വിനോദ് കുമാർ ✍
കിഴൂർ കുന്നത്ത് നിന്നാൽ കാണാം പാറക്കാടി വെടിക്കെട്ട്!! അയ് മതീ…!!!
ആർക്ക്… അയ്മതീന്ന്… യ്യ് വര്ണ് ണ്ടാ…??
അവിടെ ബിനോയടെ ചിലവുണ്ട്…..!!
ആറ് പെഗ്ഗുo കോഴ്യറ്ച്ചീo….
യ്യ്…. വണ്ടിട്ക്ക്!!….. പ്രശാന്ത് മുരണ്ടു…!
അച്ഛൻ വീട് കിഴൂർ ആയത്കൊണ്ട് മാത്രം..! , കിഴൂരിൽ ജനിച്ചു വളർന്ന എന്നേക്കാൾ പിടിപാടുള്ള സുഹൃത്ത്. എനിക്കില്ല കിഴൂരിൽ അവന്റത്ര കൂട്ടുകാർ. ആനേടെ ഉരുണ്ട ചന്തി കണ്ടാൽ അത് ഏത് ആനയാണെന്ന് പറയും, അത്രേം അറിവും.. തൃശൂർ, പാലക്കാട്… ജില്ലകളിലെ.. ഉത്സവങ്ങളുടെ ഗൈഡ് തന്നെയാണ് പ്രശാന്തൻ !!
ടാ അയ്ന് അന്നേ അവൻ ക്ഷണിച്ച്ണ്ടാ??
അവടെ ഷാജിണ്ട്…!!
എന്നേം ബിനോയ് ക്ഷണിച്ചിട്ടുണ്ടാവുമെന്ന് അവനറിയാം!.
ഗാനമേളക്ക് പോയി ഉന്തും തള്ളും ഉണ്ടാക്കിയതിന്റ ബാക്കി അവിടെ ണ്ടാവ്വോ?
അനക്ക് ന്താ!…. അതൊന്നും ണ്ടാവില്ല….
അങ്ങനെ ആ ബൈക്കിൽ രണ്ട് പൂരം പ്രാന്തൻമാർ, പറക്കാടി ബിനോയ് ടെ വീട് ലക്ഷ്യമാക്കി കുതിച്ചു.
അവിടെ എത്തിയപ്പോൾ ബിനോയ് ടെ വീട്ടിൽ അവന്റെ അമ്മ….,
ന്താ ണ്ടാ അന്റെ അമ്മായി പറയണത്? അന്റെ അച്ഛൻ ഇപ്ലും മുനിസിപ്പാലിറ്റീൽ..ണ്ടാ….?
ന്താ അന്റെ അമ്മടെ വിശേഷം?
അവരോട് വിശേഷം പറഞ്ഞു നിൽക്കുമ്പോഴേക്കും ബിനോയും ഷാജിയും എത്തി…
ടാ അടിച്ചിട്ട് കഴിക്കണോ / കഴിച്ചിട്ടടിക്കണോ
ഞാൻ ആകെ കൺഫ്യൂഷനിൽ ആയപ്പോൾ
അടിച്ചിട്ട് കഴിക്കാം…! പ്രശാന്ത് .. തീരെ അക്ഷോഭ്യനായി മറുപടി പറഞ്ഞു ……
ടാ ഇയ്യെന്തിനാ ഈ സാനത്തിനെ ഏറ്റിവന്നത്? ഷാജി ചോയ്ച്ചു?….
ഷാജി ദേശത്തെ തച്ചനാണ്!! നാരായണേട്ടന്റെ പണിക്കാർക്ക് തേക്കാൻ കുതിര ഉണ്ടാക്കി.!… പേരെടുത്തു!!.
കുതിരേനെ നിർത്തിയപ്പോൾ രണ്ട് കാലിനും രണ്ടളവ്…നിന്ന കുതിര ചെരിഞ്ഞു….!. പണികഴിഞ്ഞ പേരും പറഞ്ഞപ്ലക്കിനും ക്യാഷ് വാങ്ങി അരലിറ്റർ ഡീൽ ആക്കി…!! അത്രേം കണിശം തച്ചൻ!! അതിന് ശേഷം നാരായണേട്ടൻ മരപ്പണിക്ക് വിളിച്ചിട്ടില്ല.!!! ഒരു ചുഴലിക്കാറ്റ് വൈശ്ശേരി ഭാഗത്ത് വീശിയപ്പോൾ, വീടിന്റെ ഓടുകളെല്ലാം പറന്നു റോട്ടിൽ… അക്കാലo തച്ചൻമാർക്ക് തിരക്ക് ഉള്ള കാലം. ഷാജി പട്ടിക അടിച്ചു ഓട് മേയാൻ പോയ വീട്ടിലെ ലോനപ്പേട്ടൻ ” ഇനി വറണ്ട! ” ന്ന് മനം നൊന്തതും ചരിത്രം.
ആറ് പെഗ്ഗുo കോഴീo ഗ്ലഞ്ചിo…ഗ്ലഞ്ചിo ശേഷം
ഞങ്ങൾ തന്നെ ഊണ് വിളമ്പിക്കഴിച്ചു…
“” ചെറിയ വീട് വലിയ സ്നേഹം”” ആ…… പൊളിസി ആണ് ബിനോയ്‌ക്ക്””.
അപ്ലക്കിനും മേളക്കാർ എത്തി മേളം തുടങ്ങി!!.
അങ്ങോട്ട് നടപ്പും, ഇങ്ങോട്ട് നടപ്പും ആയി.. കാലുകൾ തളർന്നു!! അപ്പോഴേക്കും അഞ്ചു മണി കഴിഞ്ഞിരുന്നു! പൂരത്തിനൊപ്പം ചാടിക്കളിച്ചിരുന്നവർ ഒക്കെ കിണറ് പണി കഴിഞ്ഞപോലെ ക്ഷീണിതരും…..മേലാകെ പൊടി തൂളി മണ്ണിൽ കുളിച്ച പോലെ ആയി.
ടാ ഇനി പൂരപ്പറമ്പിലേക്ക് പോകാം…
ഏതൊക്കെയോ പറമ്പുകളിൽകൂടെ നടന്നു അവസാനം പൂരപ്പറമ്പിലെത്തി.
ഒരു നാരങ്ങ സോഡാ കാച്ചിയപ്പോൾ വീണ്ടും ഉഷാർ ആയി!. പൂരം കഴിഞ്ഞു വെടിക്കെട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്.
പാറക്കാടി രണ്ട് സെറ്റ് വെടിക്കെട്ട് പ്രസിദ്ധമാണ്. ലക്ഷങ്ങള് കുഴിമിന്നികളിൽ ചിലവാക്കാൻ ഒരു മടിയും ഇല്ല്യാത്തോരാണ് പാറക്കാടിക്കാർ. അവിടത്തെ വെടിക്കെട്ട് കമ്മറ്റികളും പ്രസിദ്ധമാണ്. അവിടെ നിന്നും ആർക്കും അത്ര വല്ല്യ റെക്കമെന്റൊന്നും ഇല്ല്യാണ്ടെ ഗുണ്ടിക ലോൺ കിട്ടും. എടുത്തിട്ട് പൈസ അടച്ചില്ലേ, കമ്മറ്റിക്കാരുടെ സുഭാവം ശരിക്കും മനസ്സിലാകും.
മേളം കഴിഞ്ഞു, പിന്നെ ഐസ്കാരുടെ മേളം തുടങ്ങി.. തിങ്ങി നിറഞ്ഞു ഉദ്യോഗത്തോടെ വീർപ്പുമുട്ടി നിൽക്കണ ആൾക്കാരും, എന്തും നേരിടാൻ ഒരുങ്ങിക്കെട്ടിയ സന്ധ്യയും…!
അതാ…. അങ്ങകലെ നിന്നൊരു ചൂട്ട്….!! ജനങ്ങൾ ആർപ്പുവിളി തുടങ്ങി…. ഒപ്പം വെടികെട്ടും തുടങ്ങി…
കോറമ്പയുടെ കൂടെ ചെറുതും വലുതും അമിട്ടുകൾ കണ്ണഞ്ചിപ്പിക്കാൻ തുടങ്ങി. രാവിലെ കയറ്റിയ നാടൻ വെടിക്കെട്ടിന്റ ഒപ്പം ഇറങ്ങാൻ തുടങ്ങി. കൂട്ടക്കലാശം കഴിഞ്ഞു.. ഇനി ഗർഭംകലക്കികളാണ്… യൂണിയൻ ചേട്ടന്മാർ ചാക്ക് പൊക്കണ മൂളിച്ചയിൽ പൊങ്ങി… പൊങ്ങി… വയ്യാണ്ടും.. പൊങ്ങി ഏറ്റും മുകളിൽ പോയി പൊട്ടണ ഗർഭം കലക്കികൾ. മുകളിൽ പോയി പൊട്ടുന്നത് വരെ ആൾക്കാരുടെ ഓരിയിടൽ കേൾക്കാം പിന്നൊന്നും കേൾക്കാൻ പറ്റൂല… ചെവീടെ ഡയഫ്രം ഇച്ചിരെ നേരം വിജ്രംഭിക്കും….!! പിന്നെ വീണ്ടും റീ കണക്ട് ആവണം ശബ്ദം കേൾക്കാൻ.
അങ്ങനെ അവസാന ഗർഭംകലക്കികളൊന്ന് പൊങ്ങുമ്പോൾ ഞങ്ങളും വഴിപാട് കൂവൽ കൂവി.. കൂവി… ക്കൂവി ഐറ്റം മോളിലെത്തി ഇനി പൊട്ടുകയെ വേണ്ടു…… നിലത്ത് കൂടിനിൽക്കുന്ന ജനങ്ങൾ മുഴോനും അക്ഷമരായി ആ ദിഗന്തം കേൾക്കാൻ…
പൊന്തിയ ഐറ്റം ഒരു സൗണ്ടും ഇല്ലാതെ നേരെ താഴേക്ക്… പന്തികേട് മണത്ത ഞങ്ങളും മറ്റു നാട്ടുകാരും വളഞ്ഞും പുളഞ്ഞും ഓട്ടം തുടങ്ങി!!… കുഴിമിന്നി വന്ന് മേല് വീണലുള്ള കാര്യം!! പിന്നൊന്നും ചിന്തിക്കേണ്ട!! ആ ചിന്തയില്ലാതെ ആൾക്കാർ ഓടി..! ഞങ്ങളും വേലി ജമ്പ് ചെയ്തു പളങ്ങി.
പാടത്ത് മറ്റൊരു കുളം കുത്തി കുഴിമിന്നി അയ്ന്റെ പവറ് കാട്ടി!!.. താഴെ വീണു കുഴി ആയി ഇനി കുഴപ്പമില്ല എന്നറിഞ്ഞ ഞങ്ങളും വേലി വീണ്ടും ചാടി പുതിയ കുഴി കാണാൻ ഓടി…!!
ആ ഓട്ടത്തിലാണ് ഞാൻ പലതും കണ്ടത്
അലുവക്കെട്ട്!!കേട്ടോടെ തലയിൽ ഏറ്റി….
കരിമ്പിൻ തണ്ടുകൾ വലിച്ചൂരി….
പലതരം കളിപ്പാട്ടങ്ങൾ കൈക്കലാക്കി…
ചായക്കടികൾ എടുത്ത്….
തണ്ണിമത്തൻ രണ്ടെണ്ണം കൂട്ടിപിടിച്ച്.. അങ്ങനെ…ഒക്കെ …രക്ഷപ്പെട്ടോടുന്നവർ…..
ഇതിന്നിടക്ക് സ്ത്രീലംമ്പടൻമാരെയും, കോഴികളെയും, കിട്ട്യേടത്ത് പിടിക്കണോരേം കൊണ്ട് വലയുന്ന ഉത്തരവാദിത്വക്കാരായ പാവം ഫർത്താക്കൻമാരെയും, അച്ഛൻ മാരെയും കണ്ടത്.
മാലപൊട്ടിക്കാൻ ഗ്യാപ് നല്ലോം ണ്ടായിരുന്നെങ്കിലും അങ്ങനെ ഉള്ള റിപ്പോർട്ട് കേട്ടില്ല!!
ഓടിയ ഇടത്തിൽ പുല്ല് മുളക്കില്ല ന്ന് കേട്ടിട്ടേ ഉള്ളൂ… അന്നാണ് അത് കണ്ടത്. വീണ്ടും ഒരുപാട് തിരിച്ചുനടന്ന്, വണ്ടിയുടെ അടുത്തെത്തി. ഷാജിയും, ബിനോയും ആരേം കാണാനില്ല… തിരക്കാണെങ്കിൽ കൂടുതലും… ഒന്നൊതുങ്ങിയപ്പോൾ വണ്ടിയെടുത്ത് മെല്ലെ റോഡിലേക്ക് ഇറങ്ങി
പോലീസ് ജീപ്പും, ചെറുവണ്ടികൾക്ക് കൈ കാട്ടുന്ന പോലീസേരും. അവർ കണ്ടു ഇനി രക്ഷയില്ല.. ഞങ്ങൾ വണ്ടി മെല്ലെ നിർത്തുന്നപോലെ അഭിനയിച്ചു. വേറൊരു ബൈക്ക് പോലീസ്നെ കബളിപ്പിച്ചപ്പോൾ ആ ഗ്യാപ്പിൽ ഞങ്ങളും അങ്ങനെ ചെയ്തു…
അവർ ചെയ്തതുകൊണ്ട് മാത്രം.
വെടിക്കെട്ടുകൾ അതിന് ശേഷവും എത്ര കണ്ടിരിക്കുന്നു… ഇനീം പൂതീണ്ട് കാണാൻ.