രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

വാടിവീണ പൂവെടുത്തൊരുമ്മനൽകിയക്കവി,
പാടിയാത്മ നൊമ്പരത്തൊടന്നൊരുറ്റഗീതകം!
ആ മഹത്വമാർന്ന ശീലുകൾക്കുമുന്നിലായിതാ,
സീമയറ്റുനിൽക്കയല്ലി മൻമനം സദാപിഹാ!
ജീവിതം നമുക്കുമുന്നിലായ് വരച്ചുകാട്ടിയ,
ഭാവചിത്രമാണതൊട്ടു ചിന്തചെയ്കിലൽഭുതം!
വേദസാരദീപ്തമായ് തെളിഞ്ഞിടുന്നതിപ്പൊഴും
സാദരം നമിച്ചുനിൽപ്പു,ഞാനതിന്റെ മുന്നിലായ്!
ഏതുകാല,മേതുദേശ,മേതു ഭാഷയാകിലും
ഖ്യാതിപൂണ്ടെഴേണ,മത്യഭൗമമാർന്നൊരാശയം
ആഴമാർന്ന വർണ്ണനകൾ കൊണ്ടലങ്കരിച്ചതി-
ന്നേഴഴകുമാർദ്രമായ് തെളിച്ചിടേണമഞ്ജസാ
ഭാവബന്ധുരാഭയാർന്നുകാൺമു,വീണപൂവിനെ;
കേവലത്വമല്ലതിന്റെ പിന്നിലുളെളാരാശയം!
ജീവിതത്തെയത്രകണ്ടു ബിംബകൽപ്പനകളാൽ,
ആ വിയത്തൊടൊപ്പമങ്ങുയർത്തിയാത്മനിഷ്ഠമായ്,
പാടിയേകസത്ത കൈവിടാതെയമ്മഹാകവി,
കാടുകേറിടാതെ നൈതികത്വബോധനങ്ങളാൽ!
ആയതിൻ മഹത്വമൊന്നു കണ്ടറിഞ്ഞിടാൻ ചിരം
ആയപോൽ നവാഗതർ,കവികളേമുതിർന്നിടൂ.

By ivayana