രചന : ജോസഫ് മഞ്ഞപ്ര ✍

കാലം 1975

പകൽ. !!
കത്തുന്ന വെയിൽ !!
വെയിലിന്റെ വിളർത്ത മഞ്ഞനിറം.
കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.
തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.
. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.
നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.
സഹിക്കാനാകാതെ ചൂട് !!

നീണ്ട നാലുമാസങ്ങളായി ഈ യാത്ര തുടങ്ങിയിട്ട്. ഒരു ജോലിക്കുവേണ്ടി !!
കൈക്കൂലി കൊടുക്കാൻ കാശില്ലാത്ത, ശുപാര്ശ ചെയ്യാൻ ആളില്ലാത്ത ഒരു വിദ്യാസമ്പന്നന്റെ ഒരു ഗതി..
ഫസ്റ്റു ക്ളാസോടെ PG കഴിഞ്ഞിറങ്ങിയപ്പോൾ ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു.
എന്തെല്ലാം പ്രതീക്ഷകൾ !!
എത്രയെത്ര മോഹങ്ങൾ !!!
എല്ലാം… എല്ലാം…. !!!
“സാർ… !!

ദീനമായ ഒരുവിളികേട്ടു അയാൾ ചിന്തയിൽ നിന്നുണർന്നു മുന്നിൽ ഇരു കാലില്ലാത്ത പയ്യൻ ഊന്നു വടിയുമായി.
“രണ്ടു ദെവസായി സാറേ ആഹാരം കഴിച്ചിട്ട്.. എന്തെങ്കിലും തരണേ സാർ???
.. പയ്യന്റെ ദയനീയമായ ശബ്‌ദം. നിർവികാരനായി അയാൾ കണ്ണടച്ചിരുന്നു. നിരാശനായ പയ്യൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഏന്തിവലിഞ്ഞു നടന്നു.
“അനിയാ.. നിനക്ക് എവിടെയെങ്കിലും പോയി കൈനീട്ടി യാചിക്കാം, ആരെങ്കിലും, എന്തെങ്കിലും തരും. ഞാനോ “”????
വെയിലിന്റെ കട്ടി കുറഞ്ഞു.

എഴുന്നേറ്റു, സഞ്ചിയിൽ ഉറങ്ങിക്കിടന്ന PG എന്ന ഭാരം തോളിലേറ്റി നടന്നു. ലക്ഷ്യമില്ലാത്ത യാത്ര !!
കത്തിക്കാളുന്ന വിശപ്പ് !!
അസ്ഥികളെ കാർന്നു തിന്നുന്നപോലെ !!
തളർന്നുപോകുന്ന ശരീരം !!
ദാഹം !!!
കരിയുന്ന ചുണ്ടുകൾ !!
ചുറ്റും നോക്കി.
അല്പം ദൂരെ വാട്ടർ പൈപ്പ് !!
തളരുന്ന കാലുകളെ വലിച്ചു ആർത്തിയോടെ പൈപ്പിനടുത്തെത്തി !!
ടാപ് തുറന്നു !!
ശൂന്യം !!
വെള്ളമില്ല !!
നഗരത്തിന്റെ മുഖം !!
തിരിഞ്ഞു നടന്നു..

 സന്ധ്യ !!

ദൂരെ കടലിൽ മുങ്ങിത്താഴുന്ന സൂര്യൻ.
വിശാലമായ മണൽപ്പരപ്പിൽ അയാൾ ഇരുന്നു.
പടിഞ്ഞാറുനിന്നടിച്ച ഉപ്പുരസമുള്ള കാറ്റ്, അയാളുടെ നീണ്ടതലമുടിയെ ഇളക്കിമറിച്ചു. അങ്ങകലെ കടലിന്റെ മാറിൽ ഏതോ തീരം തേടുന്ന യാനപാത്രത്തിലെ ചുവന്ന വെളിച്ചം.
അവക്ക് ഒരു തീരമുണ്ട് !!
തനിക്കോ????
അകലെ സൂര്യൻ കടലിൽ മുങ്ങിത്താണു.
ഇരുട്ടിനു കട്ടികൂടി..
എഴുന്നേറ്റു,,

മണലിൽ പതയുന്ന കാലുകളെ ആയാസപ്പെട്ട് വലിച്ചു നടന്നു.
നഗരം !!
നിയോൺ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന നഗരം,,
സ്വന്തം മാളങ്ങളിൽ എത്താൻ വെമ്പുന്ന മനുഷ്യർ !!
നടന്നു..
റെയിൽവേ സ്റ്റേഷൻ !!
ഇനിയും ചൂട് വിട്ടുമാറാത്ത സിമന്റു ബെഞ്ചിൽ ഇരുന്നു.
സ്റ്റേഷനിലെ മെർക്കുറി വെളിച്ചത്തിൽ തിളങ്ങുന്ന ഇരുമ്പുപാളങ്ങൾ,, എപ്പോഴോ വരുന്ന തീവണ്ടി കാത്തു ഉറക്കം തൂങ്ങുന്ന യാത്രക്കാർ !!
അവർക്കും ഒരു ലക്ഷ്യമുണ്ട്.

പാളങ്ങൾക്കപ്പുറത്തു കേടുവന്ന ഗുഡ്‌സ് ബോഗികളുടെ ഇരുണ്ട നിഴലിൽ നിന്ന് ഒരു സ്ത്രീ ആരെയോ പുലഭ്യം പറയുന്നു. കൂടെ ഒരു പുരുഷന്റെ ഭീഷണി ശബ്ദം.
നഗരത്തിന്റെ മറ്റൊരു മുഖം !!
. ജീവിതത്തിന്റെ മറ്റൊരു മുഖം !!
മരവിച്ച മനസുമായി സിമന്റു ബെഞ്ചിൽ ചാരി മയങ്ങാൻ ശ്രമിച്ചു.
കണ്ണടച്ചാൽ മുന്നിൽ തെളിയുന്ന നിഴലുകൾ !!
അവക്ക് മുഖങ്ങളുണ്ടാകുന്നു !!
ഒട്ടേറെ നിഴലുകൾ !!
ഒട്ടേറെ മുഖങ്ങൾ !!
അവ തനിക്കു പരിചിതമാണ്.

മൈലുകൾക്കപ്പുറത്തു, നഗരത്തിന്റെ തിരക്കിൽ നിന്നകന്നു നിശബ്ദമായ് ഉണരുകയും, ഉറങ്ങുകയും, ചെയ്യുന്ന തന്റെ ഗ്രാമം.
കുന്നും, മേടും, വയലും, തോടും, നിറഞ്ഞ സുന്ദരിയായ, ശാലീനയായ തന്റെ ഗ്രാമം.
ഗ്രാമത്തിന്റെ ഒരു കോണിൽ വയലിനഭിമുഖമായി ഓല മേഞ്ഞ കൂര !!
അതിനകത്തു വയലിൻ നാടുവിലു ടെയുള്ള ചെമ്മൺ പാതയിലേക്ക് കണ്ണും നട്ടിരിക്കുന്ന രണ്ടു മനുഷ്യരൂപങ്ങൾ.
അമ്മ !!
പെങ്ങൾ !!
തന്റെ വരവും കാത്ത് പ്രതീക്ഷയോടെ !!

മാസങ്ങൾക്കുമുമ്പ് ആ പടിയിറങ്ങുമ്പോൾ കേട്ട ശബ്ദം
“ന്റണ്ണി. പോയിട്ട് വാ.. വേഗം വര ണ്‌ട്ടോ. ങ്ങക്ക്. വേറെ ആരൂല്ല്യാന്നു
അറിയാല്ലോ !!
. ഒരു ജീവിതകാലം മുഴുവൻ തന്നെ പഠിപ്പിക്കാൻ പാടത്തും, പറമ്പിലും, പണിയെടുത്തു അസ്ഥിമാത്രമായ പെറ്റമ്മയുടെ ഇടറിയ, ചിലമ്പിച്ച ശബ്ദം !!ആ കുഴിഞ്ഞ കണ്ണുകളിൽ കണ്ണീരിന്റെ നനവ് !!

ഒന്നും മിണ്ടാതെ പടിയിറങ്ങി. യാന്ത്രികമായി തിരിഞ്ഞു നോക്കിയപ്പോൾ മുറ്റത്തെ വാഴച്ചോട്ടിൽ നിന്ന് തന്നെ തന്നെ നോക്കുന്ന അകാലത്തിൽ വൈധവ്യം ബാധിച്ച സഹോദരിയുടെനിർവികാരമായ മുഖം. തിളക്കം നഷ്ട്ടപ്പെട്ട കണ്ണുകൾ.
അവർക്കു ഒരു നേരത്തെ ആഹാരം കൊടുക്കാൻ കഴിയാത്ത താൻ……… “ഹോ “””
“എന്റമ്മേ “””മനസ് തേങ്ങിപ്പോയി.
മനസും, ശരീരവും തളർന്ന അയാൾ ആ സിമന്റുബെഞ്ചിൽ കുഴഞ്ഞു വീണു

ആരോ ചുമലിൽ തട്ടി, 

അയാൾ കണ്ണ് തുറന്നു,
സിമന്റു ബെഞ്ചിന് ചുറ്റും കാക്കിയുടുപ്പുകൾ. “എഴുനെൽക്കടാ … മോനെ “”
സമാധാനപാലകന്റെ ശബ്ദം. ശബ്ദത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം !!
എഴുന്നേറ്റു,
അയാളുടെ നീണ്ടു വളർന്ന താടിയിലും, തലയിലും, മുഷിഞ്ഞ വേഷത്തിലും ശ്രദ്ധിച്ചു സമാധാനപാലകൻ അലറി “”വിപ്ലവം നടത്താൻ ഇറങ്ങിയിരിക്കുംന് കുറെ നേതാക്കന്മാര്. അവന്റമ്മേടെ. വിപ്ലവം !!..
കൂടെ അസഭ്യങ്ങളുടെ ഒരു പ്രവാഹം.
“സാറേ സഞ്ചി സൂക്ഷിക്കണം ബോംബുണ്ടാകും !!
മറ്റൊരു കാക്കിയുടെ ശബ്ദം.
എന്തോ പറയാൻ ചുണ്ടനക്കിയ അയാളെ തൂക്കിയെടുത്തു ജീപ്പിലേക്കിട്ടു. വണ്ടി അയാളെയും കൊണ്ട് പാഞ്ഞു.

    ഇരുണ്ട ചുവപ്പ് ചായമടിച്ച വലിയ ഇരുമ്പു ഗേറ്റിന്റെ സൈഡിലുള്ള വാതിൽ തുറന്നു 

മനസും, ശ രീരവും , എല്ലാം തളർന്ന അയാൾ പുറത്തുവന്നു.
തിരിഞ്ഞു നോക്കി. തന്നെ നോക്കി പരിഹസിക്കുന്ന കറുത്ത അക്ഷരങ്ങൾ
“””സെൻട്രൽ ജയിൽ “”
അടുത്ത കടയിൽ സൊറപറഞ്ഞിരിക്കുന്നവർ അയാളെ കണ്ട് പറഞ്ഞു,
“”കള്ളനാ “””
അയാൾ ശ്രദ്ധിച്ചു.
കള്ളൻ !!!
തനിക്കു ഒരു പുതിയ അംഗീകാരം !!
കള്ളൻ !!
MA കാരനായ കള്ളൻ.
സഞ്ചിയിൽ നിന്ന് MA എന്നഭാരം പുറത്തെടുത്തു,
ഏറ്റവും വലിയ ഭാരം. കൂലിപ്പണിയെടുക്കാൻപോലും തടസമായ
അയാൾ കുണുകുനെ കീറി റോഡിലിട്ടു. ഒരു വലിയ ഭാരം ഒഴിഞ്ഞപോലെ!!
കാറ്റിൽ പറന്നുകളിക്കുന്ന ആ കടലാസുംതുണ്ടുകളെ നോക്കി അയാൾ ചിരിച്ചു!!
ഉച്ചത്തിൽ!!

അടുത്ത കടയിലിരുന്ന ആളുകൾ പറഞ്ഞു.
“പ്രാന്തനാ “”
അയാൾ ഞെട്ടി!!
പ്രാന്തൻ!!!
തനിക്കു ഒരു പുതിയ പേര്
“പ്രാന്തൻ “”
കോപവും, നിരാശയും കൊണ്ട് നിറഞ്ഞ അയാൾ താഴെ റോഡിൽകിടന്ന ഒരു കല്ലെടുത്തു അവർക്കു നേരെയെറിഞ്ഞു!!!
“പിടിക്കാവനെ “
ജനത്തിന്റെ ആക്രോശം..
അയാൾ ഓടി!!!
പുറകിൽ കല്ലുകളും, വടികളുമായി ജനം!ഓടിയെടുത്തു.
“പ്രാന്തൻ “””
“കള്ളൻ “””
അയാൾ ഓടി..
ശക്തിയായി “””
തിരിഞ്ഞുനോക്കാതെ “””””

ജോസഫ് മഞ്ഞപ്ര

By ivayana