രചന : ജോ സോളമൻ ✍

“ഇച്ചാ ഇന്നെങ്കിലും കുറച്ചു നേരത്തെ വരണേ…. കുറെ ദിവസായില്ലേ പറ്റിക്കുന്നെ…”
“ആഹ് ഇന്നെന്തായാലും നേരത്തെ വരാം ട്ടോ “
അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി ഇറങ്ങി…

സ്വന്തമായി വണ്ടിയുണ്ടെങ്കിലും കമ്പനി ബസ്സിലാണ് അതിലാണ് പോക്കും വരവും അത്രയും കാശ് കൂടി ലാഭിക്കാലോ
കുറെ ദിവസായി കൊച്ചു പറയുന്നു ഒന്ന് പുറത്ത് കൊണ്ട് പോകാൻ……
ഒരു മാസം മുൻപായിരുന്നു ഞങ്ങളുടെ നാലാം വിവാഹ വാർഷികം… അന്ന് കൊടുത്ത വാക്കായിരുന്നു ഈ പുറത്ത് പോക്കും സിനിമയും പിന്നെ അവളുടെ പ്രിയപ്പെട്ട തട്ട് കട സ്പെഷ്യലുകളും…

കൂടെ കൂടിയിട്ട് നാല് വർഷം കഴിഞ്ഞെങ്കിലും ആദ്യമായിട്ടായിരുന്നു അവളെന്നോട് ഇങ്ങോട്ട് ഒന്ന് പുറത്ത് കൊണ്ട് പോണം എന്ന് പറയുന്നത്
പക്ഷെ അടുത്ത മാസം പത്തിന് തീർത്തു കൊടുക്കേണ്ട എട്ട് നില ബിൽഡിങ്ങിന്റെ പണി പാതി വഴിയിൽ എത്തിയിട്ടേയുള്ളു അത് തീർക്കാനുള്ള ഓട്ടത്തിലായിരുന്നു…
അല്ല ഇപ്പളും ഓടി കൊണ്ടിരിക്കുന്നു…
വീട്ടിലെത്തുന്നത് ഒരു നേരത്താണ്….
ആകെ ഭ്രാന്ത്‌ പിടിച്ചാണ് വരവും

ഇന്നെങ്കിലും നേരത്തെ പോണം അവൾക്ക് ഞാനും മോളും അല്ലാതെ ഒരു ലോകമില്ല…
ചിന്തകൾ പറന്ന് നടന്നത് കൊണ്ട് പെട്ടന്ന് സൈറ്റിൽ എത്തി…
പണികൾ പുരോഗമിച്ചു കൊണ്ടിരിക്കവേയാണ് മാനേജർ വന്ന് പറഞ്ഞത്
“എടോ നാളെ ഫസ്റ്റ് ഫ്ലോറിന്റെ ഫ്ലോർ കോൺക്രീറ്റ് നടക്കണം എന്നാലേ ബാക്കി ഫണ്ട്‌ അവർ റിലീസ് ചെയ്യുകയുള്ളൂ…

സോ ഇന്ന് കുറച്ചു ലേറ്റ് ആയാലും എല്ലാം തീർത്തിട്ടെ താൻ പോകാവൂ…”
“സാർ ഞാൻ കുറെ ദിവസം ആയില്ലേ ചോദിക്കുന്നു ഇന്നെങ്കിലും കുറച്ചു നേരത്തെ പൊയ്ക്കോട്ടേ??? ഒരു മാസമായിട്ട് ഒരു ലീവ് പോലും എനിക്ക് കിട്ടിയിട്ടില്ല.”
“എടോ സോളമാ തനിക്കറിയാലോ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ.. ഈ പ്രൊജക്റ്റ്‌ പറഞ്ഞ ഡേറ്റിൽ കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ കമ്പനി വല്യ നഷ്ടത്തിലേക്ക് പോകും…’
“പക്ഷെ സാർ..”
“എടോ എനിക്ക് മനസിലാകും തന്റെ അവസ്ഥ പക്ഷെ ഇതല്ലാതെ വേറെ വഴിയില്ല ഇത് പറഞ്ഞ ടൈമിൽ തീർത്താൽ കമ്പനിക്ക് വലിയൊരു പ്രോഫിറ്റ് കിട്ടും അതിന്റെ മെച്ചം തനിക്കും ഉണ്ടാകും…”
“മം ഓക്കേ സാർ “

ചിരി വരുത്തിയ മുഖത്തോടെ അത് പറയുമ്പോഴും ഉള്ളിൽ ഒരു സങ്കട കടൽ അലയടിക്കുന്നുണ്ടായിരുന്നു ഇന്ന് അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന്…
വാട്സാപ്പിൽ കേറി അവൾക്ക് ഒരു മെസ്സേജിട്ടു ഇന്നും കുറച്ചു ലേറ്റ് ആകും…
മറുപടി പോലും നോക്കാതെ പണി തിരക്കുകളിലേക്ക് തിരിഞ്ഞു…
ഇടയ്ക്ക് ഒരാൾക്ക് ഉണ്ടായ അപകടം കൂടിയായപ്പോൾ വിചാരിച്ചതിലും വൈകി…
എല്ലാം തീർത്തു വെച്ച് ഫോണെടുത്തു നോക്കിയപ്പോ സമയം പതിനൊന്നര
കമ്പനി വണ്ടി ഇല്ലാത്ത കൊണ്ട് രാമേട്ടന്റ ഓട്ടോയിലാണ് പുറപ്പെട്ടത്…
വീട്ടിൽ ചെന്ന് കേറുമ്പോൾ അവൾ ഉറങ്ങിയിട്ടില്ലായിരുന്നു
പതിവ് ചിരിയില്ലായിരുന്നു മുഖത്ത് ചെന്ന വഴിയെ അവളെന്നെയൊന്ന് തറപ്പിച്ച് നോക്കി
ഞാൻ തല കുനിച്ച് നിന്നു

“ഭാര്യയെയും മക്കളെയും നോക്കാൻ നേരമില്ലാത്തവർ കല്യാണം കഴിക്കാൻ നിൽക്കരുത്…”
“കൊച്ചേ ഞാൻ….”
“ഒന്നും മിണ്ടരുത് നിങ്ങൾ…
കുറെയായി ഞാൻ സഹിക്കുന്നു എനിക്ക് വയ്യ ഇനിയും ഇങ്ങനെ അവഗണനയേറ്റ് ജീവിക്കാൻ..”
“ഇന്ന് തീർക്കേണ്ട പണി കുറച്ചധികമുണ്ടായിരുന്നു..
അതോണ്ട്…”
“ഇത് സ്ഥിരം പല്ലവിയല്ലേ… കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്..”
“കൊച്ചേ… ഞാൻ….”
“മിണ്ടരുത് നിങ്ങൾ അതിനുള്ള യോഗ്യതയില്ല നിങ്ങൾക്ക്…”
അവൾ ഉറഞ്ഞു തുള്ളുന്നു..

അവളുടെ ഇങ്ങനൊരു മുഖം ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു…
“നാളെ രാവിലെ എന്നേം മോളേം ന്റെ വീട്ടിൽ കൊണ്ട് വിട്ടോണം.. അതിനും നിങ്ങൾക്ക് സമയമില്ലെങ്കി ഞാൻ എങ്ങനേലും പോയ്കോളാം…”
“മോളെ ഞാൻ…”
“എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു…
ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ് “
ഇതും പറഞ്ഞു ഡോർ വലിച്ചടച്ചവൾ അകത്തേക്ക് പോയി
ഞാൻ സോഫയിൽ തളർന്നിരുന്നു

“മോനെ ഉറങ്ങി പോയോ…. വീടെത്തി..”
രാമേട്ടന്റെ കുലുക്കി വിളിയാണ് ആ ദുസ്വപ്നത്തിൽ നിന്നുണർത്തിയത്
രാമേട്ടന് കാശ് കൊടുക്കുമ്പോഴും സ്വപ്നം കണ്ടത് തന്നെ സംഭവിക്കും എന്നെനിക്ക് ഉറപ്പായിരുന്നു…
കാരണം സിറ്റ് ഔട്ടിൽ നേരത്തെ പറഞ്ഞ മുഖഭാവത്തോടെ അവളിരിക്കുന്നുണ്ടായിരുന്നു
ഞാൻ സിറ്റ്ഔട്ടിലേക്ക് കേറിയിട്ടും ഒരനക്കവുമില്ല.. കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു…
ഞാൻ മൃദുവായി വിളിച്ചു..
“കൊച്ചേ….”

അവൾ മെല്ലെ തലയുയർത്തി നോക്കി അടരാൻ വെമ്പി നിന്ന നീർമണികൾ പെയ്തു തുടങ്ങിയിരുന്നു…
എന്നെയവൾ അമർത്തി കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു…
“എന്തിനാ ഇച്ചാ എനിക്കും മോൾക്കും വേണ്ടി ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്….”
ന്റെ കണ്ണുകളും നിറഞ്ഞിരുന്നു ഞാനവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു…
“വേണ്ടിച്ചാ ഇത്രയ്ക്ക് കഷ്ടപ്പാടുള്ള ജോലി നമുക്ക് വേണ്ട എനിക്ക് വല്യ വല്യ ആഗ്രഹങ്ങൾ ഒന്നുല്യാ…
വാടക വീടാണെങ്കിലും മതി നമുക്ക് “
“മോളെ…”

“നിങ്ങളിങ്ങനെ കഷ്ടപെടണത് സഹിക്കണില്ല മനുഷ്യാ… അതോണ്ടാ…
രാവും പകലുമില്ലാതെ പണിയെടുത്ത് എന്തേലും വരുത്തി വെച്ചാ സത്യായിട്ടും പിന്നെ ഞാനും മോളും ഉണ്ടാകില്ല ഈ ഭൂമിയിൽ… അത്രയ്ക്കിഷ്ടാ എനിക്ക് നിങ്ങളെ….”
ഞാനും കരയുകയായിരുന്നു അവളെ ചേർത്ത് പിടിച്ചു തുരു തുരാ ചുംബിക്കുമ്പോഴും മനസ്സ് കൊണ്ടൊരായിരം തവണ സർവ്വേശ്വരന് നന്ദി പറഞ്ഞിരുന്നു…
“അല്ല ക്ഷീണിച് വന്നതല്ലേ വല്ലോം കഴിക്കണ്ടേ???
പോയ്‌ കുളിച്ചേച്ചും വാ ഞാനെടുത്ത് വെക്കാം “
അതും പറഞ്ഞവളെന്നെ അടർത്തി മാറ്റി…

ഞാൻ പോയ്‌ കുളിച്ചു വന്നപ്പോഴേക്കും എല്ലാമവൾ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു
“നീ കഴിച്ചോ മോളെ??”
ഇല്ലെന്നവൾ ചുമൽ കൂച്ചി
“ന്നാ വായോ ഇച്ചൻ വാരി തരാം…”
അനുസരണ ഉള്ള കുട്ടിയെ പോലെ അവളെന്റടുത്ത് വന്നിരുന്നു…
ഞാനവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോഴും നിറഞ്ഞ കണ്ണുകളിൽ അവൾക്കെന്നോടുള്ള സ്നേഹത്തിന്റെ തിരയിളക്കം ഞാൻ കാണുന്നുണ്ടായിരുന്നു
“നിങ്ങൾ ഉള്ളയിടമാണ് മനുഷ്യാ ന്റെ സ്വർഗം”
എന്റെ നെഞ്ചോട് പറ്റി കിടന്നുറങ്ങുമ്പോഴും ന്റെ പെണ്ണെന്നെ ചേർത്ത് പിടിച്ചു പറയുന്നുണ്ടായിരുന്നു

ഇല്ലായ്മകളിലും ഇന്നും സ്വർഗമാണ് ഞങ്ങളുടെയിടം കാരണം ഞങ്ങൾ പരസ്പരം ആഴത്തിൽ അറിഞ്ഞിരിക്കുന്നു മനസിലാക്കിയിരിക്കുന്നു അംഗീകരിക്കുന്നു
സ്നേഹിക്കുന്നു.

ജോ സോളമൻ

By ivayana