രചന : പ്രവീൺ പ്രഭ ✍

ബസ്സ് കാത്ത് ജംഗ്ഷനിൽ
നിൽക്കണ നേരത്ത്
ഓട്ടോയോടിച്ച് പോണ
ഒരുത്തിയെ കണ്ടു.
കൈ കാട്ടി നിർത്തി,
കയറി.
കേറിയപ്പൊത്തൊട്ട്
വിശേഷങ്ങളാണ്.
പറഞ്ഞു പറഞ്ഞു വന്നപ്പൊ
ചോദിച്ചു
എന്താ ഈ പണി ചെയ്യണേന്ന്!
ഗിയറ് മാറ്റി
സ്പീഡൊന്ന് കൂട്ടി
ആള് പറഞ്ഞ് തുടങ്ങി
വീട്ടിൽ മൂന്ന്
മക്കളാണത്രേ
മൂന്ന് പെണ്ണുങ്ങള്..
മൂത്തയാൾക്ക്
ഫീസ് കെട്ടണം,
ഇളയ രണ്ടാൾക്ക്
കഴിക്കാൻ കൊടുക്കണം
അടുത്ത വർഷം തൊട്ട്
അതിലൊരാളുംകൂടി
സ്കൂളിൽ പോയിത്തുടങ്ങുമത്രേ..
വണ്ടീടെ സീസി.
മൈക്രോഫിനാൻസിന്റെ ആഴ്ചയടവ്
പിന്നങ്ങനെ
ചെലവുകളല്ലേ സാറേന്ന് അവര്..
അപ്പോ ഭർത്താവ് എവിടെയാ
ആള് സഹായിക്കില്ലേന്നായി ഞാൻ.
ഏയ്..
അതിന് എനിക്ക് ഭർത്താവില്ലെന്ന് അവര്.!
സോറി..
എത്രകാലമായി മരിച്ചിട്ടെന്ന് ഞാൻ..
അങ്ങനല്ല സാറേ,
ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നവര്..
അപ്പോ കുട്ടികളോ!!
എന്ന് ചോദിച്ചിട്ട് ഞാൻ സ്വയം എന്തൊക്കെയോ ചിന്തിച്ചു കൂട്ടി
മുഖത്ത് പുച്ഛം നിറച്ചു
എന്റെ വീടിന്റെ പെറകില്
ഒരു തേപ്പുകാരൻ തമിഴനും
കുടുംബവും ഒണ്ടാരുന്നു സാറേ..
ഒരിക്കൽ അവനും ഭാര്യേം കൂടെ നടന്നു പോണവഴി
ഏതോ വണ്ടികേറി അവരങ്ങ് തീർന്നു..
തൊള്ളകീറി കരയണ മൂന്ന് പിള്ളേരെ ബാക്കി വെച്ചേച്ച് അതുങ്ങള് പോയി..
ജീവനല്ലേ സാറേ..
ജീവിതങ്ങളല്ലേ സാറേ..
അവരെ ഞാനങ്ങെടുത്തു..
വളർത്തി..
പഠിപ്പിക്കുന്നു..
ഇനീം പഠിപ്പിക്കും..
ഇതിനെടേലെന്തിനാ സാറേ
എനിക്കൊരു കെട്ടും കുടുംബോം..
ഗട്ടറിൽ ചാടി വണ്ടിയൊന്നു കുലുങ്ങിയ കൂട്ടത്തിൽ
മുമ്പേ മുഖത്ത് പടർന്ന പുച്ഛം
കരണം തീർത്തൊരടി തന്നു.
റെയിൽവേ സ്റ്റേഷനിൽ
വണ്ടി നിന്നു.
ഇറങ്ങുമ്പോൾ ചോദിച്ചതിനേക്കാൾ
നൂറ് രൂപ കൂടുതൽ കൊടുത്തിട്ട്
ഇളയ ആൾക്ക്
മിഠായി വാങ്ങാൻ പറഞ്ഞു ഞാൻ.
വേണ്ട സാറേ,
അവർക്കൊള്ളത് വാങ്ങാനൊള്ള
ചോരയും നീരും
ഈ തടീലൊണ്ടെന്ന് പറഞ്ഞ്
അവരാ നൂറിന്റെ നോട്ട് തിരികെത്തന്നു.
വന്ന വഴിയേ തിരികെ
ആ പഴയ ഓട്ടോ
കുലുങ്ങിക്കുലുങ്ങിയോടുന്നത്
നോക്കി നിൽക്കുമ്പോൾ
മനസ്സിൽ
പെണ്ണൊരുത്തിയിങ്ങനെ
ആകാശം മുട്ടെ
വളർന്നു നിൽക്കണുണ്ടായിരുന്നു..

(വാക്കനൽ)

By ivayana