രചന : അഷ്‌റഫ് കാളത്തോട്✍
റോക്കറ്റിന്
സമാനമായിരുന്നു അവൾ!
ഇത്രയും വാഹനങ്ങളും
ആളുകളുടെ തിരക്കുമുള്ള
വഴിയിലൂടെ ഒറ്റയ്ക്ക്,
ഒരു പെൺകുട്ടി
നടന്നു പോകുക എന്നുവച്ചാൽ
നിറയെ നക്ഷത്രങ്ങൾ
തിങ്ങിപ്പാർക്കുന്ന
രാത്രിയുടെ കറുത്ത ഭയം
ഒളിഞ്ഞിരിക്കുന്ന
കാർമേഘക്കൂട്ടങ്ങളിലേക്ക്
കയറിപ്പോകുന്ന റോക്കറ്റിന്
സമാനമായിരുന്നു അവൾ!
വിരലുകൾക്കിടയില്‍
കാറ്റിന്റെ ഘോരചുംബനങ്ങൾ ഭേദിച്ച്
ഉയരങ്ങളുടെ വന്യതയെ
പിന്നിലാക്കികൊണ്ടു
തീയുരുളകൾ പോലെ
അങ്ങോട്ടേക്ക്
ഉയരാൻ തുടങ്ങി
ആകാശത്തിലെവാസികൾ
വന്നു ചുറ്റും നിന്നു
ദേഹമാസകലം
തൊട്ടു നോവിച്ചു
രാത്രിയിൽ മാത്രം
പ്രത്യക്ഷപ്പെടുന്ന അവയെ
തിന്നു തീർക്കാൻ
വരുന്ന പകലിനെ മാത്രം
ഞാനപ്പോൾ സ്വപനം കണ്ടു!
ഉണ്ടായിരുന്നതെല്ലാം
ഇല്ലാതാകുന്ന നിമിഷങ്ങൾ
യുക്രൈൻ
എന്റെ സ്വപനത്തിൽ
ഒരു നിമിഷം ഓർത്ത്
ഒരു നിമിഷം പിടഞ്ഞു
നീർക്കെട്ട് വറ്റിപ്പോയ
കണ്ണിന്
നിത്യ വാർത്തകളിൽ
അത്ഭുതം തോന്നാത്ത മനസ്സിന്
ഇനിയും ജീവിച്ചു കൊതിതീരാത്ത
ശവങ്ങളെ കണ്ടു കണ്ടു
അവർത്തനങ്ങളിൽ
മേഘമലകളുടെ
താഴ്വാരത്തിൽ
മോഹമറ്റു പോയവരുടെ
ദുരിതയാത്രയിൽ
മഞ്ഞു മൂടിയ മനുഷ്യക്കൂട്ടങ്ങളുടെ
കൂരിരുട്ടിലേക്കു
വെളിച്ചമാകുവാൻ
നിരോധനങ്ങളുടെ
ദീര്‍ഘമായ ഒരു ലിസ്റ്റ്
പുട്ടിൻ
അതായിരിക്കും ഇനി അവർക്കുള്ള
അസ്തമയങ്ങളുടെ സൂര്യറക്കം
രാജ്യത്തിന്റെ കടിഞ്ഞാൺ
പോയി ഒരു പ്രജയാകുമ്പോൾ
പിന്നീട്
മരണത്തിന്റെ പുതപ്പിട്ടു
നീ കിടക്കേണ്ടി വരുമ്പോൾ
അപ്പോൾ നിന്‍റെ അരികിലും..
കൂട്ടിനു നിന്റെ സാമ്രാജ്യമില്ലാതെ
മണ്ണിരകൾ മാത്രമായിരിക്കും
തിളച്ചു കയറുക.