രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ഒരു താമരമൊട്ടു വിരിഞ്ഞാൽ
പരിമോഹന സൗരഭമല്ലോ!
അതുപോൽനാം ജീവിതവനിയിൽ,
അതിശീതള ഗന്ധംചൊരിവൂ

നരനെന്നും നരനായൂഴിയി-
ലരുമപ്പൂങ്കനവുകൾ കാൺമൂ
ഹരിതാഭയിൽ മുങ്ങിമയങ്ങി;
പുരുരാഗ സ്മൃതികളിലാഴ്‌ വൂ

വിരഹത്തീക്കനലിലെരിഞ്ഞേ,
മരണത്തെ പുണരാതനിശം
ഹരികാംബോജിയിലൊരു ഗാനം
വിരുതോടഥ പാടീടുകനാം

നിരുപമ ശ്രീയാർന്നുയരാനായ്
കരളിൽ കളവരുതൊട്ടൊട്ടും,
ഇരവിൽ പുതുവെട്ടംവിതറി,
അരുതായ്മകൾ സർവമകറ്റൂ

നിജ ജൻമം സുഖഭരമാക്കാൻ,
വിജയത്തെളിതിലകം ചാർത്താൻ
പുലരിപ്പൊൻ കതിരൊളിചിന്നി,
നലമാർന്നുലകത്തെ,യുയർത്താം

ഇടനെഞ്ചിൽ കവിത മുളയ്ക്കാൻ
അടരറ്റൊരു മനസ്സേവേണ്ടൂ
ഇടതടവില്ലാതതിനായ് നാം
പടുതയൊടടി തെറ്റാതേറൂ

കവിഭാവന തെല്ലുപിഴയ്ക്കാ-
തവികല നിർവൃതിപൂകേണം
കവിതയ്ക്കുള്ളുയിരായ് വാക്കിൽ;
അവിരാമം കവിനിറയേണം

നവഭൂമിക പുനഃസൃഷ്ടിക്കാൻ,
സുവിമല ചിന്തകൾ തൂകീടാൻ
ഒരു മെഴുതിരിനാളംപോലെ;
എരിയൂ,നാമുടലൊട്ടുരുകി.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana