രചന : നീൽ മാധവ് ✍
തണുത്ത രാത്രികളിൽ ചേർത്തു പിടിച്ചു അധരങ്ങൾ വഴി ആത്മാവിലേക്കാഴ്ന്നിറങ്ങി
പിന്നെയും പിന്നെയും കൊതിയോടെ നുകരണം…..
വോഡ്ക്ക എനിക്കെന്നുമൊരു ഹരമാണ്.
ഒരു ഗ്ലാസിലേക്ക് 60ml ഒഴിച്ചിട്ട് ഒരു നാരങ്ങാ പിഴിഞ്ഞതിനു മേലെ വീഴ്ത്തി അതിലേക്കൊരു നീളൻ പച്ചമുളക് കീറിയിട്ടിട്ട് അഞ്ചാറ് ഐസ് ക്യൂബിട്ട് ഒന്നെളക്കി സിപ് സിപായിട്ട് കഴിക്കുന്നതാണ് എനിക്കെന്നുമിഷ്ടം…..
സാധനം ചിൽഡ് ആണ്
ചുണ്ടോടപ്പിച്ചു ഒരു ദീർഘ ചുംബനം…. പ്രണയിനിയുടെ ആദ്യ ചുംബനം പോൽ ലഹരി തലച്ചോറിൽ പ്രകമ്പനം കൊള്ളുന്നത് എനിക്ക് അറിയാമായിരുന്നു..
പ്ലേറ്റിലിരിക്കുന്ന പോത്തിറച്ചിയും സവാളയും പച്ചമുളകും കൂട്ടി വായിലിട്ടു ചവച്ചു..
എടുത്തു വെച്ച വിരലൊന്നു ചപ്പി. പടിഞ്ഞാറുനിന്നെങ്ങോ വന്ന ശീത കാറ്റിന് കൂട്ടായി വന്ന മുഖത്തെ പുഞ്ചിരി വിടാതെ പിന്തുടരുന്നുണ്ട് മുഖത്തിപ്പോഴും..
കഴിഞ്ഞ കുറേ നാളുകളായി ഭൂതകാലത്തെ നിറം കെട്ട കാഴ്ചകളെ മായ്ച്ചു കളയാനും ചിലതെല്ലാം ഓർമിക്കാനും എനിക്ക് കൂട്ടായി ഇവനാണ് കൂട്ട്..
ഭൂമിയുടെ അച്ചുത്തണ്ടിന് ഒരു ഇളക്കം സംഭവിച്ചുവോ ?
അതിന്റെ പ്രകമ്പനത്തിൽ എന്റെ തലയിൽ നിന്നും ഒരു ഇരണ്ട പക്ഷി ശരം കണക്കിന് പാഞ്ഞുവോ….
ഇംഗ്ളീഷ്ക്കാരന്റെ മദ്യത്തെ കുറ്റം പറയാൻ കഴിയില്ലാട്ടോ മൊത്തത്തിൽ പെരുത്തു അണ്ഡകടാഹം മുഴുവൻ നുരഞ്ഞു പൊങ്ങുന്നത് പോലെ…
എന്നാപിന്നെആശാനേ…
അടുത്ത ഒരു ഗ്ലാസ് കൂടി ഒഴിച്ചെ….
” ഇപ്പൊ തന്നെ എത്രാമത്തെ ആണ് കുട്ട്യേ……?”
” എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നത്?”
” എന്റെ ക്ലീറ്റസ് ചേട്ടാ……
മദ്യം കുപ്പിക്കുള്ളിലെ കവിതയാണെന്ന് പറഞ്ഞത് നിങ്ങൾ കേട്ടിട്ടില്ലേ…. “
നിങ്ങൾ എവിടുത്തെ മാപ്പിള ആണെടോ….
കള്ള് കുടിക്കാതെയും, കള്ളിന്റെ മണം അറിയാതെയും ഉള്ള നസ്രാണി….
ഒന്നുമില്ലേലും നിങ്ങടെ കർത്താവ് വെള്ളം വീഞ്ഞാക്കിയവൻ എല്ലേ….
” ആ….. ഇനിയിപ്പോ കർത്താവിന്റെ പെടലിക് കയറിക്കോ
” ഞാൻ മദ്യപിക്കും, പുകവലിക്കും, എനിക്ക് വേണ്ടത് അനുഭവങ്ങളാണ്….
പുതിയ അനുഭവങ്ങൾ, എന്റെ ഇന്നെലെകളെ എനിക്ക് മരവിപ്പിക്കണം…
അതിന് വേണ്ടി മദ്യം തലച്ചോറിലേക്ക് വാരിയൊഴിക്കും, പുകയെ മനസിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും…
എനിക്ക് എന്റെ ഇന്നെലെകളെ നിർവീര്യമാക്കണം അതിന് സഹായിക്കുന്ന എല്ലാത്തിനേയും ഞാൻ കൂട്ട് പിടിക്കും…
” എന്തിനാ ഇങ്ങനെ കാട്ടണെ, കഴിഞ്ഞത് എല്ലാം കഴിഞ്ഞു….. ഇതിപ്പോൾ പെറ്റ തള്ളയയേയും, തന്തയേയും കണ്ണീര് കുടിപ്പിക്കാൻ ആണോ നിന്റെ തീരുമാനം…!”
“എന്റെ വേദന മനസ്സിലാക്കാൻ ഇവിടെ ആരുമില്ല അതുകൊണ്ട് തന്നെയാണ് ഞാൻ ഇവയെ കൂട്ട് പിടിക്കുന്നതും ഇവരാകുമ്പോൾ പുറകിൽ നിന്ന് പല്ലിളിച്ചു കാട്ടില്ല “
” അവന്റെ വേദന…….
ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്കാൻ നോക്ക്. അവരുടെ കണ്ണീരിന്റെ വില ഒന്ന് മനസിലാക്കാൻ നോക്ക് അപ്പോൾ നിന്റെ വേദന ആരെങ്കിലുമൊക്കെ കാണും…”
സ്വയം നശിക്കാൻ എളുപ്പമാണ്. കൂടെ നിന്ന് തോന്നിവസം കാട്ടി തരാൻ കൂടെ ഒരുപാട് പേരുണ്ടാകും ഈ പ്രായത്തിൽ.
എന്ന നല്ല ബുദ്ധി ഉപദേശിച്ചു തരാൻ കുറച്ചുപേർ മാത്രമേ കാണത്തുള്ളു കൂടെ. അവരെ തിരിച്ചറിയാൻ ശ്രമിച്ചാൽ നിന്റെ പ്രശ്നങ്ങൾക്ക് എല്ലാത്തിനും പരിഹാരം കാണും.
നീ മനസ്സിലാക്കേണ്ട ഒന്നുണ്ട്….
കയ്യിൽ കാശുണ്ടെങ്കിൽ മാത്രമേ നീ ഇപ്പൊ കൂടെ കൊണ്ട് നടക്കുന്നവർ ഒക്കെ കാണുകയുള്ളൂ…
ഇല്ലെങ്കിലോ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല….
” ഇതിപ്പോൾ കുടിച്ചും, വലിച്ചും ചാവാൻ നടക്കുന്നു….”
” ഹഹഹ മരണം….!!! “
ആശാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മരിച്ചവർ ആരും എന്താ ജീവിതത്തിലേക്ക് തിരിച്ചു വരാത്തത് എന്ന്?
മരണത്തെ എല്ലാവരും വെറുക്കുന്നു…. എന്നാലോ മരണത്തെ കണ്ടവരാരും ജീവിതം എന്ന വൃത്തികെട്ട അവസ്ഥയിലേക്ക് തിരിച്ചു വന്നിട്ടില്ല.
അതിന് കാരണം ഒന്നേയുള്ളൂ….
” മരണം ” അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല…!
” ദേ ചെറുക്കാ മോന്റെ പ്രായം ഉള്ളൂ എന്നൊന്നും നോക്കില്ല ഒരു കീറു തന്നാൽ ഉണ്ടല്ലോ…”
” ആശാൻ കലിപ്പിൽ ആണല്ലോ എന്തായാലും ഇത്രയൊക്കെ പറഞ്ഞത് എല്ലേ….
ഇങ്ങനെ ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല…..
ആതുകൊണ്ട തന്നെ അങ്ങനെ ഒരു കാലം വന്നാൽ, ജീവിതത്തോട് പ്രണയം തോന്നി തുടങ്ങിയാൽ , ഈ ലഹരിയിൽ നിന്ന് ജീവിതത്തോട് ഒരു ലഹരി തോന്നി തുടങ്ങിയാൽ ഞാൻ ആശാനേ ഓർക്കാം…