാരകൾക്കാണ് പരിവർത്തനം വേണ്ടതെന്നു അക്കൈ തന്റെ ജീവിത കഥയിലൂടെ ചൂണ്ടി കാട്ടുന്നു. കർണാടക രാജ്യോത്സവ് ഹബ്ബ പുരസ്‌കാരം , രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണം, സർവകലാശാലകളുടെയും ആർബിഐയുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും ബഹുമതികൾ തുടങ്ങി തനിക്ക്‌ ലഭിച്ച അംഗീകാരങ്ങൾ സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ? എന്റെ ജീവിതം ഏതെങ്കിലും രീതിയിൽ മാറിയോ? ഞാനുൾപ്പെട്ട സമുദായം മാറിയോ? എന്നീ ചോദ്യങ്ങളാണ്‌ അക്ക ഉന്നയിക്കുന്നത്‌.

ലൈംഗിക ന്യൂനപക്ഷത്തെ കുറ്റക്കാരാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ കുപ്രസിദ്ധമായ 377–ാം വകുപ്പ് റദ്ദാക്കിയ 2018 സെപ്തംബർ ആറിലെ ചരിത്രപരമായ വിധിക്കുപിന്നിൽ അക്ഷീണം പ്രവർത്തിച്ച വ്യക്തി അക്കൈ പദ്മശാലി. കേന്ദ്രസർക്കാർ ഹിജറ സംസ്കാരം സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചു നടപ്പിലാക്കിയ ട്രാൻസ്ജെൻഡർ ആക്ടിലെ മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരെ പൊതുസമൂഹത്തിന്റെ അവബോധം ഉണർത്താനും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനുമുള്ള ശ്രമത്തിൽ പോരാട്ടജീവിതം തുടരുകയാണ് ഇപ്പോൾ ഇവർ .

വാത്സല്യനിധിയായ വളർത്തമ്മ, സമൂഹ നീതിക്കായി പ്രക്ഷോഭകാരി, കെടാത്ത ആത്മധൈര്യം.. അക്കൈയുടെ ജീവിതം അടയാളപ്പെടുത്തുന്ന നെടുമ്പാതയിലെ ചെറുചുവട് -ജീവിതം വായന തീക്ഷ്ണാനുഭവമാക്കുന്നു. അമേരിക്കയിൽ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ ഗൗരി വിജയകുമാർ എഴുതിയ അക്കൈയുടെ ജീവിതമാണ് ‘One Small Step in a Long Journey: A memoir’. ഇംഗ്ലീഷിൽ, ഉർവശി ബുട്ടാലിയയുടെ സ്ഥാപനം പ്രസിദ്ധീകരിക്കുന്നതിന്റെ മലയാളവിവർത്തനമാണ് ‘നെടുമ്പാതയിലെ ചെറുചുവട് “. വി സി ബുക്സ് പ്രസിദ്ധീകരിച്ച 325 രൂപ വിലയുള്ള,252 പേജുകളിൽ ഒൻപതു അദ്ധ്യായങ്ങളിലായുള്ള ഈ കൃതി മലയാളത്തിൽ ടി എസ് പ്രീതയാണ് തയ്യാറാക്കിയത്.
പെണ്ണായി മാറി ജീവിതം കൊതിച്ച അക്കൈയെ അല്ലാതെ മാറ്റാരെയാണ് ഈ ലിംഗ പക്ഷ ദിനത്തിൽ ഓർക്കുക?!!

വനിതാ മിത്രങ്ങൾക്ക് ദിന വാഴ്‌ത്തുക്കൾ. പോസ്റ്റുകൾ, മൊഴികൾ, കവിതാലാപനം, വേദി പങ്കിടൽ കൊണ്ട് സമ്പന്നമാവട്ടെ . ഭാവുകങ്ങൾ.,

By ivayana