രചന : ഷബ്‌നഅബൂബക്കർ ✍

ഒറ്റയായ മരത്തിന്റെ കുറ്റിയിൽ
ഒഴുകുന്ന മിഴികളാൽ ഒറ്റയ്ക്കു നിൽക്കവേ
വിതുമ്പുന്ന കൊക്കിനാൽ പാവമാ പൂങ്കുയിൽ
പാടുന്ന പാട്ടുകൾ പാഴ്ശ്രുതിയാവുന്നു.

സ്വാർത്ഥതയാർന്ന നരനുടെ ചെയ്തിയിൽ
സ്വസ്ഥതയറ്റുപോയ് പറവകൾ ഞങ്ങൾക്ക്
ഉയരങ്ങളെത്തി പിടിക്കുവാനോടുമ്പോൾ
അറിയുന്നുവോ നീ അരിയുന്നു ചിറകുകൾ.

ചുറ്റിലും കാണുന്ന ദയനീയ ചിത്രങ്ങൾ
ചുട്ടുപുകയ്ക്കുന്നാ ഹൃദയത്തെയാകെയും
ലോഹം വിഴുങ്ങിയ വൃക്ഷങ്ങൾ കാണുമ്പോൾ
ലോകത്തിലൊറ്റയായ് താനെന്നറിയുന്നു.

വെട്ടി നുറുക്കിയ പൂമര ചില്ലയിൽ
തൂങ്ങി മരിച്ചു കിടക്കുന്നു സ്വപ്‌നങ്ങൾ
അഗ്നി ഭുചിച്ച ഇലകൾ തൻ ചാരത്തിൽ
കരിപിടിച്ചെൻ ഭാവി അനാഥമായീടുന്നു.

നിറമുള്ള നാളിന്റെ ഓർമയിൽ നീറുന്നു
നെടുവീർപ്പിനാലവൾ ഒറ്റയ്ക്കു പാടുന്നു
ഉരുകുന്ന മനസിൽ നിന്നുയരുന്നു നോവിന്റെ
ഉള്ളുപിളർക്കുന്ന ഗദ്ഗദങ്ങൾ.

By ivayana