രചന : സജി കണ്ണമംഗലം ✍

ഏതോ ഒരു ചിത്രകാരൻ വരച്ച ഒരു മാനിന്റെ ചിത്രമാണിത്. അതിന്റെ കൊമ്പിൽ ഒരു ലോകം തന്നെ രൂപപ്പെട്ടിരിക്കുന്നു…!
മണ്ണുതിന്ന കണ്ണന്റെ വായ പരിശോധിച്ച യശോദയമ്മ കണ്ടത് അഥവാ കവി നമ്മെ കണ്ണന്റെ വായയ്ക്കുള്ളിൽ കാട്ടിത്തന്നത് മൂന്നുലോകങ്ങളും ഗോകുലവും എന്തിനേറെ … കണ്ണനേയുംകൂടെയാണ്.
ഒരു സാധരണ കാഴ്ച കവി നമുക്കുതരുമ്പോൾ ഇൗ മാനിന്റെ കൊമ്പുപോലെ, സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേയ്ക്ക് അത്ഭുതകരമായൊരു അവസ്ഥാന്തരത്തിലേയ്ക്ക്… നമ്മുടെ പ്രജ്ഞയെക്കൊണ്ടെത്തിക്കുന്ന ഇന്ദ്രജാലമാകുന്നു… നാം കവിതയിലിറങ്ങിക്കുളിക്കുന്നു, നീന്തുന്നു. ഒടുവിൽ കുളിച്ചുതോർത്തിയാലും ചില കവിതകൾ അതിന്റെ കുളിര് എന്നേയ്ക്കുമായി നമ്മിൽ അവശേഷിപ്പിക്കുന്നു.
റോഡിലൂടെ തിരക്കിട്ടുവണ്ടിയോടിച്ചുപോകുന്ന അൻസാരി ബഷീർ എന്നകവി നാമെല്ലാം കണ്ടിട്ടുള്ളതുപോലെ ഭക്ഷണശാലയ്ക്കുമുന്നിൽ കൊടും വെയിലത്ത് ബോർഡും പിടിച്ച് ആവശ്യക്കാരെക്കാത്തുനിൽക്കുന്നൊരു മനുഷ്യനെക്കണ്ടു…”പാതവക്കിൽ പാതി വെന്തൊരാൾ” എന്ന കവിത നമുക്കുകിട്ടി. സ്വന്തം ജീവിതത്തിൽ ആ പാതിവെന്ത മനുഷ്യനെക്കാൾ ഏറെ വെന്തതാകാം പ്രിയ കവി. എന്നാൽ അപരസ്നേഹത്തിൽ നിന്നും ഉടലെടുത്ത ആ കവിത … ഓരോ ഭക്ഷണശാലകളുടെ മുന്നിലെത്തുമ്പോഴും നമ്മോട് സംവദിക്കുന്നു.

പാതവക്കിൽ പാതിവെന്തൊരാൾ

ഉച്ചസൂര്യൻ തിളച്ചുനിന്നു,ച്ചിമേൽ
ഉഗ്രനൃത്തംചവിട്ടുന്ന വീഥിയിൽ
ഉച്ചയൂണുതന്നൂട്ടുവാൻ നിങ്ങളെ
പച്ചജീവിതംകൊണ്ടു ക്ഷണിപ്പൂ ഞാൻ!
പട്ടണത്തിലെ ഭക്ഷണശാലതൻ
മുഖ്യവാതിൽപ്രതിഷ്ഠയാകുന്നു ഞാൻ,
പാതവക്കിൽ ശ്വസിക്കുന്നൊരെന്ത്രമായ് !
ജീവനുള്ള വിളംബരപ്പലകയായ്!
വൃദ്ധനായി ഞാൻ, പണ്ടു സ്വപ്നങ്ങളെ
തൊട്ടു ദൃഷ്ടിമേൽ വെച്ചുപൂജിവച്ചൻ!
വിഡ്ഡിയാണ് ഞാൻ, സ്വപ്നവള്ളങ്ങളെ
കെട്ടിയിട്ടു തുഴഞ്ഞു ശീലിച്ചവൻ!
ചിട്ടതെറ്റി,പറക്കുന്ന വണ്ടികൾ
തൊട്ടുരുമ്മി ഭയപ്പെടുത്തുമ്പോഴും
ഉറ്റ ബന്ധുക്കൾ,ഉയിരിൻ തലപ്പുകൾ
പട്ടുപോകാതെ കാവൽനില്ക്കുന്നു ഞാൻ!
വറ്റുതേടുമെന്നുദരത്തെയവഗണി-
ച്ചുറ്റുനോക്കി ചിരിയ്ക്കുന്നിതാ ചിലർ!
മൃഷ്ടഭക്ഷണം തിന്നുശീലിച്ചവർ,
ശിഷ്ട,മെച്ചിലായ് കൊണ്ടുതള്ളുന്നവർ!
‘തുട്ടു’വീണു നിറഞ്ഞില്ല തൻ പണ-
പ്പെട്ടിയെന്നു, കലമ്പുന്ന തമ്പുരാൻ,
കുറ്റപത്രങ്ങൾ, ഉയിരിൻ വ്രണങ്ങളിൽ
കുത്തുവാക്കിൻ മുനമ്പുകൊണ്ടെഴുതുന്നു!
കെട്ടുറപ്പറ്റ ജീവിതച്ചൂളയിൽ
ഉറ്റവർക്കായെരിഞ്ഞുതീരുമ്പോഴും
നഷ്ടബോധം കനച്ചു,കല്ലിച്ചതാം
ദൃഷ്ടി, ചിമ്മാൻ മറന്നുപോകുന്നു ഞാൻ!
ഒന്നുമേയില്ല കർമ്മസിദ്ധികൾ
എന്ന സത്യം തിരിച്ചറിയുമ്പൊഴും!
അന്നമൂട്ടുന്നതെൻെറ ജന്മത്തിന്റെ
ഉന്നമെന്നു സമാശ്വസിക്കട്ടെ ഞാൻ !

അൻസാരി ബഷീർ –

എത്ര അനായാസമാണ് നട്ടുച്ചനേരത്തെ താപം നമ്മിൽ സന്നിവേശിപ്പിച്ചത്? പച്ചജീവിതം കൊടുംവെയിലത്തുപകരംവച്ച് ഉച്ചയൂണിനു നമ്മെക്ഷണിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം നമ്മുടെമുന്നിൽ വരച്ചിടുകയാണ്. അവസാനം വഴിപോക്കരുടെ പരിഹാസത്തിലും മുതലാളിയുടെ ശാസനത്തിലും മനസ്സുമരവിച്ചെങ്കിലും അന്നമൂട്ടുന്നതാണ് തന്റെ ഉന്നവും കർമ്മവുമെന്ന് ആ മനുഷ്യൻ സ്വയം ആശ്വസിക്കുമ്പോൾ ഹൃദയമുള്ള ആർക്കാണ് ഈ കവിതയെ നെഞ്ചിലേറ്റാൻ കഴിയാതിരിക്കുക?

By ivayana