രചന : മധു നമ്പ്യാർ, മാതമംഗലം✍
കുംഭമാസത്തിലെ അശ്വതിനാളിൽ
സന്ധ്യാംബരത്തിന്റെ ഇളം ചൂടേറ്റു
ജാനകിതൻ തനയനായ് ചിരിതൂകി-
യിവനൊമ്പതാമനായ് ഈമണ്ണിൽ
അവതാരം പൂണ്ടതിന്നോർമ്മകൾ!
ഓർമ്മകൾ നിറഞ്ഞോരാ ബാല്യവും
കൗമാരക്കാഴ്ചകളും കണ്ടതിലേറെ
കൗതുകം നിറച്ചു കാലവും കുതിച്ചു
മറഞ്ഞുപോയ് തിരികേ വരാതവണ്ണം!
ജീവനോപാധിക്കായ് വീടു വിട്ടതും
വീണിടം വിഷ്ണുലോകംപോലെ
വാണൊരാ ബാംഗ്ലൂർ ഡെയ്‌സും
പിന്നേ മദിരാശിക്കു പോയതും.
മാതുലനോടൊത്ത് മാർക്കറ്റിങ്
തന്ത്രം പഠിച്ചതും പ്രയോഗിച്ചതും
ഇന്നലെപ്പോലെ കണ്മുന്നിലിങ്ങനെ
വന്നു മായുന്നു തിരക്കഥപോലെ!
അതിലെന്നും കൂട്ടത്തിൽ ഭേദമായ്
നായകവേഷവും സംവിധാനവും
ആടിതിമിർത്തതിലേറെ വിശേഷവും
സൗന്ദര്യവുമിന്നെവിടെ കൂട്ടരേ!
ചാരുതയുള്ളോരാ കൗമാരമല്ലോ
ഏറേയാശകൾ നിറഞ്ഞ മനസ്സാൽ
ഇന്നും തുടരുമീയാത്രയ്ക്കിത്രമേൽ
പ്രസരിപ്പും ഇന്ധനവുമേകിയതും!
ഇനിയും വരുംകാലമിങ്ങനെ ഭാവന
നിറയുമെന്നകതാരിൽ കവിതകൾ
കൂട്ടായ് സഞ്ചാരം തുടരണം രുചി-
യോടെ നുണയണമീ യൗവനവും!
പിന്നെയും പിന്നെയും മാറാപ്പ് പേറി-
യുള്ളോരീ യാത്രയിൽ പൂക്കളും പുഴു-
ക്കളുമുല്ലസിക്കുമീയാരാമത്തിലെ ചിന്ത-
കളെ ചേർത്തു പുൽകട്ടെ ഞാനാറടി
മണ്ണിന്നവകാശിയായ് മാറും വരെയും!